Pages

Friday, June 5, 2020

"മനുഷ്യന്‍റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതില്ലതാനും "


"മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതില്ലതാനും "
'മനുഷ്യന്‍റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതില്ല' എന്ന  മഹാത്മാഗാന്ധിയുടെ  മഹത് വചനം  ഈ പരിസ്ഥിതിദിനത്തിൽ പ്രത്യകം ശ്രദ്ധേയമാണ് .  മേലണ്ണാക്കും നാവും പൊട്ടിച്ചിതറി നരകയാതന അനുഭവിച്ച് മരിച്ച ഗർഭിണിയായ ഒരു പിടിയാനയുടെ ചോരയിൽ ചവിട്ടി നിന്നുകൊണ്ടാണ്ഈ വർഷത്തെ  പരിസ്ഥിതിദിനം ആചരിക്കുന്നത്.സഹജന്തുജാലങ്ങളോട് കരുണയില്ലാത്ത ,ക്രൂരതകൾ  നിറഞ്ഞ ഒരു കാലഘട്ടത്തിലാണ്  നാം ജീവിക്കുന്നത് .
ഒരു ദിനാചാരണത്തിലും ഒരു മരത്തൈ നടുന്നതിലും തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്തം. ഒറ്റയ്ക്കൊരു നിലനിൽപ്പ് സാധ്യമല്ലെന്നും എല്ലാ ജീവജന്തുജാലങ്ങളെയും ഒരു ചങ്ങലയിലെ  കണ്ണികളായി  നാം കാണണം .ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാന്‍കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും നല്‍കുന്ന അമ്മയാണ് പ്രകൃതി എന്ന  തിരിച്ചറിവ്   നമുക്ക്  ഉണ്ടാകണം . സര്‍വ്വജീവജാലങ്ങളുടേയും ഏക ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എന്റെ ധര്‍മ്മമാണെന്ന് കരുതുന്ന കാലം വരണം .
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി . അത്തരം ചൂഷണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സൂനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും . ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ് .വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ് . പക്ഷെ നമ്മുടെ പ്രകൃതിയെയും ആവസവ്യവസ്ഥ യെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം ?
കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യന്‍െറ നിലനില്‍പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്.  ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നു ഓര്‍ക്കുക

പ്രൊഫ്. ജോൺ കുരാക്കാർ

No comments: