Pages

Sunday, August 25, 2019

പ്ലൂട്ടോയിലെ ഈ ഗര്‍ത്തത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേര്

പ്ലൂട്ടോയിലെ ഈ ഗര്‍ത്തത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേര്

സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയും ഇന്ത്യയും തമ്മില്‍ ഇപ്പോള്‍ 'ബന്ധുക്കള്‍'. ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ബിഷുന്‍ ഖാരെയാണ് ഈ ബന്ധത്തിന് കാരണമായത്. പ്ലൂട്ടോയിലെ ഒരു ഗര്‍ത്തത്തിന് നല്‍കിയിരിക്കുന്നത് ബിഷുന്‍ ഖാരെയുടെ പേരാണ്. 
ഈ മാസം ആദ്യമാണ് നാസയുടെ ന്യൂ ഹൊറൈസണ്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പ്ലൂട്ടോയുടെ 14 സവിശേഷതകള്‍ക്കായി നിര്‍ദേശിച്ച പേരുകള്‍ ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു.) അംഗീകരിച്ചത്. 
നേരത്തെ ബനാറസ് എന്ന് അറിയപ്പെട്ടിരുന്ന വാരാണസിയില്‍ 1933 ജൂണ്‍ 27ലാണ് ബിഷുന്‍ ഖാരെ ജനിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നിവയില്‍ ബിരുദം നേടിയ അദ്ദേഹം ന്യൂയോര്‍ക്കിലെ സിറക്യൂസ് സര്‍വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ശേഷം ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലും ടൊറന്റോ സര്‍വകലാശാലയിലും ഗവേഷകനായി.
Bishun Khare
ബിഷുന്‍ ഖാരെ Image Credit: SETI Institute
1960കളിലും 1990കളിലും അദ്ദേഹം കോര്‍ണല്‍ സര്‍വകലാശാലയില്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ കാള്‍ സാഗനൊപ്പം പ്രവര്‍ത്തിച്ചു. നൂറോളം പ്രബന്ധങ്ങള്‍ ഇരുവരും ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. ശേഷം 1996 ല്‍ അദ്ദേഹം നാസ ഏംസ് റിസര്‍ച്ച് സെന്ററില്‍ സീനിയര്‍ നാഷണല്‍ റിസര്‍ച്ച് ഫെലോ ആയി എത്തി. 1998 ല്‍ എസ്ഇടിഐ ഇന്‍സ്റ്റിറ്റിയട്ടില്‍ (SETI Institute) ചേര്‍ന്നു. 2013 ഓഗസ്റ്റില്‍ 80-ാം വയസിലാണ് അദ്ദേഹം മരണമടയുന്നത്. 
ശനിയുടെ ഉപഗ്രഹമായ ടൈറ്റാനെ മൂടുന്ന കട്ടിയുള്ള മൂടല്‍മഞ്ഞ് ഉണ്ടാക്കുന്ന സംയുക്തങ്ങളുടെ രൂപവല്‍കരണത്തെകുറിച്ചും അതിന്റെ സഹോദര ഉപഗ്രഹത്തില്‍ നിന്നും വമിക്കുന്ന ജൈവ സംയുക്തങ്ങളെ കുറിച്ചും മീഥെയിനിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്. 
pluto features
Image Credit: IAU
പ്ലൂട്ടോയിലെ ഇരുണ്ടതും ചുവപ്പേറിയതുമായ പ്രദേശങ്ങള്‍ക്ക് കാരണമായ ജൈവ സംയുക്തമായ തോളിന്‍സിനെ കുറിച്ച് പഠിക്കുന്നതില്‍ ഖാരെ പങ്കാളിയായിരുന്നു. 
ഇത് രണ്ടാം തവണയാണ് പ്ലൂട്ടോയിലെ സവിശേഷതകള്‍ക്ക് പേരിടുന്നത്. രണ്ട് വര്‍ഷം മുമ്പ് ഐ.എ.യു. പ്ലൂട്ടോയിലെ രണ്ട് പര്‍വതങ്ങള്‍ക്ക് എവറസ്റ്റ് പര്‍വതാരോഹകരായ ടെന്‍സിങ് നോര്‍ഗെയുടെയും സര്‍ എഡ്മണ്ട് ഹിലരിയുടേയും പേര് നല്‍കിയിരുന്നു.

No comments: