Pages

Tuesday, December 18, 2012

WATER IS LIFE

ജലം ജീവാമൃതം

കേരളത്തില്‍  ജല ക്ഷാമം രൂക്ഷമാകു മെന്നാണ് റിപ്പോര്‍ട്ട്  മഴയുടെ ലഭ്യതയില്‍ കണക്കുപ്രകാരം 25 ശതമാനം കുറവേ ഉള്ളൂവെങ്കിലും കുടിവെള്ളം, വൈദ്യുതി എന്നിവയ്ക്ക് ക്ഷാമം ഉറപ്പായിക്കഴിഞ്ഞു. കൃഷിനാശവും അതിന്റെ ഫലമായി കാര്‍ഷികമേഖലയിലും ഗ്രാമീണര്‍ക്കിടയിലുമുണ്ടാകുന്ന വരുമാനനഷ്ടവും ഏറെ വിഷമത സൃഷ്ടിക്കും. ഇവയെല്ലാം മുന്‍കൂട്ടിക്കണ്ട് വിഭവങ്ങള്‍ മിതമായി ഉപയോഗിച്ചില്ലെങ്കില്‍ സ്ഥിതി ആപത്കരമാകും. ഉള്ള വെള്ളം കരുതലോടെ ഉപയോഗിക്കുന്നതോടൊപ്പം വരുന്ന വര്‍ഷകാലത്ത് ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താനായി മഴവെള്ളത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമവും വേണം. അലങ്കാരത്തിനും ആര്‍ഭാടത്തിനുമായുള്ള വൈദ്യുതി ഉപയോഗം തീര്‍ത്തും ഒഴിവാക്കാന്‍ ആഘോഷങ്ങ ളുടെ സംഘാടകരും വ്യാപാരികളും വീട്ടുകാരുമൊക്കെ സ്വമേധയാ മുന്നോട്ടു വരണം. ഇക്കാര്യത്തില്‍ സര്‍ക്കാറിനുതന്നെ പൊതുനിയന്ത്രണവും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുകയുമാകാം. 41 പുഴകളും കിണറുകളും കുളങ്ങളുമടക്കം ആയിര ക്കണക്കിന് ജലാശയങ്ങളുമുള്ള കേരളം ശുദ്ധജല സമ്പന്നമായാണ് കരുതപ്പെടുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഉപയോഗപ്പെടുത്താവുന്ന ജലലഭ്യതയുടെ 25 ശതമാനം മാത്രമേ ഫലപ്രദമായി വിനിയോഗിക്കുന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാക്കി വെള്ളം തോടുകളിലൂടെയും പുഴകളിലൂടെയും കടലിലും കായലിലും ചേരുന്നു. 

വേനല്‍ക്കാലത്ത് കുഴല്‍ക്കിണറുകള്‍ വഴിയും മറ്റും ഭൂഗര്‍ഭജലശേഖരം വന്‍തോതില്‍ ഊറ്റിയെടുക്കുന്നു. ആ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട്. പഴയകാലത്ത് അത് സ്വാഭാവികമായി നടന്നിരുന്നു. എന്നാല്‍, പലേടത്തും കാട് വെട്ടി കൃഷി തുടങ്ങിയതോടെ അവിടത്തെ ഫലഭൂയി ഷ്ഠമായ മേല്‍മണ്ണ് ഒലിച്ചുപോയി. ശേഷിച്ച, ഉറച്ച പാറപോലെയുള്ള മണ്ണിലൂടെ പെയ്ത്തുവെള്ളം ഭൂമിയുടെ ആഴത്തിലേക്ക് ഇറങ്ങാതായി. പാടങ്ങള്‍ പാര്‍പ്പിടങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും വേണ്ടി അനിയന്ത്രിതമായി നികത്തിത്തുടങ്ങിയതോടെ അതുവഴിയുള്ള ജലപോഷണവും തീരെ കുറഞ്ഞു. പൊതുകുളങ്ങളും കിണറുകളും മണ്ണിട്ട് നികത്തിയതും വിനയായി. ഇവയെല്ലാം തിരിച്ചറിയാനുള്ള വി
വരം അധികൃതര്‍ക്കും ജനങ്ങള്‍ക്കുമുണ്ട്. ജലസംരക്ഷ ണത്തില്‍ സ്വയം മാതൃകയാകാനും മറ്റുള്ളവരെ പ്രേരിപ്പിക്കാനും എല്ലാവരും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭൂവിസ്തൃതിയില്‍ ഇന്ത്യയുടെ 1.2 ശതമാനത്തോളം മാത്രമുള്ള കേരളത്തിന് രാജ്യത്തിന്റെ ആകെ ജലസമ്പത്തിന്റെ അഞ്ച് ശതമാനത്തോളം പങ്ക് അവകാശപ്പെടാമെന്ന് കണക്കുകള്‍ പറയുന്നു. എന്നിട്ടും വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുന്നതിനു പ്രധാന കാരണം ദീര്‍ഘവീക്ഷണമില്ലാത്ത വികസനപദ്ധതികളാണ്. ശീതളപാനീയ നിര്‍മാണത്തിനും കുപ്പിവെള്ളത്തിനുമായി വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റുന്നതുമൂലമുള്ള പ്രാദേശിക ജലദൗര്‍ലഭ്യവും പരിസ്ഥിതി നാശവുമാണ് മറ്റു ചില പ്രശ്‌നങ്ങള്‍.

ഈ ഘട്ടത്തില്‍, ഏറ്റവുമധികം ശ്രദ്ധയൂന്നേണ്ടത് നിലവിലുള്ള ജലസമ്പത്ത് സംരക്ഷിച്ച് മിതമായി ഉപയോഗിക്കുന്നതിലാണ്. പൊതുകിണറുകളും കുളങ്ങളും വൃത്തിയാക്കി ജലപോഷണത്തിന് സജ്ജമാക്കണം. തടയണകളും നീര്‍ക്കുഴികളും ഒരുക്കി മഴവെള്ളത്തിന് മണ്ണിലിറങ്ങാന്‍ വഴിയുണ്ടാക്കണം. ശേഷിച്ച പാടശേഖരങ്ങളില്‍ ലാഭകരമാംവിധം നെല്‍ക്കൃഷിക്ക് കൃഷിവകുപ്പ് എല്ലാ സഹായവും ചെയ്യേണ്ടതാണ്. അന്യസംസ്ഥാനങ്ങളുമായുള്ള നദീജലക്കരാറുകള്‍ പ്രകാരം കേരളത്തിന് അര്‍ഹമായ പങ്ക് ലഭ്യമാക്കിയാല്‍ കാര്‍ഷികമേഖലയ്ക്ക് അല്പമെങ്കിലും ആശ്വാസമാകും. പൈപ്പ് പൊട്ടിയും പൊതുടാപ്പുകളിലൂടെയും മറ്റും ജലം പാഴാകാനിടയാക്കരുത്. സംസ്ഥാനത്ത് വൈദ്യുതിരംഗത്ത് പ്രസരണനഷ്ടമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ ഇത്തരം കണക്കെടുപ്പ് ഉണ്ടായിട്ടില്ലെന്നുതോന്നുന്നു. വിതരണം അശാസ്ത്രീയമായതിനാല്‍ കേരളത്തില്‍ 20 മുതല്‍ 40 വരെ ശതമാനം ജലം പാഴാകുന്നതായാണ് കണക്ക്. കേരളം ശുദ്ധജല സമൃദ്ധമാണെന്ന ധാരണ തിരുത്തി ജലഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ ഓരോരുത്തരും തയ്യാറായേ മതിയാകൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: