Pages

Tuesday, August 4, 2020

കോവിഡ് വ്യാപനം തടയാൻ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കാം,പക്ഷെ പോലീസ് രാജ് വേണ്ടാ .

കോവിഡ് വ്യാപനം തടയാൻ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കാം,പക്ഷെ പോലീസ് രാജ് വേണ്ടാ .

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകുമെന്നറിയുന്നു .ലോക്ക്ഡൗണിന്റെ ഒന്നാംഘട്ടത്തിൽ മികച്ച രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പൊലീസ് ഇടപെട്ടത്. അതിനാൽ തന്നെ രോഗ വ്യാപനം തടയാൻ കഴിഞ്ഞു. ഇപ്പോൾ രോഗവ്യാപനം കൂടുതലാണ്. അതിനാൽ ഇനിയും ഇതേ രീതിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുണ്ട്.  ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ പൊലീസിന്  വലിയ പങ്കുണ്ട് . അനാവശ്യ യാത്രകൾ, മാസ്ക്, സമൂഹിക അകലം തുടങ്ങി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പൊലീസാണ്. പക്ഷെ  പോലീസ് രാജ് നടത്താൻ പാടില്ല  പോലീസ് മേധാവികൾ ഒരിക്കലും  ഭരണപക്ഷത്തിൻറെ കൈയ്യിലെ ചട്ടുകം ആയി മാറാൻ പാടില്ല .

കോവിഡ് മഹാമാരിയെ തുടച്ചുനീക്കാൻ  അദ്ഭുതവിദ്യകളൊന്നുമില്ലെന്ന്  ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നിരുന്നാലും അതൊക്കെ ഫലപ്രദമാകുമെന്ന് ലോകാരോഗ്യസംഘടനയ്ക്കുപോലും തത്കാലം ശുഭാപ്തിവിശ്വാസമില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാൽ കോടി കടക്കുകയും മരിച്ചവരുടെ എണ്ണം ഏഴു ലക്ഷത്തിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിശദീകരണം. എന്നാൽ, രോഗം ബാധിച്ചവരിൽ നൂറ്റിപ്പത്തു ലക്ഷത്തോളം പേർ ചികിത്സയിലൂടെ രോഗമുക്തരായി എന്ന നേട്ടത്തെ കുറച്ചുകാണാനാവില്ല. രോഗം വരാം, പക്ഷേ, അത് മാറ്റാനാകും, വരാതിരിക്കാനുള്ള അദ്ഭുതവിദ്യകളാണില്ലാത്തത്.

സംസ്ഥാനത്ത് മഹാമാരിയെ നേരിടുന്നതിൽ ആദ്യത്തെ മൂന്നു മാസത്തോളം നടത്തിയ പ്രവർത്തനം ലോകോത്തരമെന്ന്പൊതുവേ  വാഴ്ത്തപ്പെട്ടതാണ്. പക്ഷേ, എത്രപെട്ടെന്നാണ് എല്ലാം കൈവിട്ടുപോയത്. ജാഗ്രത പോയ്പോയതാണ്, അലംഭാവമാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞിരിക്കുകയാണ്. ദിവസേന ആയിരത്തിലേറെ പേർക്ക് രോഗബാധ, അതിൽ എൺപത് ശതമാനത്തോളവും സമ്പർക്കത്തിലൂടെ എന്ന അവസ്ഥയിലാണിപ്പോൾ കേരളം. രാജ്യത്ത് സമൂഹവ്യാപനം ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. അവിടെ വലിയതോതിൽ ജാഗ്രതക്കുറവുണ്ടായെന്നത് നേരാണുതാനും. ദൈനംദിനജീവിതം തള്ളിനീക്കുന്നതിനുള്ള വ്യഗ്രതയും വേവലാതിയുമാണ് അവിടെ അലംഭാവത്തിനടിസ്ഥാനമെന്നിരിക്കിലും തെറ്റ് തെറ്റുതന്നെയാണ്.

സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് രോഗപ്പകർച്ച ശ്രദ്ധയിൽപ്പെട്ട ഉടനെ കുറേക്കൂടി ജാഗരൂകമായ പ്രവർത്തനം ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ സമൂഹവ്യാപനത്തെ കുറച്ചൊക്കെ നിയന്ത്രിക്കാനായേക്കുമായിരുന്നു.

സമ്പർക്കത്തിലൂടെയാണ് രോഗബാധ കൂടുതൽ എന്ന യാഥാർഥ്യമാണ് അലംഭാവമുണ്ടായെന്ന തിരിച്ചറിവിന് നിദാനം. തൊഴിൽശാലകൾ ഭാഗികമായെങ്കിലും പ്രവർത്തിക്കാൻ തുടങ്ങുകയും പൊതുയാത്രാ സംവിധാനം പുനരാരംഭിക്കുകയുമെല്ലാം ചെയ്യുമ്പോൾ എത്രതന്നെ ജാഗ്രത പാലിച്ചാലും രോഗപ്പകർച്ച സാധ്യതയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആരുടെയെങ്കിലും മനഃപൂർവമായ അലംഭാവമായി അതിനെ കാണാനാവില്ല. തലസ്ഥാനജില്ലയിലേതുപോലെ സ്ഥിതി കൈവിട്ടുപോകാതിരിക്കുന്നതിനുള്ള കരുതലായാണ് അടുത്തദിവസംമുതൽ നിയന്ത്രണങ്ങൾ കർക്കശമാക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനമുണ്ടായ കാസർകോട് ജില്ലയിലും മറ്റും ഏർപ്പെടുത്തിയതുപോലുള്ള നിയന്ത്രണങ്ങളാണ് വരാൻപോകുന്നത്. പൂർണമായും പോലീസിന്റെ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി  അറിയിച്ചിട്ടുള്ളത്. ജനങ്ങൾക്ക് ഇത് പ്രയാസം സൃഷ്ടിക്കുമെന്നറിയാമെന്നും പക്ഷേ, ജീവനല്ലേ വലുത് എന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

കൺടെയ്ൻമെന്റ് സോണുകളിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കാതെയുള്ള കർശന അടച്ചുപൂട്ടൽ വേണ്ടിവരുമെന്നതിൽ സംശയമില്ല. ക്വാറന്റീൻ ലംഘനവും മറ്റും കർശനമായി തടയുകയും വേണം. എന്നാൽ പോലീസ്  പലപ്പോഴും  ബുദ്ധിപൂർവം  പെരുമാറേണ്ടിയിരിക്കുന്നു .ഗുണത്തിന് പകരം ദോഷമായി ഭവിക്കരുത് .പോലീസിന് അമിതാധികാരം നൽകുന്നത്  പലപ്പോഴും ദോഷം ചെയ്യും .അതിജീവനത്തിനൊപ്പം അന്നന്നത്തെ അപ്പത്തിനുള്ള വക കണ്ടെത്താൻ  പാവപ്പെട്ടവന് കഴിയാതെ വന്നാൽ  എല്ലാം തകരും.ലോക്ഡൗണിന് അയവുവരുത്തിയത് രോഗപ്പകർച്ചാ സാധ്യത ഇല്ലാതായതുകൊണ്ടല്ല. ജീവിതം വഴിമുട്ടുന്നനിലയിൽ എല്ലാ വാതിലുകളും അനിശ്ചിതമായി അടച്ചിടുന്നത് ആത്മഹത്യാപരമാണെന്നതിനാലാണ്.പോലീസിന് നൽകുന്ന അധികാരം  പരിധിക്കപ്പുറത്തേക്ക് കടക്കാതിരിക്കാൻ സർക്കാർ  ശ്രമിക്കണം .അല്ലെങ്കിൽ  എല്ലാം താളം തെറ്റും.

 

പ്രൊഫ്. ജോൺ കുരാക്കാർ


No comments: