Pages

Tuesday, February 12, 2019

വാക്കിലും പെരുമാറ്റത്തിലും മാന്യതപുലർത്താത്ത രാഷ്ട്രീയ നേതാക്കൾ .


വാക്കിലും പെരുമാറ്റത്തിലും മാന്യതപുലർത്താത്ത രാഷ്ട്രീയ നേതാക്കൾ .

രാഷ്‌ടീയ നേതാക്കളുടെ വാക്കുകളും പെരുമാറ്റവും പലപ്പോഴും സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നു . ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിനെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ തരംതാണ വാക്കുകളാൽ അധിക്ഷേപിച്ച സംഭവം കേരളത്തിന്റെയാകെ പ്രതിഷേധത്തിനു കാരണമായിക്കഴിഞ്ഞിരിക്കുകയാണ് .സബ് കലക്ടറെ അധിക്ഷേപിച്ച എംഎല്‍എ ഇതുവരെ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍തയ്യാറായിട്ടില്ല. മാത്രമല്ല തന്‍റെ ഭാഗം ന്യായീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിക്കുന്നത്. എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു കഴിഞ്ഞു .റവന്യുവകുപ്പിന്റെ അനുമതിപത്രമില്ലാതെ മൂന്നാർ പഞ്ചായത്ത് നിർമിക്കുന്ന വനിതാ വ്യവസായകേന്ദ്രത്തിന്റെ നിർമാണം നിർത്തിവയ്ക്കാൻ സബ് കലക്ടർ ഈ മാസം ആറിനു പഞ്ചായത്ത് സെക്രട്ടറിക്കു നോട്ടിസ് നൽകിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. മൂന്നാറിൽ കയ്യേറ്റവും അനധികൃത നിർമാണങ്ങളും തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭരണനേതൃത്വം നൽകുന്ന നേതാക്കൾ ഭീഷണിപ്പെടുത്തുന്നതും ഓടിക്കുന്നതും തുടർക്കഥയായിരിക്കുകയാണ്.
 ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തെക്കുറിച്ച് എംഎൽഎയോടു സ്വന്തം പാർട്ടിയായ സിപിഎം വിശദീകരണം തേടിയതിൽത്തന്നെ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാണ്.ഹൈക്കോടതിവിധി ലംഘിച്ച് മൂന്നാർ പഞ്ചായത്തുവക ഭൂമിയിൽ അനധികൃത നിർമാണം നടത്തിയതിനു പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകണമെന്ന് സബ് കലക്ടർ അഡീഷനൽ അഡ്വക്കറ്റ് ജനറലിനു നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎ അധിക്ഷേപിച്ച സംഭവത്തിൽ സബ് കലക്ടർ ഡോ. രേണു രാജ്, ചീഫ് സെക്രട്ടറി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ഇടുക്കി കലക്ടർ എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽനിന്ന് അന്തസ്സുറ്റ സമീപനങ്ങളാണു സമൂഹം എപ്പോഴും പ്രതീക്ഷിക്കുന്നത്. വാക്കിലും പെരുമാറ്റത്തിലുമൊക്കെ  അന്തസ്സ് വേണം .ഉത്തരവാദപ്പെട്ട സ്‌ഥാനങ്ങളിലിരിക്കുന്നവർ പൊതുവേദികളിലും മറ്റും സംസാരിക്കുമ്പോൾ സൂക്ഷ്‌മതയും മാന്യതയും കാണിക്കണമെന്നത് ഓർമിപ്പിക്കുന്ന വേറെയും സംഭവങ്ങൾ സമീപകാലത്തുതന്നെയുണ്ടായിട്ടുണ്ട്  .
. 2017  ഏപ്രിലിൽ അന്നത്തെ ദേവികുളം സബ് കലക്ടറെ ഊളമ്പാറയ്ക്കു വിടണമെന്നാണ് മന്ത്രി എം.എം.മണി പറഞ്ഞത് .വിവരവും വിവേകവുമുള്ള നേതാക്കളെ മാത്രം ജനം അംഗീകരിക്കുന്ന കാലമാണിത്.മാന്യന്മാരേയും വനിതകളേയും, കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അപമാനിച്ചു  നടക്കുന്ന  ചില മന്ത്രിമാർ  കേരളത്തിലുമുണ്ട് .രണ്ടു വര്‍ഷം മുന്‍പ് ഒരു റോഡ് ഉദ്ഘാടനത്തിന്റെ വേദിയില്‍വച്ച്  ഒരു മന്ത്രി  തന്റെ സഹപ്രവര്‍ത്തകയെ പരസ്യമായി അവഹേളിച്ച സംഭവം  കേരളം മറന്നിട്ടില്ല .. കരഞ്ഞുകൊണ്ടു വേദിവിട്ട വനിത പിന്നീടു പാര്‍ട്ടിയും വിട്ടു. സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും പ്രസംഗിക്കുകയും അവരെത്തന്നെ പുലഭ്യം പറയുകയും ചെയ്യുന്ന ഈ മന്ത്രിക്കു സ്ത്രീയുടെ മഹിമയേക്കുറിച്ചും മാതൃത്വത്തിന്റെ മഹത്വത്തേക്കുറിച്ചും ആരാണൊന്നു പറഞ്ഞുകൊടുക്കുക? മുൻപൊരിക്കൽ  ഒരു മന്ത്രി ഒരുതവണ ഇത്തരം വിവാദത്തില്‍ ചെന്നുപെട്ടപ്പോള്‍, അതു തന്റെ നിഷ്‌ക്കളങ്കമായ നാടന്‍ ഭാഷയാണെന്നു പറഞ്ഞു തടിതപ്പുകയായിരുന്നു  .മാന്യമായി സംസാരിക്കാൻ  നമ്മുടെ  രാഷ്‌ടീയനേതാക്കൾ  ഇനി എന്നാണു പഠിക്കുക .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: