Pages

Tuesday, August 7, 2012

മലിനീകരണവുംപൊതുജനാരോഗ്യവും


മലിനീകരണവുംപൊതുജനാരോഗ്യവും


മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ കേരളം ഏറേ പിന്നിലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാറിന്റെയും സമൂഹത്തിന്റെയും അടിയന്തര ശ്രദ്ധ പതിയേണ്ട ഒന്നാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരിസ്ഥിതിനയങ്ങളുടെ നടപ്പാക്കലിനെപ്പറ്റി കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ നടത്തിയ പഠനത്തില്‍ കേരളത്തിന്റെ ശോചനീയസ്ഥിതിയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. മാലിന്യവിമുക്ത സംസ്ഥാനം എന്ന ലക്ഷ്യം നേടാന്‍ കേരളത്തിന് ഏറേ പണിപ്പെടേണ്ടിവരുമെന്നാണ് ആ പഠനം ഓര്‍മിപ്പിക്കുന്നത്. മലിനീകരണം ഗ്രാമ, നഗരവ്യത്യാസമില്ലാതെ വ്യാപകമായിട്ടുണ്ടെങ്കിലും പ്രശ്‌നം രൂക്ഷമായിരിക്കുന്നത് നഗരങ്ങളിലാണ്. എന്നാല്‍, ഇവിടത്തെ നഗരമാലിന്യശേഖരണശേഷി 20 ശതമാനം മാത്രമാണെന്ന് പഠനത്തില്‍ പറയുന്നു. മലിനജല സംസ്‌കരണശേഷി പേരിനേയുള്ളൂ. ജല, വായു മലിനീകരണ നിയന്ത്രണത്തിലും സംസ്ഥാനത്തിന്റെ സ്ഥിതി പരിതാപകരമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനങ്ങളിലെ മലിനീകരണനിയന്ത്രണ ബോര്‍ഡും പരിസ്ഥിതിവകുപ്പും നടപ്പാക്കിയ വിജയകരമായ മാതൃകകള്‍ കണ്ടെത്തുന്ന ഈ പഠനത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു പരിപാടിയും ഇടംനേടിയിട്ടില്ല. പൊതുജനാരോഗ്യത്തെയും സംസ്ഥാനത്തിന്റെ യശസ്സിനെയും ബാധിക്കുന്ന ഈ സ്ഥിതിവിശേഷത്തില്‍ മാറ്റം ഉണ്ടാക്കിയേ മതിയാകൂ.മലിനീകരണം രൂക്ഷമായതോടെയാണ് കേരളത്തിലെ അധികൃതര്‍ അത് പരിഹരിക്കുന്നതിനുള്ള പരിപാടികളെക്കുറിച്ച് കാര്യമായി ആലോചിച്ചു തുടങ്ങിയത്. അവരുടെ ദീര്‍ഘവീക്ഷണമില്ലായ്മ സ്ഥിതി ആപത്കരമാകാനിടയാക്കി. താത്കാലിക സംവിധാനങ്ങളൊരുക്കി ജനങ്ങളുടെ രോഷം ശമിപ്പിക്കാനാണ് പലപ്പോഴും അധികൃതര്‍ ശ്രമിച്ചത്. ആ ശൈലി പലേടത്തും തുടരുന്നുമുണ്ട്. ചില നഗരങ്ങളില്‍ മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പൂര്‍ണമായും പ്രയോജനപ്പെടുത്താനായിട്ടില്ല. നഗരമാലിന്യം, അപകടകരമായ പാഴ്‌വസ്തുക്കള്‍, ആസ്പത്രിമാലിന്യം എന്നിവ ശേഖരിക്കുന്നതില്‍ 7 0 ശതമാനം വരെ ശേഷി കൈവരിച്ച സംസ്ഥാനങ്ങളുണ്ട്. നഗരാസൂത്രണത്തില്‍ മാലിന്യപ്രശ്‌നത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കാത്തതിന്റെ ദുഷ്ഫലമാണ് കേരളത്തില്‍ പലേടത്തും ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാലിന്യസംസ്‌കരണകേന്ദ്രങ്ങളുടെ സ്ഥാനം, പ്രവര്‍ത്തനരീതി, വൈപുല്യം തുടങ്ങിയവയുടെ പേരില്‍ തര്‍ക്കങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകുന്നത് സാധാരണമായിരിക്കുന്നു. ഒരിടത്തെ മാലിന്യം മറ്റൊരിടത്തുകൊണ്ടുപോയി തള്ളുന്ന രീതിയാണ് കേരളത്തില്‍ പൊതുവേയുള്ളത്. പല തദ്ദേശസ്ഥാപനങ്ങള്‍ക്കും മാലിന്യസംസ്‌കരണത്തിന് പറ്റിയ സ്ഥലം കണ്ടെത്താനും സംവിധാനം ഏര്‍പ്പെടുത്താനും കഴിയാത്തത് ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും കൊണ്ടാണ്. മാലിന്യസംസ്‌കരണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുന്ന രീതിയിലാവരുത്. മാലിന്യശേഖരണശേഷി വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനാധികൃതര്‍ മനസ്സുവെച്ചാല്‍ സാധിക്കും. അതോടൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും ഉണ്ടാകണം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അനുമതി നല്‍കുന്നത് ഇതിനുതകുന്ന നിബന്ധനകളോടെയാവണം.

ജല മലിനീകരണത്തിന്റെ കാര്യത്തില്‍ കേരളം എവിടെ നില്‍ക്കുന്നുവെന്ന് നമ്മുടെ നദികളടക്കമുള്ള പൊതുജലാശയങ്ങള്‍ കാണുന്ന ആര്‍ക്കും വ്യക്തമാകും. ജലാശയങ്ങളെ മാലിന്യനിക്ഷേപകേന്ദ്രങ്ങളാക്കുന്നതില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം പങ്കുണ്ട്. ഇത് തടയാനോ നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ല. പഴയകാലത്തെ ജലസമൃദ്ധിയുടെ സ്ഥാനത്തിപ്പോഴുള്ളത് മലിനജല സമൃദ്ധിയാണ്. ശുദ്ധമായ കുടിവെള്ളം ഗ്രാമങ്ങളില്‍പ്പോലും ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നു.കെട്ടിടങ്ങളുടെ വര്‍ധന, ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍, വിപണിസംസ്‌കാരം, പ്ലാസ്റ്റിക്കിന്റെ പ്രചാരം തുടങ്ങിയവ മലിനീകരണം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ചുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയേ വഴിയുള്ളൂ. സമഗ്രമായ ആസൂത്രണവും അതിന്റെ അടിസ്ഥാനത്തിലുള്ള വികേന്ദ്രീകൃത നടപടികളുമാണ് ഈ രംഗത്ത് ഉണ്ടാകേണ്ടത്. ഇങ്ങനെ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയാലേ, ബോധവത്കരണത്തിലൂടെയും ശിക്ഷാനടപടികളിലൂടെയും ജനങ്ങളില്‍ പൊതുശുചിത്വബോധം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും വിജയിക്കൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: