Pages

Friday, January 27, 2017

വരാൻ കൊടും വരൾച്ചയെ സർക്കാർ എങ്ങനെ നേരിടും?

വരാൻ കൊടും വരൾച്ചയെ
സർക്കാർ എങ്ങനെ നേരിടും?

കേരളം വരൾച്ചയയെ  നേരിടാൻ പോകുന്നു,കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട  സ്ഥിതിയാണുള്ളത്.കിണറുകൾ പലതും വറ്റിക്കഴിഞ്ഞു ,  നദികളുടേയും മറ്റ്‌ ജലാശയങ്ങളുടേയും ജലനിരപ്പ്‌ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജനുവരി മാസം തന്നെ അവശേഷിക്കുന്ന ജലം 42 ശതമാനമാണ്‌. കടുത്ത വേനൽ ഉണ്ടാകാൻ പോകുന്ന മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലെ കേരളത്തിന്റെ അവസ്ഥ  അതിദയനീയമായിരിക്കും .ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇത്തവണ കടുത്ത വേനൽ നേരിടുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ മൂന്നാര്റിയിപ്പ്‌ നൽകിയിരുന്നു. കേരളത്തിന്‌ പുറമേ കർണാടക, തമിഴ്‌നാട്‌, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ മഴയുടെ അളവിൽ ഗണ്യമായ കുറവ്‌ അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഫലമായി ആ സംസ്ഥാനങ്ങളിലും കടുത്ത ജലക്ഷാമം അനുഭവപ്പെടും. കാലവർഷത്തിൽ വന്ന വ്യതിയാനം ദക്ഷിണഭാരതത്തിൻറെ  സമ്പദ്ഘടനയെക്കൂടി തകർത്തുകൊണ്ടിരിക്കുന്നു.
 കേരളം ഉപഭോക്തൃ സംസ്ഥാനമെന്നത്‌ കൊണ്ടുതന്നെ അയൽ സംസ്ഥാനങ്ങളിൽ കൃഷിയിലുണ്ടായ തകർച്ച സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അരിയും പഴം, പച്ചക്കറി വർഗങ്ങളും കേരളത്തിലേയ്ക്ക്‌ കൂടുതലായി എത്തുന്നത്‌ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്‌. ഇപ്പോൾതന്നെ കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരിൽ ധാന്യവിഹിതം വെട്ടിക്കുറച്ചതിന്റെ പ്രതിസന്ധി മറികടക്കാൻ  കേരളത്തിനു കഴിഞ്ഞിട്ടില്ല .വിലക്കയറ്റം തടയുന്നതിന്‌ ധാന്യങ്ങളും അരിയും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങി  ഇപ്പോഴേ സൂക്ഷിച്ചില്ലെങ്കിൽ സംസ്ഥാനം കൂടുതൽ പ്രതിസന്ധി ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ അഭിമുഖീകരിക്കേണ്ടിവരും. കുടിവെള്ളം എത്തിക്കാൻ സർക്കാരിന് കർമ്മപദ്ധതികൾ  ഇപ്പോഴേ തയാറാക്കേണ്ടിവരും .. കുടിവെള്ളത്തിനും വൈദ്യുതിക്കും ക്ഷാമം നേരിടുന്നതോടെ സംസ്ഥാനത്തിന്റെ സാമൂഹ്യാവസ്ഥയും സാമ്പത്തികാവസ്ഥയും  വെല്ലുവിളികളെ നേരിടേണ്ടിവരും .
 ഇപ്പോൾതന്നെ സംസ്ഥാനത്തെ 142 പഞ്ചായത്തുകളിൽ രൂക്ഷമായ ജലക്ഷാമം നേരിട്ടുതുടങ്ങിക്കഴിഞ്ഞു. കുടിവെള്ളക്ഷാമവും കൃഷിനാശവും ഇവയ്ക്ക്‌ പുറമേയുണ്ട്‌. കേന്ദ്രസർക്കാരിൻറെ  സഹായം അനിവാര്യമാണ് . ജലക്ഷാമം നേരിടാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയാറാകണം  ദീർഘകാലാടിസ്ഥാനത്തിൽ  കേരളത്തിൽ കർമ്മപരിപാടികൾ തയാറാക്കണം .കേരളത്തിന്റെ ഭൂപ്രകൃതിയുടെ കിടപ്പിന്റെ പ്രത്യേകതകൊണ്ട്‌ മഴവെള്ളം പൂർണമായും ഒഴുകി കടലിലേയ്ക്ക്‌ പോകുന്ന അവസ്ഥയാണുള്ളത്‌. മഴവെള്ള സംഭരണികളും തടയണകളും ബണ്ടുകളും യുദ്ധകാലാടിസ്ഥാനത്തിൽ കെട്ടിപ്പൊക്കേണ്ടതുണ്ട്‌. അവശേഷിക്കുന്ന തണ്ണീർത്തടങ്ങളും വയലുകളും നികത്തപ്പെടാതെ നോക്കണം. കൂടുതൽ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കണം. പാറപൊട്ടിച്ച്‌ കുന്ന്‌ ഇടിച്ച്‌ നിരത്തുന്നത്‌ തടയണം. മണൽ വാരി നദികളെ ശോഷിപ്പിക്കുന്ന നടപടി അനുവദിക്കരുത്‌.  ഉറവകളും ഊറ്റുകളും മണ്ണിൽ സാധ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ദുരന്തനിവാരണമെന്ന പ്രക്രിയ ആവർത്തിച്ചുകൊണ്ടിരിക്കേണ്ടിവരും. ജലക്ഷാമം നേരിടാൻ തയാറാകേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: