Pages

Friday, October 11, 2013

ആന്ധ്രയില്‍ ശാശ്വത സമാധാനം വളരെ അകലെ

              ആന്ധ്രയില്‍ ശാശ്വത സമാധാനം

                           വളരെ  അകലെ 

               സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന തെലങ്കാനക്കാരെ പൊതുധാരയിലെത്തിക്കുന്നതിന് പ്രത്യേക സംസ്ഥാനം രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് 2004-ലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ഔദ്യോഗികാംഗീകാരം കിട്ടിയത് 2009 ഡിസംബറിലും. പുതിയ സംസ്ഥാനം രൂപവത്കരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം പാര്‍ലമെന്റില്‍ അറിയിക്കുകയായിരുന്നു. പോയ നാലുവര്‍ഷവും ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാര്‍, ലോക്‌സഭാതിരഞ്ഞെടുപ്പ് മാസങ്ങള്‍ക്കകലെ എത്തിനില്‍ക്കുമ്പോള്‍, വിഭജനതീരുമാനമെടുത്തത് വിവാദത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയതില്‍ അത്ഭുതമില്ല. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പോലും അതിരൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരും എം.പി.മാരും രാജിവെക്കുന്നു. തെരുവുകളില്‍ കത്തിപ്പടരുന്ന പ്രക്ഷോഭം ജനജീവിതം ദുസ്സഹമാക്കിക്കഴിഞ്ഞു. വൈദ്യുതി സ്തംഭിച്ചത്മൂലം ആസ്​പത്രികളടക്കമുള്ള അവശ്യസര്‍വീസുകള്‍ താറുമാറായിരിക്കുന്നു. താന്‍ മുഖ്യമന്ത്രിയായി തുടരുന്ന കാലത്തോളം വിഭജനം അനുവദിക്കില്ലെന്ന നിലപാട്, പണിമുടക്ക് തുടരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കിരണ്‍കുമാര്‍ റെഡ്ഡി ആവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ നിലപാടില്‍ ഒട്ടും മാറ്റമില്ല എന്നതിന്റെ തെളിവായി കണക്കാക്കണം. സീമാന്ധ്ര മേഖലയിലെ വന്‍പ്രക്ഷോഭങ്ങള്‍ മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍, അവശ്യസേവന നിയമം (എസ്മ) നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കേന്ദ്രസംസ്ഥാനസര്‍ക്കാറുകളോട് ആവശ്യപ്പെടുന്നതുവരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

തെലുങ്കുദേശത്തിന്റെ ചന്ദ്രബാബു നായിഡുവും വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സിന്റെ ജഗന്‍മോഹന്‍ റെഡ്ഡിയും പ്രക്ഷോഭത്തിന്റെ നേട്ടം കൊയ്യാന്‍ നിരാഹാരത്തിന് മുതിര്‍ന്നതും തെലങ്കാനയെ അനുകൂലിച്ചിരുന്ന ബി.ജെ.പി. സമദൂരസിദ്ധാന്തത്തിലെത്തി നില്‍ക്കുന്നതുമെല്ലാം രാഷ്ട്രീയക്കണ്ണ് വെച്ചാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. വിഭജനം എന്ന തീരുമാനത്തില്‍നിന്ന് പിന്നാക്കം പോകില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ, സംസ്ഥാനത്ത് സമാധാനവും സൈ്വരജീവിതവും പുനഃസ്ഥാപിക്കുന്നതിന് അടിയന്തരനടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടതിന് മാനങ്ങള്‍ ഏറെയുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനരീതിയിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്ന അദ്ദേഹം, സംസ്ഥാനസര്‍ക്കാറിന്റെ പോക്കില്‍ കേന്ദ്രനേതൃത്വത്തിനുള്ള ആശങ്ക പങ്കുവെക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് 'എസ്മ' പ്രാബല്യത്തില്‍ കൊണ്ടുവന്ന് പ്രക്ഷോഭമൊതുക്കണമെന്ന നിര്‍ദേശം വന്നത് ഈ സാഹചര്യത്തിലാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വൈകിയാണെങ്കിലും തെലങ്കാന രൂപവത്കരണവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസമിതിയുടെ ആദ്യയോഗം വെള്ളിയാഴ്ച ചേരുമ്പോള്‍ സംസ്ഥാനത്തെ താറുമാറായ ക്രമസമാധാനനിലയും പൗരജീവിതവും ചര്‍ച്ചയ്ക്ക് വരുമെന്ന് കരുതണം. സംസ്ഥാനങ്ങളുടെ അതിര്‍ത്തിനിര്‍ണയം, ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരുന്നത് സംബന്ധിച്ച ഭരണ, നിയമ നടപടികള്‍, ആസ്തിബാധ്യതാനിര്‍ണയം, ജലം, വൈദ്യുതി എന്നിവയുടെ വിഭജനവും വിതരണവും പത്തുവര്‍ഷത്തിനുശേഷം ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം കണ്ടെത്തേണ്ടിവരുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് ഈ സമിതിക്ക് മുന്നില്‍ വരുന്ന വിഷയങ്ങള്‍. എന്നാല്‍, അതിലേറെ പ്രാധാന്യം ഇപ്പോഴത്തെ പ്രക്ഷോഭത്തിന് ന്യായയുക്തവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുമായ പരിഹാരം കണ്ടെത്തുക എന്നതിനായിരിക്കും.
തെലങ്കാന സമരനായകന്‍ കെ. ചന്ദ്രശേഖരറാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, തങ്ങളുടെ പാര്‍ട്ടിയില്‍ ലയിക്കുന്നതോടെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നേട്ടം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പിനുമുമ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ അത്ര ഉറപ്പൊന്നുമില്ല. വിഭജനതീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന അവര്‍ അതിനുള്ള നടപടിക്രമം എന്നത്തേക്ക് പൂര്‍ത്തിയാവുമെന്ന് വെളിപ്പെടുത്താനും തയ്യാറാവുന്നില്ല. ആന്ധ്രാപ്രദേശിനെ വെട്ടിമുറിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനജീവനക്കാരുടെ 35 സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കും പ്രക്ഷോഭവും നീണ്ടുപോകുന്നത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ മോഹങ്ങള്‍ തകിടം മറിക്കാനാണ് സാധ്യത. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ ഒത്താശകൂടി സമരക്കാര്‍ക്ക് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത് ഒരു രാഷ്ട്രീയച്ചൂതാട്ടം തന്നെയാവും എന്നതില്‍ സംശയമില്ല. ജഗന്‍മോഹന്‍ റെഡ്ഡിയും ചന്ദ്രബാബു നായിഡുവും കിരണ്‍കുമാര്‍ റെഡ്ഡിയും ബി.ജെ.പി.യും എല്ലാം കളിക്കുന്നത് രാഷ്ട്രീയലാക്കോടെ തന്നെ. ഇതിനെല്ലാമിടയില്‍പ്പെട്ട് ഞെരുങ്ങുന്നത് സാധാരണക്കാരാണെന്ന് നേതാക്കളും പാര്‍ട്ടികളും സൗകര്യപൂര്‍വം മറക്കുന്നു. കാലങ്ങളായി കാലാവസ്ഥാദുരന്തത്തില്‍പ്പെട്ട് നരകിക്കാന്‍ വിധിക്കപ്പെട്ട ആന്ധ്രാഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് ഇക്കുറി തങ്ങളുടെ നേതാക്കള്‍ സമ്മാനിക്കുന്ന ഈ 'വിഭജനത്തിന്റെ മുറിവുകള്‍' പൊറുക്കാന്‍ വര്‍ഷങ്ങളെടുത്തേക്കും. തന്ത്രപരമായ കളംമാറ്റങ്ങളില്‍നിന്ന് പിന്മാറാനും ചെറിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ ത്യജിക്കാനും പാര്‍ട്ടികള്‍ തയ്യാറായാലേ ആന്ധ്രയില്‍ ശാശ്വത സമാധാനത്തിന് വഴിതെളിയൂ. ഇപ്പോഴത്തെ  അവസ്ഥയിൽ  സമാധാനം  വളരെ  അകലെയാണ് .


                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: