Pages

Friday, August 10, 2012

സീനിയര്‍ വിദ്യാര്‍ഥികള്‍ മാന്യമായി പെരുമാറണം


സീനിയര്‍ വിദ്യാര്‍ഥികള്‍ മാന്യമായി പെരുമാറണം
റാഗിങ്ങിനെതിരെ കടുത്ത നിയമങ്ങളും പ്രചാരണവും ഉണ്ടായിട്ടും ആ ക്രൂരത പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടരുകയാണ്. റാഗിങ്ങിന്റെ പേരിലുള്ള പീഡനങ്ങളില്‍ പലതും മനുഷ്യമനസ്സാക്ഷിയെ നടുക്കുന്നവയാണ്  ഇവയില്‍ പലതും . പ്രതീക്ഷയോടെവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന പുതിയ കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളിലും മാര്‍ഗദര്‍ശകരാകേണ്ടവരാണ് സീനിയര്‍ വിദ്യാര്‍ഥികള്‍. അവരില്‍ ചിലര്‍ നവാഗതരുടെ ജീവിതം തന്നെ തകര്‍ക്കുന്നു. സ്‌നേഹത്തിന്റെയും ഐക്യബോധത്തിന്റെയും പാഠശാലകള്‍ കൂടിയാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവാഗതര്‍ക്ക് പേടിസ്വപ്നമാക്കുന്ന ഇക്കൂട്ടര്‍ മാപ്പര്‍ഹിക്കുന്നില്ല. റാഗിങ്ങിന്റെ പേരിലുള്ള പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യക്കു മുതിര്‍ന്നവരും പഠനം ഉപേക്ഷിച്ചവരും ധാരാളമുണ്ട്. മാനസികാഘാതം കാരണം പഠനത്തില്‍ ശ്രദ്ധിക്കാനാവാത്ത സ്ഥിതി പലരുടെയും ഭാവിയെ ബാധിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ഉള്‍ക്കൊണ്ട് റാഗിങ് നിര്‍മാര്‍ജനത്തില്‍ നീതിപീഠങ്ങള്‍ വലിയ താത്പര്യം കാണിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഉചിതമായ നടപടികള്‍ പലപ്പോഴും ഉണ്ടാകുന്നില്ല.നിയമങ്ങളില്ലാത്തതല്ല, അവ വേണ്ടവിധം നടപ്പാക്കാത്തതാണ് ഇവിടെയും പ്രശ്‌നമാകുന്നത്. ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ ഏതു ദുഷ്പ്രവണതയും തുടര്‍ന്നുകൊണ്ടിരിക്കുമെന്നതിനു തെളിവാണ് റാഗിങ്. വിദ്യാഭ്യാസ സ്ഥാപനാധികൃതര്‍ കര്‍ശന നിലപാടെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്താല്‍ത്തന്നെ ഈ വിപത്ത് വലിയൊരു പരിധിയോളമെങ്കിലും ഒഴിവാക്കാന്‍ കഴിയും. റാഗിങ് നടത്തിയതായി ആരെങ്കിലും പരാതിപ്പെട്ടാല്‍ത്തന്നെ ഗൗരവമായി കാണാന്‍ പല സ്ഥാപന മേധാവികളും മടിക്കുന്നു. പരാതിക്കാരെ പിന്തിരിപ്പിക്കാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഇവര്‍ക്കെതിരെയും നടപടി ഉണ്ടാകണം. പോലീസും മറ്റ് അധികൃതരും വിദ്യാര്‍ഥികളും ജാഗ്രത പുലര്‍ത്തിയാലേ ഇത്തരക്കാരെ തിരിച്ചറിയാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയൂ. എന്തിന്റെ പേരിലായാലും, ജൂനിയര്‍ വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു രസിക്കുന്നവര്‍ വിദ്യാര്‍ഥി വര്‍ഗത്തിനു മാത്രമല്ല, പരിഷ്‌കൃത സമൂഹത്തിനു തന്നെ അപമാനമാണ്. നവാഗതരുടെ ഭയവും നിസ്സഹായതയും ചൂഷണം ചെയ്ത് വീരന്മാരായി വിലസുന്നവര്‍ വാസ്തവത്തില്‍ വലിയ സാമൂഹിക ദ്രോഹം തന്നെയാണു ചെയ്യുന്നത്. വിദ്യകൊണ്ട് അറിയേണ്ടത് അറിയാത്തവരേ മറ്റുള്ളവര്‍ക്കു മുന്‍പില്‍ തിളങ്ങാന്‍ തിന്മകളെ കൂട്ടുപിടിക്കൂ. റാഗിങ്ങിനെതിരെ പ്രചാരണവും ബോധവത്കരണവും നടക്കുന്നുണ്ട്. രണ്ടും ഫലം ചെയ്യാത്ത സാഹചര്യത്തില്‍ നിയമത്തിന്റെ ഉരുക്കുമുഷ്ടിതന്നെ ഇത്തരക്കാരുടെ മേല്‍ പതിയണംനവാഗതരുടെ ശരീരത്തിനും മനസ്സിനും ക്ഷതമേല്‍പ്പിക്കുന്ന 'റാഗിങ്' വിദേശരാജ്യങ്ങളിലെ കലാലയങ്ങളിലില്ല. ഇവിടെ മാത്രം ഇതു തുടരുന്നത് നിയമം നടപ്പാക്കാനും കലാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പുവരുത്താനും ബാധ്യസ്ഥരായവരുടെ ലജ്ജാകരമായ കഴിവുകേടും കാരുണ്യരാഹിത്യവും കൊണ്ടാണ്. കടുത്ത നടപടിയുണ്ടാകുമെന്നു വരട്ടെ, ആരും ഈ ക്രൂരതയ്ക്ക് മുതിരില്ല. കലാലയാധികൃതര്‍ നിയമപ്രകാരം വേണ്ടതു ചെയ്തില്ലെങ്കില്‍ പോലീസിന് നേരിട്ട് ഇടപെടാന്‍ സ്വാതന്ത്ര്യം നല്‍കണം. പരാതിപ്പെടാന്‍ വിദ്യാര്‍ഥികള്‍ മടിച്ചാല്‍ പോലീസ് നേരിട്ട് അന്വേഷിച്ച് നടപടിയെടുക്കുന്ന രീതിയും നിലവില്‍ വരണം. റാഗിങ് തടയുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്. റാഗിങ്ങിനെതിരായ ബോധവത്കരണം അവര്‍ തന്നെ മക്കള്‍ക്കു നല്‍കിയാല്‍ കുറച്ചെങ്കിലും ഫലം ഉണ്ടാകാതിരിക്കില്ല. പ്രചാരണം നടത്തിയും നവാഗതര്‍ക്ക് ആത്മവിശ്വാസം നല്‍കിയും വിദ്യാര്‍ഥിസംഘടനകള്‍ക്കും ഇതില്‍ പങ്കുവഹിക്കാന്‍ കഴിയും. റാഗിങ് കാടത്തമായിത്തീര്‍ന്നതെങ്ങനെയെന്നും ജൂനിയര്‍ വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയെ അതെങ്ങനെ ബാധിക്കുന്നുവെന്നും പഠിക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് ഇത്തരം പഠനങ്ങള്‍ സഹായകമാകും.എന്തായാലും പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നത് റാഗിങ് എന്ന വിപത്ത് എത്രയും വേഗം തുടച്ചുനീക്കിയേ മതിയാകൂ എന്നാണ്. ആവശ്യമെങ്കില്‍ അതിശക്തമായ സാമൂഹിക ഇടപെടല്‍ തന്നെ ഇക്കാര്യത്തിലുണ്ടാകണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: