Pages

Sunday, January 15, 2017

ഹിന്ദുമതത്തിന്റെ അന്തസ്സത്ത ബഹുസ്വരത

ഹിന്ദുമതത്തിന്റെ അന്തസ്സത്ത 
ബഹുസ്വരത
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതങ്ങളില്‍ ഒന്നാണ് ഹിന്ദുമതം-ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ജനിച്ചുവളര്‍ന്ന മതം. പക്ഷേ, മറ്റു സാമ്പ്രദായിക മതങ്ങളില്‍നിന്ന് അത് ഏറെ വ്യത്യസ്തമാണ്. ഒന്നാമത്, ആ മതത്തിനുണ്ടെന്നു നാം കരുതുന്ന പഴക്കമൊന്നും 'ഹിന്ദു' എന്ന പേരിനില്ല. ഹിന്ദുക്കള്‍ പാരമ്പര്യം അവകാശപ്പെടുന്ന ഋഗ്വേദാദി വേദങ്ങളിലോ രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലോ ഭാഗവതാദി പുരാണങ്ങളിലോ മനുസ്മൃതി തൊട്ടുള്ള ധര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലോ അതുപോലുള്ള മറ്റു പ്രാചീന സംസ്കൃത കൃതികളിലോ ഹിന്ദു എന്ന പരാമര്‍ശം പോലുമില്ല. സ്വാമി വിവേകാനന്ദന്‍ ഇതേക്കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം:
'വേദത്തില്‍ സിന്ധുനദിക്ക് സിന്ധു, ഇന്ദു എന്ന രണ്ടുപേരും പറഞ്ഞുകാണുന്നുണ്ട്. പേഴ്സ്യക്കാരുടെ നാക്കില്‍ അത് ഹിന്ദുവായി. ഗ്രീക്കുകാര്‍ ഇന്‍ഡൂസ് ആക്കി. അന്നുതൊട്ട് ഇന്‍ഡ്യ, ഇന്ത്യന്‍ എന്നെല്ലാമായി. ഇസ്ളാം മതത്തിന്റെ ഉയര്‍ച്ചയോടുകൂടി ഹിന്ദുപദത്തിന് കറുത്തവന്‍ (നികൃഷ്ടന്‍) എന്ന് അര്‍ഥമായി. ഇന്ന് (ബ്രിട്ടീഷ് ഭരണകാലത്ത്) എങ്ങനെ ഹിന്ദു നേറ്റീവായോ അതുപോലെ.'’(വിവേകാനന്ദ സാഹിത്യസര്‍വസ്വം, 7. പേജ് 371)
ആദ്യകാലത്ത് ഹിന്ദുശബ്ദം ഈ രാജ്യത്തെയും ഇതിലെ നിവാസികളെയും കുറിക്കുന്നതായിരുന്നു. പിന്നീട് പത്താം നൂറ്റാണ്ടോടെ അത് മതത്തെയും സൂചിപ്പിച്ച് തുടങ്ങി. ബ്രിട്ടീഷുകാരുടെ കാലത്ത് മതത്തെ മാത്രം നിര്‍ദേശിച്ചുകൊണ്ട് അത് വ്യാപകമായ പ്രചാരം നേടി.
ഇസ്ളാം മതത്തെയോ ക്രിസ്തുമതത്തെയോ പോലുള്ള ഒരു മതമല്ല ഹിന്ദുമതം. അതിന് ഒരിക്കലും ഒരു സംഘടിതസ്വഭാവമുണ്ടായിട്ടില്ല. ആ മതത്തില്‍പ്പെട്ടവരെല്ലാം അംഗീകരിക്കുന്ന ഒരു സ്ഥാപകനോ പ്രവാചകനോ, അവരെല്ലാം പ്രാമാണികമായി കണക്കാക്കുന്ന ഒരു മതഗ്രന്ഥമോ, അവരെല്ലാം ഒരുപോലെ നിര്‍വഹിക്കുന്ന ഒരാചാരാനുഷ്ഠാന കര്‍മമോ ഇല്ല. മുഹമ്മദുനബി, ഖുറാന്‍, നമസ്കാരകര്‍മം എന്നിവ ഇസ്ളാം മതത്തിനും യേശുക്രിസ്തു, ബൈബിള്‍, കുര്‍ബാന എന്നിവ ക്രിസ്തുമതത്തിനും ഉള്ളതുപോലെ. വൈദിക ഋഷികള്‍, ശങ്കരാചാര്യന്മാര്‍ മുതലായവരെല്ലാം ഹിന്ദുക്കളില്‍ ചിലര്‍ക്ക് ആചാര്യന്മാരാണ്. ആദിമനിവാസി സംസ്കാരത്തിലെ പല ഘടകങ്ങളും ഹിന്ദുമതത്തില്‍ ഇന്നും നിലനില്‍ക്കുന്നതുകൊണ്ട് അതിന്റെ സ്ഥാപകത്വം ആദിമ നിവാസിയില്‍ വരെ കണ്ടെത്താം. വൈദിക ബ്രാഹ്മണമതവും പൌരാണിക ഹിന്ദുമതവും ആധുനിക കാലത്തെ വിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും മതവും ഹിന്ദുമതത്തിന്റെ ഭാഗങ്ങള്‍ തന്നെ. ഇവയില്‍ വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവയിലെല്ലാം വൈരുധ്യങ്ങളും വൈവിധ്യങ്ങളും വൈചിത്യ്രങ്ങളും ധാരാളം. ആദിമ നിവാസിസംസ്കാരത്തില്‍ വൃക്ഷാരാധന, നാഗാരാധന മുതലായവ കാണാം. വൈദികമതത്തിന്റെ, കൃത്യമായി പറഞ്ഞാല്‍, പില്‍ക്കാല വൈദികമതത്തിന്റെ പ്രത്യേകതകള്‍ ചാതുര്‍ വര്‍ണ്യവും യജ്ഞസംസ്കാരവുമാണ്. അതിന്റെ ഭാഗമായ ഉപനിഷദ്ദര്‍ശനത്തില്‍ ബ്രഹ്മദര്‍ശനം പ്രധാനമാണ്. വിഗ്രഹാരാധനയോ ക്ഷേത്രസംസ്കാരമോ വൈദികമതത്തിന് അത്ര പരിചിതമായിരുന്നില്ല. പൌരാണിക ഹിന്ദുമതത്തില്‍ അഥവാ മധ്യകാല ഹിന്ദുമതത്തില്‍ ജാതിവ്യവസ്ഥയും ജന്മിസമ്പ്രദായവും നാടുവാഴിത്ത (രാജാധിപത്യ)വും ക്ഷേത്രകേന്ദ്രിത സംസ്കാരവും കാണാം. അക്കാലത്ത് വളര്‍ന്നുവന്ന ദര്‍ശനങ്ങളില്‍ ഭൌതികവാദവും ആശയ (ആത്മീയ)വാദവും നിരീശ്വരവാദവും ഈശ്വരവാദവും കേവലവാദവും വൈരുധ്യവാദവും ഒരുപോലെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ശൈവം, വൈഷ്ണവം, ശാക്തേയം എന്ന് ഈശ്വരവാദത്തില്‍ത്തന്നെ മൂന്ന് മുഖ്യധാരകള്‍ പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഇവ ഏറെക്കുറെ പരസ്പരവിരുദ്ധങ്ങളെന്ന് പ്രസിദ്ധം. സവര്‍ണക്ഷേത്ര കേന്ദ്രിത സംസ്കാരത്തിനു സമാന്തരമായി താഴ്ന്ന ജാതിക്കാരെന്ന് കരുതിപ്പോന്നവരുടെ കാവ്, കോട്ടം, പള്ളിയറ മുതലായ ദേവാലയങ്ങള്‍ ജനകീയ സംസ്കാരത്തിന്റെ കേന്ദ്രങ്ങളായി വളര്‍ന്നുവന്നതു കാണാം. വിവേകാനന്ദന്റെയും നാരായണഗുരുവിന്റെയും ഹിന്ദുമതസങ്കല്‍പ്പം മതതുല്യതാ വാദത്തെ അംഗീകരിച്ചു കൊണ്ടുള്ളതത്രേ.
വിവേകാനന്ദന്‍  ഹിന്ദുമതവും വേദാന്തവും അഭിന്നമെന്ന നിലയില്‍ പലപ്പോഴും പരാമര്‍ശിക്കുന്നുണ്ട്. വേദാന്തമെന്തെന്ന് അദ്ദേഹം വിശദമാക്കുന്നതു നോക്കുക: വേദാന്തം ഒരു വിസ്തീര്‍ണ സമുദ്രമാണ്. അതിനുമേലെ ഗംഭീര യുദ്ധക്കപ്പലിനും ചെറിയ കേവുവള്ളത്തിനും അടുത്തടുത്തു കിടക്കാം. അതിനാല്‍ വേദാന്തത്തില്‍ ഒരു മഹായോഗിക്ക് ഒരു വിഗ്രഹാരാധകന്റെയോ ഒരു നാസ്തികന്റെ തന്നെയോ കൂടെ ജീവിക്കാം. അത്രമാത്രമല്ല, വേദാന്തത്തില്‍ ഹിന്ദുവും മുഹമ്മദീയനും ക്രിസ്ത്യാനിയും പാഴ്സിയും എല്ലാം ഒന്നുതന്നെ. എല്ലാവരും സര്‍വശക്തനായ ഈശ്വരന്റെ അരുമക്കിടാങ്ങള്‍.’(വിവേകാനന്ദ സാഹിത്യസര്‍വസ്വം, 4. പേജ് 540)
ഈശ്വരസംബന്ധിയായി മാത്രം മൂന്നു ധാരകള്‍ ഹിന്ദുമതത്തിലുണ്ട്-ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, നിരീശ്വരവാദം. ഇതില്‍ ഏക ദൈവവിശ്വാസികള്‍ക്ക് ഈശ്വരന്‍ സര്‍വ വ്യാപിയും സര്‍വശക്തനും സര്‍വജ്ഞനുമാണ്. അവര്‍ക്ക് ക്ഷേത്രത്തോട് വിരോധമോ ഔദാസീന്യമെങ്കിലുമോ ആണുള്ളത്. ബഹുദൈവവിശ്വാസികള്‍ വിഗ്രഹാരാധകരാണ്. അവര്‍ക്ക് ക്ഷേത്രം വേണം. പക്ഷേ, ക്ഷേത്രം നിത്യജീവിതത്തിന്റെ ഭാഗമായിക്കൊള്ളണമെന്നില്ല. വിശേഷ ദിവസങ്ങളില്‍ മാത്രം ക്ഷേത്രം സന്ദര്‍ശിക്കുന്നവരാണ് ബഹുഭൂരിപക്ഷം. കപിലന്‍, കണാദന്‍, ബൃഹസ്പതി മുതലായ ഋഷിമാര്‍ സാംഖ്യം, വൈശേഷികം, ലോകായതം (ചാര്‍വാകം) എന്നീ ദര്‍ശനങ്ങളിലൂടെ ഭൌതികവാദം പ്രചരിപ്പിച്ച നിരീശ്വരവാദികളാണ്. ഇന്നും ഹിന്ദുമതത്തില്‍ ഈ വൈരുധ്യം തുടരുന്നു. ഈ വൈവിധ്യപൂര്‍ണതയാണ്  അഥവാ ബഹുസ്വരതയാണ് ഹിന്ദുമതത്തിന്റെ അന്തസ്സത്ത. വിവേകാനന്ദന്‍ പറയുന്നതിങ്ങനെ: “ശാസ്ത്രത്തിന്റെ പുതുപുത്തന്‍ കണ്ടുപിടിത്തങ്ങള്‍ യാതൊന്നിന്റെ പ്രതിധ്വനികളെപ്പോലെ തോന്നുന്നുവോ വേദാന്തദര്‍ശനത്തിന്റെ ആ ആധ്യാത്മികോഡ്ഡയനങ്ങള്‍മുതല്‍, വിഗ്രഹാരാധനയുടെ-അതിന്റെ നാനാവിധങ്ങളായ പഴങ്കഥകളടക്കം-ഏറ്റവും ഹീനങ്ങളായ ആശയങ്ങളും ബൌദ്ധരുടെ ദുര്‍വിജ്ഞേയ വാദവും ജൈനരുടെ നിരീശ്വരവാദവും വരെ, ഓരോന്നിനും എല്ലാത്തിനും, ഹിന്ദുവിന്റെ ധര്‍മത്തില്‍ സ്ഥാനമുണ്ട്. (വിവേകാനന്ദ സാഹിത്യസര്‍വസ്വം, 4. പേജ് 123). ബൌദ്ധ ജൈനമതങ്ങള്‍ ക്രമേണ നിര്‍ജീവമാകുകയും ഹിന്ദുമതത്തിന്റെ ഭാഗമാകുകയും ചെയ്തു എന്നാണ് വിവേകാനന്ദന്റെ വിവക്ഷിതം.
“ഹിന്ദുക്കളായ ഞങ്ങളെ സംബന്ധിച്ചാകട്ടെ, സിദ്ധാന്തത്തിനു മുക്തിയുമായി ഒരു ബന്ധവുമില്ല. ഓരോരുത്തനും അവനവനിഷ്ടമുള്ള ഏതു സിദ്ധാന്തത്തിലും വിശ്വസിക്കാം. അല്ലെങ്കില്‍ ഒന്നിലും വിശ്വസിക്കാതിരിക്കാം.’(വിവേകാനന്ദ സാഹിത്യസര്‍വസ്വം, 4. പേജ് 65) എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.
ഒരു മതം’എന്ന പദം വിവരിക്കവെ ശ്രീനാരായണഗുരു ഹിന്ദുമതം അനേകമത സമാഹാരമാണെന്നു പറഞ്ഞത് ശ്രദ്ധേയമാണ്: വൈദികമതം, പൌരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായിരിക്കുന്ന അനേക മതങ്ങള്‍ക്ക് എല്ലാത്തിനുംകൂടി ഹിന്ദുമതം എന്ന പൊതുപ്പേര് പറയുന്നത് യുക്തിഹീനമല്ലെങ്കില്‍ ... (എം കെ സാനു, നാരായണഗുരുസ്വാമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം. കോട്ടയം, പേജ് 473)

ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദഗുരുദേവനും വിഗ്രഹാരാധന ഹിന്ദുമതത്തിലെ അനാചാരമാണെന്ന് പ്രചരിപ്പിച്ചവരാണ്. വിവേകാനന്ദനും നാരായണഗുരുവും ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദനുമെല്ലാം ജാതിവ്യവസ്ഥയെ എതിര്‍ത്തിട്ടുണ്ട്. ഈ രണ്ടിനെയും അനുകൂലിക്കുന്ന ആചാര്യന്മാരും ഹിന്ദുമതത്തിലുണ്ട്. അങ്ങനെ ഹിന്ദുമതം ആചാര-വിശ്വാസാ-നുഷ്ഠാനാദികളില്‍ സൈദ്ധാന്തികവും പ്രായോഗികവുമായ അഭിപ്രായവ്യത്യാസങ്ങളുടെ വേദിയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന വിവരണമര്‍ഹിക്കുന്ന, മതനിരപേക്ഷമായ മതം എന്നു വിശേഷിപ്പിക്കാവുന്ന, ഒരു പ്രതിഭാസമാണ് ഹിന്ദുമതം. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ ഈ വിശാലമായ ഹിന്ദുമതത്തില്‍ ജനിച്ചുവളര്‍ന്നവരത്രേ. ഇസ്ളാം-ക്രിസ്തു-സിഖാദികളായ മറ്റു മതങ്ങളുമായി സഹവര്‍ത്തിക്കുന്നതില്‍ ഈ മതം എന്നും ഉത്സാഹം പ്രദര്‍ശിപ്പിച്ചിട്ടേ ഉള്ളൂ.

Prof. John Kurakar

No comments: