Pages

Friday, May 26, 2017

ദുര്‍ഗന്ധം വമിക്കുന്ന നമ്മുടെ സർക്കാർ ആശുപത്രികൾ

ദുര്ഗന്ധം വമിക്കുന്ന നമ്മുടെ
സർക്കാർ ആശുപത്രികൾ

വൃത്തിഹീനമായ ശൗചാലയങ്ങള്‍, ദുര്‍ഗന്ധം വമിക്കുന്ന വാര്‍ഡുകള്‍,മാലിന്യം നിറഞ്ഞു കിടക്കുന്ന പരിസരം ,തുരുമ്പെടുത്ത ഉപകരണങ്ങൾ ,എന്നും അവധിയിലുള്ള   ഡോക്ടർമാർ ഇതാണ് നമ്മുടെ മിക്ക സർക്കാർ ആശുപത്രികളുടെയും  സ്ഥിതി .തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിത സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ടു ഞെട്ടിയ കാഴ്ചകൾ എല്ലാ സർക്കാർ ആശുപത്രികളുടെയും സ്ഥിതി തന്നെയാണ് .
സെക്രട്ടേറിയറ്റിന്‌ ഒരു വിളിപ്പാടകലെയാണ്‌ പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച ജനറൽ ആശുപത്രി. സംസ്ഥാന ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റും ദേശീയ ഗ്രാമീണാരോഗ്യപദ്ധതിയുടെ ആസ്ഥാനവും അതിനോടുചേർന്നു നിൽക്കുന്നു. എന്നിട്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ ആശുപത്രിയായ ജനറൽ ഹോസ്പിറ്റലിലെ സ്ഥിതിയിതാ ണങ്കിൽ  കേരളത്തിലെ മറ്റ് സർക്കാർ ആശുപത്രികളുടെ നില എത്ര ദയനീയമായിരിക്കും .ആത്മാർഥമായി ജോലിചെയ്യുന്ന അനേകം  ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും അവിടെയുണ്ടെങ്കിലും അവർക്കും പലപ്പോഴും ഒന്നും ചെയ്യാൻ കഴിയുന്നില്ല .

ആരോഗ്യമന്ത്രിതന്നെ നേരിട്ടുകണ്ടു ബോധ്യപ്പെട്ട വൃത്തിഹീനതകൾ പരിഹരിക്കാൻ  സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത് ?നമ്മുടെ പൊതുജനാരോഗ്യരംഗം നേരിടുന്ന ചില രോഗങ്ങളുടെ ബാഹ്യലക്ഷണങ്ങളാണ്‌ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കണ്ടത്‌. കേരളത്തിലെ മറ്റിടങ്ങളിലെ  സ്ഥിതിയും വ്യത്യസ്ഥമല്ല .സമചിത്തതയോടെ പരിഹാരമാർഗങ്ങളുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ്‌ ആവശ്യം. എന്തുകൊണ്ട്‌ ഇങ്ങനെ ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന്‌ ഉത്തരംകിട്ടണമെങ്കിൽ പ്രശ്നത്തിന്റെ നാനാവശങ്ങളും പരിശോധിക്കാൻ ആരോഗ്യവകുപ്പു തയ്യാറാകണം.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സഹായിക്കാൻ ആശുപത്രി വികസനസമിതികൾ സർക്കാർതന്നെ രൂപവത്‌കരിച്ചിട്ടുണ്ട്‌. ജനപ്രതിനിധികളും പൗരപ്രമുഖരുമൊക്കെയാണ്‌ അതിൽ ഭൂരിഭാഗം പേർ. പല ആശുപത്രിവികസനസമിതികളുടെയും അക്കൗണ്ടുകളിൽ വൻ തുകകളുമുണ്ട്‌. അവയുപയോഗിച്ച്‌ എന്തൊക്കെ വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന കാര്യം ആരോഗ്യവകുപ്പ്‌ അടിയന്തരമായി പരിശോധിക്കണം. രാഷ്ട്രീയതാത്‌പര്യങ്ങളും സമ്മർദങ്ങളും പല വികസനസമിതികളെയും നിർജീവമാക്കി നിർത്തിയിരിക്കുന്നുവെന്നതാണ്‌ വാസ്തവം.
ജനപ്രതിനിധികൾ തങ്ങളുടെ മണ്ഡലങ്ങളിലെ സർക്കാർ ആശുപത്രികളിൾ ഇടയ്ക്കൊക്കെ സന്ദർശിക്കുകയും പരിഹരിക്കാവുന്ന പ്രശ്‍നങ്ങൾ പരിഹരിക്കുകയും ചെയ്യണം .സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ സ്ഥലത്തെ റെസിഡന്റസ് അസോസിയേഷനുകൾ  തുടങ്ങിയ  സർക്കാർ ആശുപത്രികൾ സന്ദർശിക്കുകയും  ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യുകയും വേണം .കേരളത്തിൽ മഴക്കാലം വരവായി .പലതരം പകർച്ചവ്യാധികളാൽ കേരളീയർ പനിച്ചുവിറയ്ക്കുന്ന കാലമാണിത്‌. മാലിന്യസംസ്കരണത്തിലുള്ള ഉദാസീനത മൂലംവരുത്തിവയ്ക്കുന്നതുമായ പകർച്ചവ്യാധികളെ നേരിടാൻ, സമൂഹത്തിലെ ബഹുഭൂരിപക്ഷമായ സാധാരണക്കാർക്ക്‌ സർക്കാർ ആശുപത്രികളാണു ശരണം. സർക്കാർ ആശുപത്രികളെ പവിത്രമായി നിലനിർത്തേണ്ടത് സമൂഹത്തിൻറെ കടമയാണ് .ദൈവത്തിൻറെ സ്വന്തം നാട്ടിലെ ആശുപത്രികളെ  ശക്തിപെടുത്താൻ  സർക്കാരും  എല്ലാവിഭാഗം ജനങ്ങളും ഒന്നിക്കണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: