Pages

Tuesday, August 7, 2012

മലയോര പ്രദേശത്ത് ഉരുള്‍പൊട്ടല്‍: മരണം ആറായി


മലയോര പ്രദേശത്ത് ഉരുള്‍പൊട്ടല്‍:
 മരണം ആറായി

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ മലയോര പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ആറായി. കോഴിക്കോട്ടും കണ്ണൂരുമായി ഏഴിടത്താണ് ഉരുള്‍ പൊട്ടിയത്. മൂന്നുപേരെ കാണാതായി. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പാലത്തൊടി ഗോപാലന്‍, കോഴിക്കോട്ട് ആനക്കാംപൊയില്‍ തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടൂസ്, ഭാര്യ ലിസി, പുത്തന്‍പുരയ്ക്കല്‍ വര്‍ക്കി, തുണ്ടത്തില്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്നുവയസ്സുകാരന്‍ കുട്ടൂസ് ഇന്നലെയാണ് മരിച്ചത്. ഗോപാലന്റെയും വര്‍ക്കിയുടേയും ലിസിയുടേയും ഔസേപ്പിന്റെയും മൃതദേഹങ്ങള്‍ രാവിലെ കണ്ടെത്തുകയായിരുന്നു. ഇരിട്ടിയിലെ വള്ളിത്തോട് ഒരു കുട്ടി വെള്ളത്തില്‍ വീണുമരിച്ചിട്ടുണ്ട്. അക്ഷയ് എന്ന കുട്ടിയാണ് മരിച്ചത്. കണ്ണൂര്‍ ഇരിട്ടിക്കടുത്ത് മലവെള്ളപ്പാച്ചിലില്‍ പാലം പൂര്‍ണമായി തകര്‍ന്നു. ഒരു കാറും ബൈക്കും ഒഴുകിപ്പോയി. പാലം തകര്‍ന്ന് ഒഴുക്കില്‍പ്പെട്ട പതിനൊന്നുകാരനുള്‍പ്പെടെ ഏഴുപേരെ രക്ഷപ്പെടുത്തി. ശ്രീകണ്ഠാപുരം ടൗണിലും വെള്ളം കയറി. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലയിലും വയനാട്ടിലും കനത്ത മഴയാണ്. ഇരിട്ടി പട്ടണത്തില്‍ 200 കടകള്‍ വെള്ളം കയറിയ നിലയിലാണ്. കണ്ണൂരില്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രണ്ടിടത്ത് കൂടി ഉരുള്‍പൊട്ടലുണ്ടായി. 

വാണിയമ്പാറ ആനപന്തിയിലാണ് രാവിലെ ഉരുള്‍പൊട്ടിയത്. പഴശി ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണര്‍ന്നിട്ടുണ്ട്. ദ്രുതകര്‍മ്മസേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് ജില്ല ഭരണകൂടം അവധി പ്രഖ്യാപിച്ചു. അതിനിടെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇരിട്ടിയില്‍ സന്ദര്‍ശനം നടത്തി. ദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടെ പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിക്കും.ആനക്കാംപൊയില്‍ പരിസരത്ത് പേമാരിയില്‍ മുപ്പതിലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെയാണ് കഴിഞ്ഞദിവസം അഞ്ചുപേരെ കാണാതായത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹമാണ് രാവിലെ കണ്ടെടുത്ത്. ഒരാള്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പുല്ലൂരാംപാറ കൊടക്കാട്ടുപാറ ചെറുശ്ശേരിയില്‍ പതിനഞ്ചിലേറെ വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. ഏക്കര്‍ കണക്കിന് സ്ഥലത്തെ കാര്‍ഷികവിളകള്‍ നശിച്ചു. രണ്ട് ഓട്ടോറിക്ഷകളും ഒരു ബൈക്കും ഒലിച്ചുപോയി.
 പുല്ലൂരാംപാറ ആനക്കാംപൊയില്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഇരുവഞ്ഞിപ്പുഴ കര കവിഞ്ഞു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത പുല്ലൂരാംപാറയിലെ കൊടക്കാട്ടുപാറ, കോടഞ്ചേരിക്കടുത്ത പൊട്ടന്‍കോടു മല, കണ്ണൂര്‍ ഇരിട്ടിയിലെ വാണിയപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കോടഞ്ചേരി പൊട്ടന്‍കോട്ടു മലയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകള്‍ തകര്‍ന്നു. ഇവിടെ ഒരാളെ കാണാതാവുകയും രണ്ടുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്നിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മലയോരമേഖലയില്‍ വന്‍നാശം വിതച്ചു. പഴശ്ശി പദ്ധതിയുടെ റിസര്‍വോയറില്‍ വെള്ളംകയറി നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ടൗണ്‍, എടക്കാനം, പെരുവമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളില്‍ വെള്ളം കയറി. മേഖലയിലെ ജനജീവിതത്തെ മഴ കാര്യമായി ബാധിച്ചു. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശവുമുണ്ടായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വാണിയപ്പാറതട്ട്, രണ്ടാംകടവ് എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുണ്ടൂര്‍പ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്നാണ് വള്ളിത്തോട് സെന്റ് ജൂഡ് നഗറിലെ വാഴയില്‍ കോണ്‍ക്രീറ്റ് പാലം തകര്‍ന്നത്. അപകടസമയത്ത് പാലത്തിലൂടെ വരികയായിരുന്ന കാറും ബൈക്കുമാണ് ഒഴുകിപ്പോയത്. വെള്ളത്തിന്റെ ഒഴുക്കു നോക്കി പാലത്തിനു മുകളില്‍ നിന്ന അഞ്ചുപേരും കാറിലും ബൈക്കിലുമുണ്ടായിരുന്നവരുമാണ് ഒഴുകിപ്പോയത്. കാര്‍ അര കിലോമീറ്ററോളം ഒലിച്ചുപോയി. ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. 

അപകടസ്ഥലത്തുനിന്ന് 500 ഓളം മീറ്റര്‍ ദൂരത്തില്‍ ഒഴുകിപ്പോയവരെ നാട്ടുകാരും അഗ്‌നിശമനസേനാവിഭാഗവും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. സെന്റ് ജൂഡ് നഗര്‍ ഓടിച്ചുകുന്നിലെ സുരേഷ് (27), കുന്നോത്ത് യു.പി. സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥി സെന്റ് ജൂഡ് നഗറിലെ നെല്ലിപ്പള്ളി ഹൗസില്‍ ജോയല്‍ മാത്യു (11), ഓടിച്ചുകുന്നിലെ കോറോത്ത് ബാലകൃഷ്ണന്‍ (60), വാഴയിലെ കണ്ടോത്ത് മധുസൂദനന്‍ (23), ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന മട്ടന്നൂര്‍ അഗ്‌നിശമനസേനാവിഭാഗത്തിലെ ഫയര്‍മാനും സെന്റ് ജൂഡ് നഗര്‍ സ്വദേശിയുമായ പരപ്രത്ത് സന്ദീപ് (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
 പരിക്കേറ്റ ഇവരെ ഇരിട്ടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സെന്റ് ജൂഡ് നഗറിലെ കാക്കനാട്ട് രഘു (45), ഓടിച്ചുകുന്നിലെ അങ്ങയത്ത് അര്‍ഷാദ് (25) എന്നിവരെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ബൈക്കുമായി അര്‍ഷാദ് വാഴയില്‍ പാലത്തില്‍ പ്രവേശിച്ച സമയത്താണ് പാലം തകര്‍ന്നത്. വാണിയപ്പാറ തട്ടില്‍ ബ്ലാക്ക് റോക്ക് ക്രഷറിന്റെ അധീനതയിലുള്ള മലയിലാണ് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഉരുള്‍പൊട്ടിയത്. ഒരേക്കറോളം സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ കല്ലുകളും മണ്ണും മരത്തടികളും കിലോമീറ്ററുകളോളം ഒലിച്ചെത്തി. 

രണ്ടാംകടവ് വാളത്തോട് മലയില്‍ തുരുത്തേല്‍ ദേവസ്യയുടെ സ്ഥലത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഈന്തുങ്കരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഈന്തുങ്കരി കുലോത്തുംകണ്ടി പാലത്തിന്റെ ഇരുവശത്തെയും ഭിത്തി പൂര്‍ണമായും ഒഴുകിപ്പോയി. മൂന്നു മണിക്കൂറിനിടയിലാണ് മൂന്നു സ്ഥലത്തും ഉരുള്‍പൊട്ടിയത്. പാറയ്ക്കാമല-വാണിയപ്പാറ റോഡ് പൂര്‍ണമായും തകര്‍ന്നു. വാണിയപ്പായിലെ ടി.കെ.ദാമോദരന്റെ വീടും കിണറും മലവെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്നു.
 കച്ചേരിക്കടവില്‍ തോട്ടുങ്കല്‍ മനോജിന്റെ വീട്, ആന്തുപ്പള്ളി ജോണിന്റെ കിണര്‍ എന്നിവ തകര്‍ന്നു. പഴശ്ശി പദ്ധതി പ്രദേശത്ത് വെള്ളം കയറിയതിനാല്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. കോളിക്കടവ് - വട്ട്യറ, കോളിക്കടവ് - മാടത്തി, മാടത്തി - വിളമന എന്നീ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഉച്ചക്കുശേഷം ഗതാഗതം പൂര്‍ണമായും നിലച്ചു. മലയോര പ്രദേശത്തെ ഒരു ഭാഗത്തുമാത്രം അപ്രതീക്ഷിതമായി പേമാരിയുണ്ടായത് അസാധാരണ പ്രതിഭാസമായി കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: