Pages

Thursday, January 5, 2017

സ്വാശ്രയ എൻജിനീയറിങ് കോളേജുകൾ  സർക്കാരിൻറെ
പൂർണ നിയന്ത്രണത്തിൽ മാത്രം പ്രവർത്തിക്കണം

തൊഴിലില്ലായ്മ രൂക്ഷമാക്കാൻ വേണ്ടി എന്തിന് ഇത്രയധികം സ്വാശ്രയ എൻജിനീയറിങ്‌ കോളേജുകൾ.ഭീമമായ തുക നൽകി മതിയായ യോഗ്യതയില്ലാത്ത വിദ്യാർഥികൾ പ്രവേശനം നേടുന്നു . ബഹുഭൂരിപക്ഷത്തിനും  ജയിക്കാൻ പോലും കഴിയുന്നില്ല .കടമെടുത്ത പണം തിരിച്ചടക്കാൻ കഴിയാതെ  ഉഴലുന്ന രക്ഷിതാക്കളും കുട്ടികളും ധാരാളം . മിടുക്കർക്കുപോലും ജോലിക്കാവസമില്ല .കഴിവുള്ള അധ്യാപകരെ സ്വാശ്രയ എൻജിനീയറിങ്‌ കോളേജുകൾക്ക് ആവശ്യമില്ല , ശമ്പളം  അതിദയനീയം തന്നെ . കോളേജ് നടത്തികൊണ്ടുപോകാൻ പലർക്കും കഴിയുന്നില്ല . യോഗ്യതയുള്ള കുട്ടികളെ  തങ്ങളുടെ  കോളേജിൽ  പഠിക്കാൻ കിട്ടുന്നില്ല .പ്രവേശനത്തിൽ  പരക്കെ അപാകത കണ്ടെത്തിയിരിക്കുകയാണ് . കേരളത്തിലെ 163 എൻജിനീയറിങ്‌ കോളജുകളിൽ 121 എണ്ണം സ്വകാര്യ സ്വാശ്രയ കോളജുകളാണ്‌. സ്വാശ്രയ കോളജുകൾ ഉൾപ്പെടെ എല്ലാ കോളജുകളിലുമായി 63,300 ൽപരം ബിരുദപഠന സീറ്റുകളാണ്‌ ലഭ്യമായിട്ടുള്ളത്‌. കഴിഞ്ഞ നിരവധി വർഷങ്ങളിലെ കണക്കുകൾ കാണിക്കുന്നത്‌ ഈ സീറ്റുകളിൽ പൂർണമായി പ്രവേശനം നടക്കാറില്ലെന്നാണ്‌. നല്ലൊരു ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്‌ പതിവാണ്‌.

 സ്വാശ്രയ എൻജിനീയറിങ്‌ കോളജുകൾക്ക്‌ സർക്കാർ ശരിയായ നിയന്ത്രണവും മാനദണ്ഡവും  പരിശോധനയും ക്രമമായി  നടത്തിയില്ലെങ്കിൽ  ഇവ നാടിന് ഒരു തീരാശാപമായി മാറും .ഒരു കച്ചവട സംരംഭം എന്ന നിലയിൽ മാറികഴിഞ്ഞു .ഇന്നത്തെ  നില തുടർന്നാൽ  കേരളത്തിന്റെ എൻജിനീയറിങ്‌ വിദ്യാഭ്യാസത്തെപ്പറ്റി രാജ്യത്തിനകത്തും പുറത്തും ഒന്നുപോലെ അവമതിപ്പിന്‌ കാരണമാകും .നല്ല  കോളേജുകളിൽ നിന്ന് പഠിക്കുന്ന  മിടുക്കരായ കുട്ടികളെയും ഇത് സാരമായി ബാധിക്കും . കാമ്പസ്‌ റിക്രൂട്ട്മെന്റ്‌ അടക്കം രാജ്യത്തിനകത്തും പുറത്തും കേരളത്തിൽ നിന്നുള്ള എൻജിനീയറിങ്‌ ബിരുദധാരികളുടെ തൊഴിൽസാധ്യതയ്ക്ക്‌ ഇപ്പോൾ തന്നെ മങ്ങലേൽപ്പിച്ചിട്ടുണ്ട്‌. ഈ ദുസ്ഥിതിയകറ്റാൻ സർക്കാർ  സത്വര നടപടി സ്വീകരിച്ചേ മതിയാവു. നിലവാരമില്ലാത്ത  കോളേജുകൾ  നിർത്തി  മറ്റ് സ്ഥാപനങ്ങളാക്കി  മാറ്റാൻ പ്രോത്സാഹിപ്പിക്കണം .

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളും കച്ചവട താൽപര്യങ്ങളുമാണ്‌  നമ്മുടെ സ്വാശ്രയ വിദ്യാഭ്യാസത്തെ ഇത്രയധികം നശിപ്പിച്ചത് .യഥാസമയം പ്രവേശനം നടത്തി ക്ലാസുകൾ ആരംഭിക്കാൻ  കേരളത്തിനു കഴിയാത്തതാണ് മികവുള്ള വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാൻ ഇടയാക്കുന്നത് . സ്വാശ്രയ എൻജിനീയറിങ്‌ കോളേജുകളിൽ  അദ്ധ്യാപകരെ  നിയമിക്കുന്ന കാര്യത്തിലും  അവരുടെ  സേവനവേതന കാര്യങ്ങളിലും  സർക്കാരിൻറെ  സജീവ ഇടപെടലുകൾ  അനിവാര്യമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: