Pages

Sunday, August 12, 2012

പരിസ്ഥിതി പരമപ്രധാനം


പരിസ്ഥിതി പരമപ്രധാനം

പാരിസ്ഥിതികസന്തുലനംനിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ വേണ്ടസമയത്തുതന്നെ എടുക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടാകുന്നത് സാധാരണമായിരിക്കുന്നു. അടുത്തകാലത്തായി നീതിപീഠങ്ങള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന താത്പര്യം ശ്രദ്ധേയമാണ് . ചെറുകിടധാതുക്കളുടെ ഖനനത്തില്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് പരമോന്നതനീതിപീഠം ഇയിടെ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കരിങ്കല്ല്, ചെങ്കല്ല്, കളിമണ്ണ് എന്നിവയുടെ ഖനനത്തിന് അനുമതി നല്‍കുന്നത് സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പുഴകളില്‍നിന്ന് മണല്‍ വാരുന്നതിനും ഈ നിബന്ധന ബാധകമാണ്. കരിങ്കല്ല്, ചെങ്കല്ല്, കളിമണ്ണ്, മണല്‍, കക്ക എന്നിവ ചെറുകിട ധാതുക്കളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഖനനം ചെയ്യുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസുകളാണ് അനുമതി നല്‍കിവരുന്നത്. നിലവിലുള്ള ചട്ടങ്ങളനുസരിച്ച് അഞ്ച് ഹെക്ടറില്‍ താഴെയുള്ള പ്രദേശത്തെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. പല സംസ്ഥാനങ്ങളും ഈ വ്യവസ്ഥ ദുരുപയോഗം ചെയ്ത് അശാസ്ത്രീയമായി ഖനനം നടത്തുന്നതായി പരാതിയുണ്ടായി. ഈ സാഹചര്യത്തിലാണ് അഞ്ച് ഹെക്ടറില്‍ താഴെയുള്ള സ്ഥലങ്ങളിലെ ഖനനത്തിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിവേണമെന്ന് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെയുള്ള ഖനനങ്ങള്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. നദികളിലും പുഴകളിലും തോടുകളില്‍നിന്നുമുള്ള അശാസ്ത്രീയവും അനിയന്ത്രിതവുമായ മണല്‍വാരല്‍ ജലമലിനീകരണത്തിനും കടുത്ത കുടിവെള്ളക്ഷാമത്തിനും ഇടയാക്കി. അശാസ്ത്രീയമായ കരിങ്കല്‍ ഖനനം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുമാത്രമല്ല, വന്‍ അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ജൈവവ്യവസ്ഥയ്ക്കും അത് ദോഷം ചെയ്യുന്നതായി പരിസ്ഥിതി വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. ചെങ്കല്ല് , കളിമണ്ണ് ഖനനം, കക്കവാരല്‍ തുടങ്ങിയവയും വന്‍തോതില്‍ നടക്കുന്നുണ്ട്. ഇത്തരം ഖനനങ്ങള്‍ പരിധിവിട്ടപ്പോഴാണ് ഈ രംഗത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അവ പലേടത്തും അവഗണിക്കപ്പെട്ടു. വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ നിയുക്തരായ അധികൃതരില്‍ പലരുടെയും അനാസ്ഥയും ഖനനം വ്യാപകമാകാന്‍ കാരണമായി. സ്വാധീനവും സമ്മര്‍ദവും ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ മറികടക്കാനും പലര്‍ക്കും സാധിച്ചു. ഈ സാഹചര്യത്തിലാണ് അഞ്ച് ഹെക്ടറില്‍ താഴെയുള്ള സ്ഥലങ്ങളുടെ കാര്യത്തിലും പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.മണല്‍, കരിങ്കല്ല്, ചെങ്കല്ല്, കളിമണ്ണ്, കക്ക തുടങ്ങിയവ നമുക്ക് ഒഴിവാക്കാനാവില്ല. എന്നാല്‍, ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതി ആപത്കരമാകുമെന്ന നിലയ്ക്ക് നിയന്ത്രണങ്ങള്‍ കൂടിയേ കഴിയൂ. നിര്‍മാണമേഖലയുടെ പുരോഗതി കരിങ്കല്ല്, ചെങ്കല്ല്, മണല്‍ തുടങ്ങിയവയുടെ ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ഖനനം സ്തംഭിച്ചാല്‍ അത് ഈ മേഖലയെ ബാധിക്കുകയും ഒട്ടേറെപ്പേര്‍ തൊഴില്‍രഹിതരാകുകയും ചെയ്യും. വീടുനിര്‍മാണത്തിനും മറ്റും അവ സാധാരണക്കാര്‍ക്കും അനിവാര്യമാണ്. ഈ വസ്തുതകള്‍ മറന്നുകൂടാ. കേരളത്തിന്റെ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് ഖനനത്തിനായി പുതിയ നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പരിധിവിട്ടുള്ള ചൂഷണം തടയാനും ഇവ ലഭിക്കാതെ ജനങ്ങള്‍ വലയാതിരിക്കാനും ഉതകുന്ന നിയന്ത്രണങ്ങളാണ് ഈ രംഗത്ത് ആവശ്യം. അഞ്ചേക്കറില്‍ താഴെയുള്ള സ്ഥലത്ത് ഖനനത്തിന് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി കിട്ടണമെങ്കില്‍ പരിസ്ഥിതി ആഘാതപഠനം നടത്തണം. കേരളത്തില്‍ ഇതിന് വേണ്ടത്ര സൗകര്യമില്ല. ഇത്തരം പോരായ്മകള്‍ ഉടനെ പരിഹരിക്കണം. അനുമതിയോടെ ഖനനം നടത്തുകയും കല്ലും മണലും മറ്റും ലഭ്യതയ്ക്കനുസരിച്ചുമാത്രം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടാക്കുകയും ചെയ്താല്‍, നിര്‍മാണമേഖലയുടെ ആവശ്യം ഒരുപരിധിവരെ നിറവേറ്റാന്‍ കഴിയും. പോരായ്മകള്‍ നികത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മറ്റുവഴികള്‍ തേടുകയും വേണം. പരിസ്ഥിതി സംരക്ഷണത്തെയും വികസനപ്രവര്‍ത്തനത്തെയും വിരുദ്ധമേഖലകളായി കാണാതെ, സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന സമീപനമാണ് ആവശ്യം.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: