Pages

Friday, October 11, 2013

അനശ്വരനടന്‍ ശങ്കരാടി

ഓക്ടോബര്‍ 9
അനശ്വരനടന്‍ ശങ്കരാടിയുടെ ഓര്‍മയായിട്ട് 12 വര്‍ഷം
ഈയിടെ ഒരൊഴിവുദിവസം പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ കണ്ടിരിക്കുകയായിരുന്നു. അതിന്റെ ഒടുവിലത്തെ സീനില്‍ ഒരടിയും ബഹളവുമൊക്കെയായിട്ട് മൂത്ത തട്ടാനെ കസേരയിലിരുത്തി കൊണ്ടുവരുന്ന ഒരു രംഗമുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് സീനാണത്. സാധാരണനിലയില്‍ ആ സീന്‍ കാണുമ്പോള്‍ ചിരി വരേണ്ടതാണ്. പക്ഷേ, എന്റെ കണ്ണു നിറഞ്ഞു. മൂത്ത തട്ടാനായി അഭിനയിച്ച കൃഷ്ണന്‍കുട്ടി നായര്‍, ഹാജ്യാരായി വേഷമിട്ട കരമന ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, ഫിലോമിന... സിനിമയിലെ ഈ ഗ്രാമ്യ മുഖഭാവങ്ങള്‍ ക്ലാപ്പടിയും കട്ടുമില്ലാത്ത മറ്റൊരു ലോകത്തേക്ക് പിന്‍വാങ്ങിയല്ലോ എന്ന ചിന്ത, വലിയൊരു നഷ്ടസ്മൃതിയായി എന്നില്‍ നിറഞ്ഞു. സിനിമയില്‍നിന്ന് എന്നേക്കുമായി നഷ്ടപ്പെട്ട ഒരുകൂട്ടം ഗ്രാമീണര്‍. വി.കെ.എന്‍-ന്റെ അപ്പുണ്ണി തൊട്ടാണ് സിനിമയില്‍ എന്റെ ഗ്രാമകഥകളാരംഭിക്കുന്നത്. അതിനു മുന്നേയെടുത്ത കുറുക്കന്റെ കല്യാണവും കിന്നാരവും മദിരാശിയുടെ കഥാപശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. മദിരാശിക്ക് അന്ന് അകലം കൂടുതലാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ടെലിഫോണോ വൈദ്യുതിയോ ഇല്ലാത്ത കാലം. ആ കാല ഘട്ടത്തില്‍ മദിരാശിയില്‍ ജീവിച്ചുകൊണ്ട് ഞാന്‍ അന്തിക്കാടിന്റെ ഗ്രാമപ്പച്ച സ്വപ്‌നംകണ്ടു. ഒരു സിനിമാമോഹത്തിന്റെ തുമ്പു പിടിച്ചിട്ടാണ് ഞാന്‍ മദിരാശിയിലേക്കു പോയത്. വളരെ വിദൂരതയില്‍നിന്നെവിടെയോ വെച്ച് ഉദ്ഭവിക്കുന്ന ഒരു കലാരൂപത്തെ കൈപ്പിടിയിലാക്കുക എന്നൊരാഗ്രഹമായിരുന്നു അത്. സത്യത്തില്‍ ഞാനൊരു സിനിമാഭ്രാന്തനായിരുന്നില്ല. സാഹിത്യമായിരുന്നു ഇഷ്ടപ്പെട്ട വിഷയം. കുഞ്ഞുണ്ണിമാഷുമായുള്ള പരിചയമാണ് എന്നെ സംസ്‌കരിച്ചെടുത്തത്. കവിയാകണം എന്നാഗ്രഹിച്ചുനടന്ന ഒരാളിലേക്ക് എപ്പോഴോ സിനിമാമോഹം അനുവാദം ചോദിക്കാതെ കയറിവന്നു. മാതൃഭൂമി ബാലപംക്തിയില്‍ അക്കാലത്ത് ഞാന്‍ കവിതകളെഴുതിയിരുന്നു. സാഹിത്യപരിചയമാണ് സിനിമാമോഹത്തിന് വളക്കൂറായിത്തീര്‍ ന്നത്. ഡോ. ബാലകൃഷ്ണന്റെ കീഴിലാണ് സിനിമാജീവിത ത്തിന്റെ തുടക്കം. അദ്ദേഹം പറയുന്ന പല സീനുകളുടെയും പകര്‍ത്തിയെഴുത്തുകാരന്‍ ഞാനായിരുന്നു. 'എഴുത്തുപരിചയ'മാണ്, സത്യത്തില്‍ സിനിമാസംവിധാനത്തെ ഏറ്റവും പ്രചോദിപ്പിച്ച ഒരു ഘടകം.

അങ്ങനെ, മദിരാശിയില്‍ സിനിമാലോകത്തെ വിസ്മയജീവിതങ്ങളുമായി ചുറ്റിപ്പറ്റി നില്ക്കുമ്പോഴാണ് ഞാനാദ്യമായി ശങ്കരാടിയെ കാണുന്നത്. വാസു സ്റ്റുഡിയോവില്‍ കോളേജ് ഗേളിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഹരിഹരന്റെ രണ്ടാമത്തെ പടം. സംവിധാനസഹായികളായ ആറു പേരില്‍ ഒരാളാണ് ഞാന്‍. ഞങ്ങളന്ന് പകച്ചുനില്ക്കുന്ന ഒരു സംഘമായിരുന്നു. വലിയവലിയ നടന്മാരെ 'ജീവനോടെ' കാണുന്നതിന്റെ ഒരു ത്രില്ല് ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ലൊക്കേഷനില്‍ വെച്ചാണ് ശങ്കരാടിയെ പരിചയപ്പെടുന്നത്. ബഹദൂറും പറവൂര്‍ ഭരതനുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു.
'തന്റെ പേരെന്താടോ?'
ശങ്കരാടി ചോദിച്ചു.
'സത്യന്‍.'
'എവിടെയാ വീട്?'
'അന്തിക്കാട്.'
'അന്തിക്കാട് എവിടെ?'
ശങ്കരാടിയുടെ ചോദ്യവും എന്റെ ഉത്തരവും തുടര്‍ന്നു. അന്തിക്കാട് കണ്ടശ്ശാന്‍കടവ് സ്‌കൂളിനടുത്താണ് വീട് എന്നു പറഞ്ഞപ്പോള്‍ ശങ്കരാടി സ്വതസ്സിദ്ധമായ ചിരിയോടെ പറഞ്ഞു: 'ഞാനവിടെ പഠിച്ചിട്ടുണ്ട്.'
അതു കേട്ടപ്പോള്‍ ഒരന്തിക്കാട്ടുകാരനായതില്‍ ഞാന്‍ സന്തോഷിച്ചു. ഒരു നാട്ടുകാരനോടുള്ള സ്‌നേഹം ശങ്കരാടി എന്നോടു പ്രകടിപ്പിച്ചു.
'ചുക്കില്ലാത്ത കഷായമില്ല' എന്നു പറയാറുള്ളതുപോലെ
'ശങ്കരാടിയില്ലാത്ത പടം' ഞാന്‍ സംവിധാനം ചെയ്തതില്‍ തീരെ കുറവ്. മദിരാശിയില്‍ അയ്യപ്പാസ് എന്ന ലോഡ്ജിലായിരുന്നു ശങ്കരാ ടിയുടെ താമസം. ഒരു നാട്ടിന്‍പുറത്തുകാരനെപ്പോലെ ഓരോ കാഴ്ചയിലും ശങ്കരാടി സൗമ്യതയോടെ പെരുമാറി. മരണംവരെ അത് തുടര്‍ന്നു.
ഒരു നാട്യവുമില്ലാത്ത മനുഷ്യനായിരുന്നു ശങ്കരാടി. ഇന്ന് പഴയ സിനിമകള്‍ കാണുമ്പോള്‍ നമുക്കു മനസ്സിലാകും, അന്നത്തെ പ്രസിദ്ധരായ പല നടന്മാരെക്കാളും സ്വാഭാവികമായ രീതിയിലായിരുന്നു ശങ്കരാടിയുടെ അഭിനയം. വിത്തുകള്‍ എന്ന സിനിമ അടുത്തിടെ ഞാന്‍ കണ്ടു. അതില്‍ ഏറ്റവും സ്വാഭാവികമായ ഒരഭിനയശൈലി കാഴ്ചവെച്ചത് ശങ്കരാടിയായിരുന്നു. ക്യാമറ മുന്‍പിലുണ്ടെന്ന തോന്നലുളവാക്കാത്തവിധം പെര്‍ഫോം ചെയ്യുന്ന നടനാണ് ശങ്കരാടി. ആ പെര്‍ഫോമന്‍സ് എത്രത്തോളം ശുദ്ധമാണോ, അത്രയും ശുദ്ധമായ രീതിയിലാണ് ശങ്കരാടിയുടെ നടപ്പും ഇരിപ്പും സംസാരവും ഇടപഴകലുമൊക്കെ. മദ്രാസില്‍, പ്രസിദ്ധനായ ഒരു സിനിമാനടനാണ് എന്ന ഭാവഭേദമൊന്നുമില്ലാതെ ഖദര്‍മുണ്ടും ഖദര്‍ഷര്‍ട്ടുമിട്ട് ബീഡിയും വലിച്ചു നടക്കുന്ന ഒരു വിശുദ്ധനായ ഗ്രാമീണനായിരുന്നു ശങ്കരാടി. ഇതൊക്കെക്കൊണ്ടുതന്നെ പുള്ളിക്ക് ആവശ്യത്തില്‍ കൂടുതല്‍ പിശുക്കന്‍ എന്ന പേരുണ്ടായിരുന്നു. നയാപൈസ ചെലവാക്കാത്ത ഒരാള്‍ എന്ന നിലയിലാണ് സിനിമാസെറ്റില്‍ ശങ്കരാടി അറിയപ്പെട്ടത്. ശങ്കരാടി പ്രായമേറെച്ചെന്നാണ് വിവാഹിതനായത്. സിനിമയില്‍നിന്ന് സമ്പാദിക്കുന്ന കാശ് മുഴുവന്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പലരും ശങ്കരാടി കേള്‍ക്കെത്തന്നെ ചോദിക്കുമായിരുന്നു. ഒരു സദസ്സില്‍ വന്നുകഴിഞ്ഞാല്‍, ആ സദസ്സിനെ വളരെ പെട്ടെന്ന് ഉണര്‍ത്തുന്ന ഒരു സിദ്ധി ശങ്കരാടിക്കുണ്ടായിരുന്നു.മറ്റൊന്ന്, മറ്റെല്ലാറ്റിനുമുപരി, അതിശക്തമായ ഒരു രാഷ്ട്രീയകാഴ്ചപ്പാട് ശങ്കരാടിക്കുണ്ടായിരുന്നു. ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ നന്മ ശങ്കരാടിയില്‍ ആവോളമുണ്ടായിരുന്നു. മദിരാശിയില്‍ ഒരു മലയാളി കാരണവരെപ്പോലെ ശങ്കരാടി ജീവിച്ചു. സ്വന്തമൊരു അമ്മാവനെപ്പോലെയായിരുന്നു എനിക്ക് ശങ്കരാടി.

ബന്ധപ്പെട്ട ആരുമായും അഗാധമായ സൗഹൃദം ശങ്കരാടി സ്ഥാപിക്കുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം പതിവായി കത്തെഴുതി. ടെലിഫോണൊക്കെ സജീവമായിരുന്ന കാലത്തും അദ്ദേഹം കത്തുകളെഴുതിക്കൊണ്ടിരുന്നു. ഒരു സാധാരണ പോസ്റ്റ് കാര്‍ഡിലാണെഴുതുക. അഡ്രസ്സി
നു തൊട്ടു മുകളില്‍ ചുവന്ന മഷിയില്‍ കാുീൃമേി േഎന്നെഴുതും. നല്ല ഭംഗിയുള്ള കൈപ്പടയാണ്. വീട്ടുവിശേഷമന്വേഷിച്ചുകൊണ്ടാണ് ഓരോ കുറിപ്പുമവസാനിക്കുക.ബന്ധങ്ങള്‍ ചികയുന്ന ഒരു സ്വഭാവമുണ്ടായിരുന്നു ശങ്കരാടിക്ക്. ബന്ധങ്ങളുടെ കണ്ണിചേര്‍ത്ത് അതിന്റെ അറ്റംവരെ പോയി, ആ ഊരും പേരുമായി തനിക്കുള്ള ബന്ധംകൂടി ശങ്കരാടി സ്ഥാപിച്ചെടുക്കും. ബന്ധങ്ങളുടെ ഇഴ കോര്‍ത്തിണക്കി പോകുന്ന ആ വിദ്യ നടന്മാരില്‍ ശങ്കരാടിയില്‍ മാത്രമാണ് ഞാന്‍ കണ്ടത്.ആര്‍ഭാടം തീരെയില്ലായിരുന്നു ശങ്കരാടിയില്‍. ഒരു മുറിയും ഒരു ഫാനും ഒരു ബാത്ത്‌റൂമുമുണ്ടായാല്‍ പുള്ളി ഹാപ്പിയാണ്. നിര്‍മാതാവിന് അധികഭാരം ചുമത്തുന്ന ഒന്നും ശങ്കരാടിയിലില്ലായിരുന്നു. ജാതിമതമൊന്നും നോക്കാതെ തന്നെക്കാള്‍ ഇളപ്പമുള്ള പ്രിയപ്പെട്ടവരെ 'അവനെന്റെ അനന്തരവനാ'ണ് എന്ന് ശങ്കരാടി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമായിരുന്നു.മദ്യപിക്കുന്ന സ്വഭാവം ശങ്കരാടിക്കുമുണ്ട്. രാത്രിയിലാണ് മദ്യപിക്കുന്നതെങ്കില്‍ അന്നു പുലര്‍ച്ചെതന്നെ വെള്ളവും ഗ്ലാസുമൊക്കെ ശരിയാക്കി രാത്രിക്കുവേണ്ടി ശങ്കരാടി കാത്തിരിക്കും. അതുപോലെ ഷൂട്ടിങ്ങിന് പുറപ്പെടുന്നതിന് ഒരാഴ്ച മുന്നേതന്നെ വസ്ത്രം, സോപ്പ്, ചീര്‍പ്പ് തുടങ്ങിയവ പെട്ടിയിലാക്കി യാത്ര പുറപ്പെടുന്ന ദിവസത്തിനുവേണ്ടി ശങ്കരാടി കാത്തിരിപ്പ് തുടങ്ങും.എന്റെ കല്യാണത്തിനു ശേഷമാണ് ശങ്കരാടിയുടെ കല്യാണം നടന്നത്. തൃപ്രയാര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ചടങ്ങ്. പല കല്യാണാലോചനകളും ശങ്കരാടിക്ക് വന്നിരുന്നു. പല കാരണങ്ങള്‍കൊണ്ടും അവയൊന്നും നടന്നില്ല. ഒരിക്കല്‍ ഒരു മോതിരംമാറല്‍ നടന്നതാണ്. എന്നിട്ടും എന്തോ കാരണംകൊണ്ട് അത് തെറ്റിപ്പോയി.കമ്യൂണിസ്റ്റാണെങ്കിലും ഞാന്‍ പരിചയപ്പെടുന്ന കാലംതൊട്ടേ ശങ്കരാടി ഭക്തനായിരുന്നു. ലോഡ്ജ്മുറിയിലാണെങ്കില്‍ത്തന്നെയും പൂജാമുറിയിലുള്ളതുപോലെ ഒരു കോര്‍ണറില്‍ ദൈവചിത്രങ്ങള്‍ക്കു മുന്നില്‍ എപ്പോഴും നിലവിളക്ക് കത്തിച്ചുവെച്ചു. സന്ദേശം എന്ന സിനിമയില്‍ ഒരു കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായിട്ടാണ് ശങ്കരാടി അഭിനയിച്ചത്. പരസ്യമായി കമ്യൂണിസ്റ്റാശയം തീവ്രമായി പ്രകടിപ്പിക്കുകയും രഹസ്യമായി ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരാള്‍. ശങ്കരാടിയില്‍നിന്നാണ് ആ കഥാപാത്രത്തെ ഞാന്‍ കണ്ടെത്തുന്നത്. വലിയ കമ്യൂണിസ്റ്റുകാരൊക്കെ ഈശ്വരവിശ്വാസികളാണെന്നും അവര്‍ രഹസ്യമായി അമ്പലത്തില്‍ പോവാറുണ്ടെന്നും ശങ്കരാടി പലപ്പോഴായി പറഞ്ഞിരുന്നു.
പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: