Pages

Tuesday, February 18, 2020

കാട്ടുതീയിൽ നിന്ന് സംരക്ഷിക്കപ്പെടാതെ പോകുന്ന നമ്മുടെ വനങ്ങളും വനപാലകരും


കാട്ടുതീയിൽ  നിന്ന് സംരക്ഷിക്കപ്പെടാതെ പോകുന്ന
നമ്മുടെ വനങ്ങളും  വനപാലകരും

തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കു സമീപം കൊറ്റമ്പത്തൂരിൽ വനമേഖലയിൽ കാട്ടുതീ കെടുത്തുന്നതിനിടെ മൂന്ന് ഫോറസ്റ്റ് വാച്ചർമാർ വെന്തുമരിച്ചു. ചെറുതുരുത്തിയിൽനിന്ന് 17 കിലോമീറ്റർ അകലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ വനം ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ  താൽക്കാലിക ജീവനക്കാരൻ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പിൽ വേലായുധൻ  വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പിൽ ശങ്കരൻ എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.  കാട്ടുതീയിൽനിന്നു വനം രക്ഷിക്കാൻ ജീവൻ ബലികൊടുത്ത മൂന്നു വനപാലകരുടെ ദാരുണമരണം സമൂഹമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നു.
ഒരു ദുരന്തം എന്ന നിലയ്ക്കുമാത്രം രേഖപ്പെടുത്തി എഴുതിത്തള്ളേണ്ട ഒരു സംഭവമല്ല ഞായറാഴ്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എൻഎൽ) അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലുണ്ടായത്. സംരക്ഷിക്കപ്പെടാതെ പോകുന്ന നമ്മുടെ വനങ്ങളുടെ മാത്രമല്ല, വനപാലകരുടെയും അവസ്ഥയുടെ നേർച്ചിത്രം ആ ദുരന്തഭൂമിയിൽനിന്നു കണ്ടെടുക്കാം. ഒരു ഫോറസ്റ്റ് വാച്ചറും രണ്ടു താൽക്കാലിക ജീവനക്കാരും മരിച്ചപ്പോൾ ഇല്ലാതായത് അവരുടെ കുടുംബത്തിന്റെ ആലംബമാണ്.കാട്ടുതീയിലേക്ക് ഈയാംപാറ്റകളെപ്പോലെ പറത്തിവിടാനുള്ളതല്ല നമ്മുടെ വനപാലകരുടെ ജീവൻ എന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ ദുരന്തം. വേണ്ടത്ര ഉപകരണങ്ങളും തീ കെടുത്താനുള്ള പരിശീലനവും നൽകിയാണോ വനപാലകരെ തീക്കാട്ടിലേക്ക് അയയ്ക്കുന്നതെന്നു വനംവകുപ്പ് ഇനിയെങ്കിലും ചിന്തിച്ചേതീരൂ. ലോകം ഇത്ര പുരോഗമിച്ചിട്ടും മരത്തിന്റെ കമ്പുകൾകൊണ്ടു തീ തല്ലിക്കെടുത്തിയാണു നമ്മുടെ വനപാലകർ ഇപ്പോഴും വനം സംരക്ഷിക്കുന്നത് എന്നതു കഷ്ടം തന്നെ. ചില വനമേഖലകളിൽ ഫയർ ബീറ്റർ ‌‌ഉപയോഗിക്കുന്നുണ്ട്. നീളമുള്ള ഇരുമ്പു പൈപ്പിന്റെ അറ്റത്ത് റബർവള്ളി ഘടിപ്പിച്ചുള്ള സംവിധാനമാണ് ഫയർ ബീറ്റർ; ‘മരച്ചില്ല സാങ്കേതികവിദ്യയുടെ ഒരു യന്ത്രവൽകൃത രൂപം. അതിനപ്പുറത്തേക്കു നമ്മുടെ വനംവകുപ്പ് ചിന്തിക്കാൻ ഇനിയും വൈകിക്കൂടാ.

പ്രാകൃതവും അശാസ്ത്രീയവുമായ രീതികൾ കൊണ്ട് നമ്മുടെ കാടുകൾ സംരക്ഷിക്കാനിറങ്ങിയാൽ വനപാലകരുടെ ജീവൻ ഏതു നേരത്തും അപകടത്തിലാവാം എന്നതിന്റെ തെളിവാണ് കൊറ്റമ്പത്തൂർ സംഭവം. ഓസ്ട്രേലിയയിലും ആമസോൺ മഴക്കാടുകളിലും ഈയിടെയുണ്ടായ വൻ കാട്ടുതീയണയ്ക്കാൻ വെള്ളം നിറച്ച ബാഗുകളും പമ്പും മുതൽ ഹെലികോപ്റ്റർ വരെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടും വേണ്ടരീതിയിൽ ഫലവത്തായില്ല. അത്തരമൊരു തീ കേരളത്തിന്റെ വനമേഖലയിൽ ഉണ്ടായാൽ എന്തു ചെയ്യുമെന്നു സർക്കാരിന് ഒരു രൂപവുമില്ലെന്നതാണു വാസ്തവം.
വനത്തിലെ ജൈവസമ്പത്തു കത്തിത്തീരുന്നതു കണ്ടിരിക്കാനുള്ളതല്ല. കാടുകളെ സംരക്ഷിക്കാൻ കാലങ്ങൾകൊണ്ടു പരിചയിച്ച ചില ശീലങ്ങൾ മാത്രമാണു നമുക്കുള്ളത്. ജനവാസമേഖലയിൽ നിന്നും റോഡരികുകളിൽ നിന്നും കാട്ടിലേക്കു തീ പടരാതിരിക്കാൻ ഉണങ്ങിയ പുല്ലുകൾ നിയന്ത്രിതമായി കത്തിച്ചുനീക്കുന്ന ‘ഫയർലൈൻസംവിധാനം പോലും കൊറ്റമ്പത്തൂരിലെ എച്ച്എൻഎൽ എസ്റ്റേറ്റിൽ നാലഞ്ചു വർഷമായി ചെയ്തിട്ടില്ല. കഴിഞ്ഞ നാലു വർഷവും ഈ മല കാട്ടുതീയ്ക്ക് ഇരയായി എന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞവർഷം 100 ഹെക്ടറിലധികം കാടു കത്തിയിരുന്നു. എത്രയോ ജീവജാലങ്ങൾ ആ തീയിൽപെട്ട് ഇല്ലാതാവുന്നുണ്ടാകും. ജനവാസമേഖലയിലേക്ക് ഈ തീ ഇറങ്ങിയാൽ എന്തു ചെയ്യും?
ഇത് ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. കേരളത്തിലെ എല്ലാ വനമേഖലകളിലും തീ പടരാനുള്ള സാധ്യതയുണ്ട്. ‘ഫയർലൈൻപോലുള്ള സംവിധാനങ്ങളെങ്കിലും ഏർപ്പെടുത്തിയോ എന്നു യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധിച്ചു നടപടി സ്വീകരിക്കണം. വനംവകുപ്പ് ഉടൻ ആധുനികവൽക്കരിക്കണമെന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പോലുള്ള സംഘടനകൾ മുന്നോട്ടുവച്ച നിർദേശം വിരൽചൂണ്ടുന്നത് നമ്മുടെ വനപാലകർ നിരന്തരം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിലേക്കു തന്നെയാണ്. തീയണയ്ക്കാൻ കാട്ടിലേക്ക് എത്തിക്കാവുന്ന വാഹനങ്ങൾ സജ്ജീകരിക്കണം; ആധുനിക യന്ത്രസംവിധാനങ്ങൾ നൽകുകയും വേണം. വനംവകുപ്പിൽ ആവശ്യത്തിനു ജീവനക്കാരില്ലെന്നതും ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വനയോര പ്രദേശങ്ങളിലെല്ലാം ബോധവൽക്കരണം കാര്യക്ഷമമാക്കണം. ഓരോ വർഷവും 15 കോടിയോളം രൂപയാണു കാട്ടുതീ തടയാൻ വനംവകുപ്പു ചെലവഴിക്കുന്നത്. വനമേഖലയിലെ കാട്ടുതീ പ്രതിരോധ പ്രവർത്തനത്തിന്  കാര്യക്ഷമമായ കർമപദ്ധതി തയ്യാറാക്കേണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: