Pages

Sunday, January 15, 2017

വിദ്യാഭ്യാസ കച്ചവടക്കാരെ നിലയ്ക്കു നിർത്തണം

വിദ്യാഭ്യാസ കച്ചവടക്കാരെ നിലയ്ക്കു നിർത്തണം

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവടസ്ഥാപനങ്ങളായിട്ട്  വർഷങ്ങളേറെയായി . തൃശൂര്‍ ജില്ലയിലെ പാമ്പാടി  എന്‍ജിനിയറിങ്  കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം, ഈ സംശയം വർദ്ധിപ്പിച്ചിരിക്കുന്നു . കൂടുതൽ അര്‍ഹരായ  കുട്ടികൾക്ക് അവസരം ലഭിക്കുന്നതിനുവേണ്ടിയാണ്  "രണ്ട് സ്വാശ്രയ കോളേജ്   സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന രീതിയിൽ   ഒന്നരപ്പതിറ്റാണ്ട് മുമ്പ്  എ കെ ആന്റണി സ്വാശ്രയ കോളേജുകൾ ആരംഭിച്ചത് .അദ്ദേഹത്തിന്റെ ലക്ഷ്യബോധത്തെ ചില രാഷ്രീയ നേതാക്കളും വിദ്യാഭ്യാസകച്ചവടക്കാരും  ചേർന്ന് ഇല്ലാതാക്കി
സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാതിരിക്കുക, നിയന്ത്രണത്തിന് വിധേയരാകാതിരിക്കുക, പ്രവേശനമാനദണ്ഡങ്ങള്‍ ലംഘിക്കുക, പ്രവേശനത്തിന് തലവരിപ്പണം നിയമത്തെ വെട്ടിച്ച് ഈടാക്കുക, തോന്നിയപോലെ ഫീസ് വാങ്ങുക, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മിനിമം ആനുകൂല്യങ്ങള്‍പോലും നല്‍കാതെ തട്ടിപ്പു നടത്തുക, അക്കാദമിക് കാര്യങ്ങളില്‍ കൃത്രിമം കാണിക്കുക, അയോഗ്യരെ അദ്ധ്യാപക ചുമതല ഏല്‍പ്പിക്കുക, ഉയർന്ന റിസൾട്ട് കാണിക്കാൻ വേണ്ടി പരീക്ഷകളിൽ ക്രമക്കേടുകാണിക്കുക തുടങ്ങിപലതും   പല സ്വാശ്രയ കോളേജ് കളുടെയും  മുഖമുദ്രയാണ് . നല്ല നിലയില്‍നടക്കുന്ന സ്ഥാപനങ്ങളുടെ യശസ്സുപോലും ദുഷ്പ്രവണതകളുടെ ഈ തള്ളിക്കയറ്റത്തില്‍ വിസ്മരിക്കപ്പെടുന്നു. പുത്തന്‍ വ്യവസായങ്ങളില്‍' ഏറ്റവും ലാഭകരമായ   വ്യവസായമായി വിദ്യാഭ്യാസ മേഖല ഇന്ന് മാറിക്കഴിഞ്ഞു .വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെ കച്ചവടത്തിനായി നടത്തുന്ന സ്ഥാപനങ്ങളെ  രക്ഷിതാക്കളും  പൊതുജനവും ഉപേക്ഷിക്കണം.വിശാലമായ ബഹുജനമുന്നേറ്റമാണ് അനീതിയും അതിക്രമവും അവസാനിപ്പിക്കാന്‍വേണ്ടത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: