Pages

Monday, April 29, 2019

കുട്ടികളോട് ക്രൂരത പാടില്ല


കുട്ടികളോട് ക്രൂരത പാടില്ല

തൊടുപുഴയിലെ കുട്ടിയോട് കാണിച്ച ക്രൂരത കേട്ട് രോഷം തോന്നാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഏറ്റവും കൂടുതൽ ബാല പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.കേരളത്തിൽ കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ പത്തുവർഷത്തിനിടെ 70 ശതമാനമാണുകൂടിയത്. 2008-ൽ ഇത്തരത്തിൽ 549 കേസുകളാണ് രജിസ്റ്റർ‌ ചെയ്തത്. എന്നാൽ, 2016-ൽ ഇത് 2899 കേസുകളായുയർന്നു .ഒരുമാസത്തിനിടെ കേരളത്തിൽ  മൂന്നാമത്തെ കുഞ്ഞാണ് രക്ഷിതാക്കളുടെ ക്രൂരതയ്ക്കിരയായി മരിക്കുന്നത്. കേരളം മുഴുവന്‍ കരുതിയിരുന്നിട്ടും ക്രൂരമര്‍ദ്ദനത്തിനിരയായ തൊടുപുഴയിലെ കുഞ്ഞ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത് ഏപ്രില്‍ ആറിനാണ്. അമ്മയുടെ ദൃക്‌സാക്ഷ്യത്തില്‍ രണ്ടാനച്ഛന്റെ ക്രൂരതയ്ക്കിരയായാണ് ആ കുഞ്ഞ് മരിച്ചത്.തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയായ ഏഴ് വയസ്സുകാരനാണ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. നാലുവയസുള്ള അനുജന്റെ മൊഴിയിലൂടെയാണ് സ്വന്തം അമ്മയും രണ്ടാനച്ഛനും കാട്ടിയ ക്രൂരത പുറംലോകമറിഞ്ഞത്.
  ഇതിന്റെ തൊട്ടുപിറകേയാണ് എറണാകുളം ഏലൂരില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്റെ മരണമുണ്ടായത്. ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുഞ്ഞാണ് മര്‍ദ്ദനത്തിനിരയായി മരിച്ചത്. വീണുപരിക്കേറ്റുവെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ചതെങ്കിലും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ക്രൂരതകൂടി നാടറിഞ്ഞത്. അനുസരണക്കേട് കാട്ടിയതിന് തല്ലിയെന്നായിരുന്നു അമ്മയുടെ മൊഴി. ആശുപത്രിയില്‍ ജീവനോട് മല്ലിട്ട ആ കുഞ്ഞും പിന്നീട് മരണത്തിന് കീഴടങ്ങി.
ഇതിനെല്ലാമൊടുവിലാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്ന് മനുഷ്യ മനഃസാക്ഷി മരവിപ്പിക്കുന്ന അടുത്ത ക്രൂരതയുടെ വാര്‍ത്തയെത്തിയത്. വീട്ടില്‍വച്ചുതന്നെ മരിച്ചുപോയി ആ ഒന്നര വയസുകാരന്‍. അമ്മ കുട്ടിയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കുമായിരുന്നുവെന്നുമുള്ള അയല്‍വാസിയുടെ വെളിപ്പെടുത്തലാണ് ഈ കുഞ്ഞും രക്ഷിതാക്കളുടെ ക്രൂരതയ്ക്കിരയായി മരിച്ചതാണെന്ന നിഗമനത്തിലെത്തിച്ചത്.
തൊടുപുഴയിലെ കുട്ടി തലതകര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം നേരിടുന്ന വിധമുള്ള ക്രൂരതയ്ക്കാണ് ഇരയായത്. എറണാകുളം ഏലൂരിലെ മൂന്ന് വയസുകാരനും സമാനരീതിയിലുള്ള മര്‍ദ്ദനം തന്നെയാണ് ഏല്‍ക്കേണ്ടിവന്നത്. തലച്ചോറിനായിരുന്നു ക്ഷതമേറ്റത്. ആലപ്പുഴയിലെ കുഞ്ഞ് മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിക്കപ്പെട്ടത്.ഇതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ അമ്മയും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് രണ്ടു വയസുകാരന്‍ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്.എല്ലാ സംഭവങ്ങളിലും രക്ഷിതാക്കളാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നത് അത്യന്തം ഗൗരവതരമാണ്. അടിച്ചുപഠിപ്പിക്കുകയെന്ന അധ്യാപന രീതി പ്രാകൃതമാണ് .
കുഞ്ഞുജീവനുകള്‍ സംരക്ഷിക്കുന്നതിന് കേരളം മുഴുവന്‍ കൈകോര്‍ത്ത രണ്ടു സംഭവങ്ങള്‍ നമുക്ക് അഭിമാനമാണ് . കിലോമീറ്ററുകളോളം ദൂരം ഗതാഗതതടസമില്ലാതെ രണ്ടു കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കാനും അടിയന്തര ചികിത്സ ലഭ്യമാക്കുവാനും ജനങ്ങളും സര്‍ക്കാരും ഒരുപോലെ കൈകോര്‍ത്തുനിന്നു. നന്മയുടെ ഇത്തരം മഹാഗാഥകളുണ്ടാകുന്ന കേരളത്തില്‍ തന്നെയാണ് കുട്ടികളോടുള്ള ക്രൂരതയും  നടക്കുന്നത് .കുട്ടികളോടുള്ള ക്രൂരത തടയാൻ സമൂഹം ജാഗ്രരത കാട്ടണം.  കുട്ടികളുടെ രക്ഷാകര്‍തൃത്വം അവരുടെ വീടുകളിലുള്ളവര്‍ക്കു മാത്രമല്ലെന്നുംസമൂഹത്തിൻറെ കൂടിയാണെന്നും നാം തിരിച്ചറിയണം. പെൺകുട്ടികളെ പോലെത്തന്നെ  ആൺകുട്ടികളും ലൈംഗികാതിക്രമങ്ങൾക്കു വിധേയരാകുന്നുണ്ട്. പെൺകുട്ടികളെ മാത്രം സംരക്ഷിച്ചാൽ മതി, ആൺകുട്ടികൾ സ്വയം സംരക്ഷിച്ചുകൊള്ളും എന്നാണ് സമൂഹം ചിന്തിക്കുന്നത്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ മുഖ്യധാരയിലേക്കുവരികയും ആൺകുട്ടികളുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും ആരും അറിയാതെപോവുകയും ചെയ്യുന്നുണ്ട്. കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ  എല്ലാവരും ഒന്നിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: