Pages

Monday, June 5, 2017

ഇന്ന്, ജൂൺ5 പരിസ്ഥിതി ദിനം

ഇന്ന്, ജൂൺ5 പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം ഓര്‍മ്മപ്പെടുത്തുന്ന ദിനം . മനുഷ്യനെ പ്രകൃതിയിലേയ്ക്ക് അടുപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ച് പിടിയ്ക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും. ഹരിത മിഷന്റെ ആഭിമുഖ്യത്തിലാണ്  കേരളത്തിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വനം, പരിസ്ഥിതി, കൃഷി വകുപ്പുകളാണ് തൈകള്‍ ഒരുക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവ പരിപാടിയില്‍ പങ്കാളികളാവും. ഇന്ന് കേരളത്തിൽ ഒരു കോടി വൃക്ഷതൈകൾ നടുകയാണു.
നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന പാരസ്പര്യമാണ്‌ മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്നത്‌. വികസനമെന്ന പദമുയർത്തി പ്രകൃതിയെ കാൽക്കീഴിലിട്ടു ചവിട്ടിമെതിച്ചതിന്റെ ദുരന്തങ്ങളാണ്‌ നാം ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.പ്രകൃതി, സമാനതകളില്ലാത്ത ക്രൂരതകൾ ഏറ്റുവാങ്ങി തകർച്ചയുടെ ആഴങ്ങളിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഇക്കൊല്ലത്തെ പരിസ്ഥിതിദിനമെത്തുന്നത്‌. പ്രകൃതിയെ നശിപ്പിക്കുന്ന എല്ലാത്തിനോടും നമുക്ക്‌ എതിർപ്പ്‌ പ്രകടിപ്പിച്ചേ മതിയാവുകയുള്ളു.സുസ്ഥിര വികസനമെന്നത്‌ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലനവും പ്രപഞ്ചശക്തികളുടെ ശാസ്ത്രീയമായ വിലയിരുത്തലിലൂടെ സമഗ്രമായി മുന്നേറാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന  ഒരു ചലനപ്രക്രിയയാണ് .
നമ്മുടെകുളങ്ങളും നദികളും മരങ്ങളുമൊക്കെ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്ത ഭൂതകാലത്തിലേക്ക് ഒരു മടക്കയാത്രയുടെ സമയം അതിക്രമിച്ചിരിക്കുകയാണ്. സകല ജീവജാലങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണം കൂടിയേതീരൂ. .ജീവിത നിലനില്‍പിന് അനുപേക്ഷണീയമായ വായു, വെള്ളം ഇതൊക്കെ അമിതമായി ചൂഷണം ചെയ്യാതെ  വിശുദ്ധിയോടെ നാം വരുംതലമുറയ്ക്ക് കൈമാറുക തന്നെവേണം..നിരന്തരമായ ആഗോളതാപനത്തിലൂടെ ഓസോണ്‍ പാളികളിൽ  വിള്ളലുകൾ ഉണ്ടാവുകയും അതിലൂടെ കടന്നു വരുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍, മലിനമായ വെള്ളം, മലിനമായ  വായു, ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ ഇതെല്ലാം ചേര്‍ന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഭാവിതലമുറക്കെന്നല്ല നമുക്കുതന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്.പ്രകൃതി സംരക്ഷണത്തിനായ്‌ ജാതിമതഭേദംകൂടാതെ നമുക്ക് ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്


പ്രൊഫ്. ജോൺ കുരാക്കാർ

No comments: