Pages

Saturday, October 19, 2013

ഭൂമിക്കടിയില്‍ 1,000 ടണ്‍ സ്വര്‍ണമുണ്ടെന്ന് സ്വപ്നം

ഭൂമിക്കടിയില്‍ 1,000 ടണ്‍ സ്വര്‍ണമുണ്ടെന്ന് സ്വപ്നം; ഖനനം തുടങ്ങി
 ഉത്തര്‍പ്രദേശില്‍ ഉന്നാവോ ജില്ലയിലെ കോട്ടയ്ക്കടിയില്‍ 1,000 ടണ്‍ സ്വര്‍ണശേഖരമുണ്ടെന്ന് സന്ന്യാസി സ്വപ്‌നം കണ്ടു. ഇപ്പോഴത്തെ വിലയനുസരിച്ച് ഏതാണ്ട് 31,000 കോടി രൂപയുടെ മൂല്യമുണ്ടാവും ഇതിന്. വാര്‍ത്ത പരന്നതോടെ പുരാവസ്തു വകുപ്പ് ഉത്ഖനനം തുടങ്ങി. ഉന്നാവോയിലെ രാജാവായിരുന്ന രാജാ റാവു റാം ബക്‌സ് സിങ്ങിന്റെ കൊട്ടാരത്തിനടിയിലാണ് സ്വര്‍ണമുണ്ടെന്ന് 'കണ്ടെത്തി'യിരിക്കുന്നത്. ഉന്നാവോയിലെ ശോഭന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൂടിയായ ശോഭന്‍ സര്‍ക്കാരാണ് സ്വപ്‌നം കണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണം എടുത്തു സര്‍ക്കാരിനു കൈമാറണമെന്ന് രാജാ റാവു റാം ബക്‌സ് സിങ് തന്റെ സ്വപ്നത്തില്‍ വന്ന് അറിയിച്ചതായി സന്ന്യാസി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കത്തയച്ചിരുന്നു.

വിവരം പുറത്തായതോടെ കോട്ട കാണാന്‍ ജനപ്രവാഹമാണ്. വെള്ളിയാഴ്ച ഭൂമി പൂജയോടെയാണ് ഉത്ഖനനം തുടങ്ങിയത്. സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശോധന. സ്വപ്‌നം സത്യമാകുകയാണെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വലിയൊരളവോളം അതു കാരണമാകും. സ്വര്‍ണഇറക്കുമതിയാണ് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതുമൂലം വ്യാപാരക്കമ്മി കൂടിയ നിലയില്‍ തുടരുകയാണ്. 1,000 ടണ്‍ സ്വര്‍ണം കണ്ടെത്താനായാല്‍ ഇന്ത്യയുടെ സ്വര്‍ണഇറക്കുമതി കുറയ്ക്കാന്‍ കഴിയും. ഇന്ത്യ ഒരു വര്‍ഷം ഏതാണ്ട് 1,000 ടണ്ണിനടുത്ത് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്. ലഖ്‌നൗവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉന്നാവോ ജില്ല. ഏതാണ്ട് 30 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ചെറുരാജ്യമായിരുന്നു ഇത്. 1857ലെ ലഹളയില്‍ ഝാന്‍സി റാണി ലക്ഷ്മി ഭായിയുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട് ഒളിവില്‍ കഴിഞ്ഞ രാജാ റാവു റാം ബക്‌സ് സിങ്ങിനെ ബ്രിട്ടീഷ് സൈന്യം പിടികൂടി തൂക്കിലേറ്റി. തന്റെ ഖജനാവിലെ സ്വര്‍ണശേഖരം ബ്രിട്ടീഷുകാര്‍ കൊള്ളയടിക്കാതിരിക്കാനാവും അവ കുഴിച്ചിട്ടതെന്ന് പിന്‍മുറക്കാര്‍ പറയുന്നു. അതേസമയം, ഇങ്ങനെയൊരു സ്വര്‍ണശേഖരത്തിന് സാധ്യതയില്ലെന്ന് വലിയൊരു വിഭാഗം ആരോപിക്കുന്നു.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: