Pages

Friday, October 11, 2013

ഇടത്തരക്കാർഎങ്ങനെവീട് പണിയും

         ഇടത്തരക്കാർഎങ്ങനെവീട് പണിയും 

                 കെട്ടിട നിര്‍മാണ വസ്‌തുക്കള്‍ക്ക്‌ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം ഇടത്തരക്കാരെ  കഷ്ടത്തിലാക്കിയിരിക്കുകയാണ് . എങ്ങനെ  ഒരു വീട്  പണിയും.  സിമെന്റ്‌, കമ്പി, മണല്‍, ഇഷ്‌ടിക തുടങ്ങി സര്‍വ നിര്‍മാണ വസ്‌തുക്കളുടെയും വിലയില്‍ ക്രമാതീതമായ വര്‍ധനയാണ്‌ അടുത്തിടെയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.
സിമെന്റിന്‌ ഒരാഴ്‌ചയ്‌ക്കിടെ അമ്പതുകിലോയുടെ ഒരു ചാക്കിന്‌ 35 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്‌. കമ്പനികളുടെ വ്യത്യസ്‌തതയനുസരിച്ച്‌ ഒരു ചാക്കിന്‌ 375 മുതല്‍ മേലോട്ടാണു വില. താമസിയാതെ ഇത്‌ 400 രൂപയിലെത്തുമെന്നാണ്‌ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷവും ഓണക്കാലത്ത്‌ സിമെന്റിനു വില വന്‍തോതില്‍ വര്‍ധിച്ചിരുന്നെങ്കിലും അത്‌ പിന്നീട്‌ കുറഞ്ഞിരുന്നു. കമ്പിയുടെ വില ഒരു മാസത്തിനുള്ളില്‍ കിലോഗ്രാമിനു നാലു രൂപയോളം വര്‍ധിച്ചു. ഇപ്പോള്‍ ഒരു കിലോഗ്രാം കമ്പിയുടെ വില 46 മുതല്‍ 52.50 രൂപവരെയാണ്‌.ആറ്റുമണല്‍ കിട്ടാനില്ലാത്ത അവസ്‌ഥ. കിട്ടിയാല്‍ പൊന്നും വിലയും. ലോഡിന്റെ തോതനുസരിച്ച്‌ 25,000 മുതല്‍ 35,000 രൂപവരെ കൊടുത്താലേ ആറ്റുമണല്‍ കിട്ടുകയുള്ളൂ. ഇതോടെ മണലിനു പകരം വന്ന എം. സാന്‍ഡിനും വിലയേറുകയാണ്‌. മെറ്റലിന്റെ വിലയും ചുടുകട്ടയുടെ വിലയും വര്‍ധിപ്പിച്ചുകഴിഞ്ഞു. രണ്ടാഴ്‌ച മുമ്പ്‌ 6.60 രൂപയായിരുന്നു ഉല്‍പാദനസ്‌ഥലത്ത്‌ ഒരു ചുടുകട്ടയുടെ വില. അതിപ്പോള്‍ എട്ടു മുതല്‍ എട്ടര രൂപവരെയായിരിക്കുന്നു. സിമെന്റ്‌ വില വര്‍ധിച്ചതോടെ സിമെന്റ്‌ കട്ടയുടെ വിലയിലും വലിയ മാറ്റമുണ്ടാകും. പണിക്കൂലിയും മേസ്‌തിരിക്കൂലിയും വര്‍ധിച്ചിരിക്കുന്നതിനാല്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലാകുമെന്നാണ്‌ ഈ മേഖലയിലുള്ളവര്‍ നല്‍കുന്ന മുന്നറിയിപ്പ്‌.
                നിര്‍മാണ വസ്‌തുക്കളുടെ ഈ വിലക്കയറ്റം ശരിക്കും വിഷമവൃത്തത്തിലാക്കുന്നത്‌ ഇത്തരക്കാരെയും ചെറുകിട നിര്‍മാണക്കമ്പനികളെയുമാണ്‌ . വന്‍കിട കമ്പനികള്‍ സിമെന്റു കമ്പനികളില്‍നിന്നും മറ്റും നേരിട്ട്‌ സിമെന്റ്‌ വാങ്ങുന്നതുകൊണ്ട്‌ അവര്‍ക്ക്‌ ഇടനിലക്കാരുടെ കമ്മിഷനില്ലാതെ ലഭ്യമാകും. ഇത്തരം കമ്പനികള്‍ മറ്റു നിര്‍മാണ വസ്‌തുക്കളും നേരിട്ട്‌ ഉല്‍പാദകരില്‍നിന്ന്‌ എടുക്കുകയാണു ചെയ്യുന്നത്‌. വന്‍തോതില്‍ വാങ്ങുന്നതുകൊണ്ട്‌ അവര്‍ക്ക്‌ വിലയില്‍ കാര്യമായ കുറവു ലഭിക്കുമെന്നാണ്‌ ചെറുകിടക്കാര്‍ പറയുന്നത്‌.നിര്‍മാണ വസ്‌തുക്കളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ കഷ്‌ടത്തിലാക്കുന്നത്‌ കൃത്യമായബജറ്റുമായി വീടു നിര്‍മാണത്തിനും മറ്റുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സാധാരണക്കാരെയാണ്‌. ഹൗസിംഗ്‌ ലോണെടുത്തും മറ്റും വീടുപണിയുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായ ഈ വിലക്കയറ്റം ഇരുട്ടടിയാകുകയാണ്‌. നിര്‍മാണം ഇടയ്‌ക്കുവച്ചു നിര്‍ത്തേണ്ട അവസ്‌ഥവരെ ഉണ്ടാകുന്നു.
             അതേസമയം സിമെന്റ്‌ കമ്പനികള്‍ ഒത്തുചേര്‍ന്നുകൊണ്ട്‌ യാതൊരു മാനദണ്ഡവുമില്ലാതെ സിമെന്റുവില വര്‍ധിപ്പിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്‌ റിയല്‍ എസ്‌റ്റേറ്റ്‌ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ്‌ റിയല്‍ എസ്‌റ്റേറ്റ്‌ ഡവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ക്രെഡായി). 50 കിലോയുടെ ഒരു ചാക്ക്‌ സിമെന്റിന്‌ ഒരാഴ്‌ചകൊണ്ട്‌ 60 മുതല്‍ 70 രൂപവരെയാണ്‌ കൂടിയതെന്നും ഇതിനെതിരേ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യയില്‍ സിമെന്റ്‌ നിര്‍മാതാക്കള്‍ക്കെതിരേ പരാതി നല്‍കാനൊരുങ്ങുകയാണെന്നുമാണ്‌ ക്രെഡായി ചെയര്‍മാന്‍ പറയുന്നത്‌.സിമെന്റ്‌ നിര്‍മാതാക്കളാവട്ടെ അവരുടേതായ വാദമുഖങ്ങളും ഉയര്‍ത്തുന്നു. ഇന്ധനവില വര്‍ധന, വൈദ്യുതി ചാര്‍ജ്‌ വര്‍ധന തുടങ്ങിയവയൊക്കെ സിമെന്റ്‌ വില കൂട്ടാന്‍ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം രൂപയുടെ മൂല്യത്തിലുണ്ടായ കുറവുമൂലം സിമെന്റ്‌ നിര്‍മാണത്തിനായി ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില വര്‍ധിച്ചുവെന്നും ഇതിനനുപാതമായി സ്വദേശത്തുനിന്നു വാങ്ങുന്ന കല്‍ക്കരിയുടെ വിലയും വര്‍ധിച്ചുവെന്നും അവര്‍ പറയുന്നു.
                 ഇന്ത്യയിലെ ഇതര സ്‌ഥാപനങ്ങളെ അപേക്ഷിച്ച്‌ സിമെന്റിന്‌ ഡിമാന്‍ഡ്‌ അല്‍പം കുറവുള്ളത്‌ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലാണ്‌. ഈ േേഖലയിലുള്ള സിമെന്റ്‌ കമ്പനികള്‍ രൂപയുടെ മൂല്യക്കുറവ്‌ മുതലെടുത്ത്‌ തങ്ങളുടെ സിമെന്റ്‌ ശ്രീലങ്ക, മ്യാന്‍മര്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്‌. രൂപയുടെ മൂല്യം കുറഞ്ഞു നില്‍ക്കുന്നതുകൊണ്ട്‌ കയറ്റുമതിയിലൂടെ കൂടുതല്‍ ലാഭം കൊയ്യാമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍.

വന്‍കിട കെട്ടിട നിര്‍മാതാക്കളും സിമെന്റ്‌ കമ്പനികളും അവരുടേതായ ലാഭമാര്‍ഗങ്ങള്‍ കണ്ടെത്തുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ വിലക്കയറ്റത്തില്‍ ഞെരിഞ്ഞമരുന്നത്‌ ഇടത്തരക്കാരും ചെറുകിടക്കാരും സാധാരണ ജനങ്ങളുമാണ്‌. ക്രമാതീതവും യാതൊരു നിയന്ത്രണവുമില്ലാത്തതുമായ വിലക്കയറ്റം തുടങ്ങിവച്ച പല പദ്ധതികളും ഇടയ്‌ക്കുവച്ചു മുടങ്ങുന്ന അവസ്‌ഥയിലെത്തിക്കുകയാണ്‌.
ഇടത്തരം കരാറുകാരെയും സാധാരണ ജനങ്ങളെയും മാത്രമല്ല ആയിരക്കണക്കിന്‌ അന്യസംസ്‌ഥാന തൊഴിലാളികളടങ്ങുന്ന നിര്‍മാണത്തൊഴില്‍ മേഖലയെയും പ്രതിസന്ധിയിലാക്കുമിത്‌. അതുകൊണ്ടുതന്നെ അനിയന്ത്രിതവും യാതൊരു മാനദണ്ഡവുമില്ലാത്തതുമായ വിലക്കയറ്റത്തിനു തടയിടാന്‍ സംസ്‌ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട്‌ നിര്‍മാണ മേഖലയെ രക്ഷിക്കണം
.

                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: