Pages

Tuesday, December 18, 2012

ASHA MOHAN WITH HER CO LASH PICTURES


ആശയുടെ പേപ്പര്‍ കൊളാഷ് ചിത്രങ്ങള്‍



വരകളും ചായക്കൂട്ടുകളുമില്ലാതെ വര്‍ണക്കടലാസുകളാല്‍ ചിത്രങ്ങള്‍ മെനയുകയാണ് ഇരവിപുരം സൗഹൃദനഗര്‍ ആനന്ദാലയത്തില്‍ ആശ മോഹന്‍. വരയിലും വര്‍ണങ്ങളിലും ഭ്രമം മൂത്ത മകളുടെ പഠനം വഴിമാറുമോ എന്ന് ആശങ്കപ്പെട്ട അച്ഛന്‍ മേലില്‍ ബ്രഷും പെയിന്റും തൊട്ടു പോകരുതെന്ന് ശാസിച്ചു. അച്ഛന്റെ വാക്കുകള്‍ക്ക് മറുവാക്കു ചൊല്ലാതെ മകള്‍ അനുസരിച്ചു. എങ്കിലും അവളുടെ മനസ്സില്‍ ചിത്രങ്ങള്‍ തെളിഞ്ഞുകൊണ്ടേയിരുന്നു. സ്‌കൂളിലെ സുവനീറില്‍ ചിത്രം വേണമെന്നു ശഠിച്ച അധ്യാപകനെ തൃപ്തിപ്പെടുത്താന്‍ പെന്‍സില്‍കൊണ്ട് അവള്‍ ചിത്രം വരച്ചുനല്‍കി. പത്താം ക്ലാസ് വിജയിച്ചശേഷമാണ് ഈ സുവനീര്‍ അച്ഛനെ കാട്ടിയത്. വരകളും വര്‍ണങ്ങളും മനസ്സില്‍ നിറഞ്ഞപ്പോള്‍ അവള്‍ ബ്രഷും പെയിന്റുമില്ലാതെ ചിത്രങ്ങള്‍ മെനഞ്ഞു. പേപ്പര്‍ കൊളാഷ് എന്ന അപൂര്‍വകലയില്‍ അവള്‍ പ്രാവീണ്യം നേടി. വേറിട്ട ചിത്രകലയിലേക്കുള്ള ആശയുടെ പ്രവേശനം ഇങ്ങനെ ആയിരുന്നു. 

പേപ്പര്‍ കൊളാഷ് ആര്‍ട്ട് എന്ന ചിത്രകലാരീതിയിലൂടെ ആശ മോഹന്‍ നിര്‍മിച്ച 22 ചിത്രങ്ങളുടെ പ്രദര്‍ശനം ബുധനാഴ്ച കൊല്ലം പബ്ലിക് ലൈബ്രറിയിലെ മംഗളം ഹാളില്‍ നടക്കും.
 വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ചിത്രകലയില്‍ പ്രാവീണ്യമുണ്ടായിരുന്നെങ്കിലും അച്ഛന്‍ മോഹനന്‍ എതിര്‍ക്കുകയായിരുന്നു. ഈ എതിര്‍പ്പാണ് പേപ്പര്‍ കൊളാഷ് എന്ന ചിത്രകലാരീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആശയ്ക്ക് തുണയായത്. അച്ഛന് നല്‍കിയ വാക്ക് പാലിക്കാന്‍ അച്ഛന്റെ മരണശേഷവും ബ്രഷും പെയിന്റും ഉപയോഗിക്കാന്‍ ആശ തയ്യാറായില്ല. കഥാകാരന്‍ കാക്കനാടന്റെ പത്‌നി അമ്മിണിയുടെ പ്രോത്സാഹനമാണ് ചിത്രപ്രദര്‍ശനത്തിന് വഴി തെളിച്ചത്. ജലച്ചായത്തെയും എണ്ണച്ചായത്തെയും വെല്ലുന്നവിധം സൗന്ദര്യമുള്ളവയാണ് ആശയുടെ ചിത്രങ്ങള്‍. മനസ്സില്‍ കാണുന്ന ചിത്രത്തിന് അനുയോജ്യമായ വിധം വര്‍ണക്കടലാസുകള്‍ വെട്ടിയെടുത്ത് ഒട്ടിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഇവ പേപ്പര്‍ കൊളാഷാണെന്ന് തിരിച്ചറിയാന്‍ തന്നെ കഴിയില്ല. അമേരിക്കയിലാണ് പേപ്പര്‍ കൊളാഷ് ചിത്രങ്ങള്‍ കൂടുതലായി പ്രചാരത്തിലുളളത്. ആശയുടെ സഹോദരന്‍ അജിത്തും ചിത്രകാരനാണ്. ചിത്രകലയിലും പേപ്പര്‍കൊളാഷിലും ആശയ്ക്ക് ഗുരുക്കന്മാരില്ല. സ്വന്തമായി പഠിച്ചെടുത്ത കല പകര്‍ന്നുനല്‍കാനും ആശയ്ക്ക് താത്പര്യമുണ്ട്. പ്രദര്‍ശനം ബുധനാഴ്ച രാവിലെ പത്തിന് കാക്കനാടന്റെ പത്‌നി അമ്മിണി ഉദ്ഘാടനം ചെയ്യുമെന്ന് ആശ മോഹന്‍, പട്ടത്താനം സുനില്‍, ദിലീപ് മംഗലത്താനം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: