Pages

Friday, November 16, 2018

ഓൺലൈൻ തട്ടിപ്പ് കേരളത്തിൽ വ്യാപകമാകുന്നുകെണിയിൽ അകപ്പെടാതെ സൂക്ഷിക്കുക



ഓൺലൈൻ തട്ടിപ്പ്  കേരളത്തിൽ വ്യാപകമാകുന്നു.കെണിയിൽ അകപ്പെടാതെ സൂക്ഷിക്കുക

ഇന്റർനെറ്റ് ഉപയോഗത്തിൽ അതിവേഗം മുന്നേറുന്ന രാജ്യമാണ് ഇന്ത്യ. സൈബർകുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇന്ത്യ മുന്നിൽ തന്നെയാണ് . ഓരോ നിമിഷത്തിലുംഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി ഉണ്ടായിക്കൊണ്ടിരിക്കുന്നു . ഏതാനം മാസം മുൻപ് . തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കാണ് ഒരേ ദിവസം പണം നഷ്ടപ്പെട്ടതായി പരാതി വന്നിരുന്നു .. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ സിബിനയ്ക്ക് 20000 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്
എസ്ബിടി-എസ്ബിഐ ലയനത്തെ തുടര്‍ന്ന് പുതിയ എടിഎം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞാണ് യുവതിക്ക് സന്ദേശം ലഭിച്ചത്. പിന്നീട് സ്ത്രീ ശബ്ദത്തില്‍ വന്ന ഫോണ്‍ കോളില്‍ സിബിനയുടെ അക്കൗണ്ട് വിവരങ്ങള്‍ പറഞ്ഞ് വിശ്വാസം സ്ഥാപിച്ചെടുക്കുകയും, പുതിയ എടിഎം കാര്‍ഡിനായി നിലവിലെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പറും മറ്റു വിശദാംശങ്ങളും ആവശ്യപ്പെടുകയായിരുന്നു. റിട്ടയര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥരും ഐടി വിദഗ്ദ്ധരും വരെ തട്ടിപ്പിന് ഇരകളായിട്ടുണ്ട് . പത്രപരസ്യങ്ങള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പ് ഇന്ന്  വ്യാപകമാണ് .
ആദ്യകാലങ്ങളിൽ  കേള്‍വിയില്ലാത്ത കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടന്നതെങ്കില്‍ ഇപ്പോള്‍ ലോകത്തിലെ തന്നെ പ്രമുഖ ബ്രാന്റഡ് കാര്‍ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. സമർഥമായി വിരിച്ച  കെണിയിൽ പലരും കുരുങ്ങി. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശമാണ് ‘ഓഫർ’ എന്ന ഓൺലൈൻ കുരുക്കിൽ പലരും പെടാൻ കാരണം. ‘ആമസോൺ ബിഗ് ബില്യൺ സെയിൽ ഓഫർ’ എന്ന പേരിൽ വന്ന സന്ദേശത്തിൽ ഉത്പന്നങ്ങൾക്ക് 99 ശതമാനം വിലക്കിഴിവ് എന്നായിരുന്ന കാണിച്ചത്. പ്രസ്തുത വെബ്‌സൈറ്റിന്റെ ലിങ്കിൽ പ്രവേശിച്ചാൽ ആമസോണിന്റെ ലോഗോ സഹിതം ആമസോൺ പേജ് പോലെ തന്നെ ഒറ്റനോട്ടത്തിൽ തോന്നും. പക്ഷേ, അതിന്റെ അഡ്രസ്സ്ബാറിൽ അതൊരു ‘ബ്ലോഗ് സ്പോട്ട്’ എന്നാണെന്നതുപോലും പരിശോധിക്കാതെയാണ് പലരും ഉത്പന്നങ്ങൾ ബുക്ക് ചെയ്തതും മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തതും. ആമസോണിന്റെ യഥാർഥ വൈബ്‌സൈറ്റിൽ ഇത്തരം ഒരു ഓഫറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നത് വേറെ കാര്യം.  ഓൺലൈൻ ജോലിവാഗ്ദാനം മുതൽ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് വൻകിട കമ്പനികൾക്ക് മറിച്ചുവിൽക്കുന്നതും വരെ സൈബർ മേഖലകളിൽ കാണാം .
പ്രമുഖസ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കുന്നത് സ്പൂഫ് ഐ.പി. ഉപയോഗിച്ചാണ്. അതായത്, സൈറ്റിന്റെ യഥാർഥവിവരങ്ങൾ മറച്ചുവെച്ച് പ്രമുഖകമ്പനിയുടെ സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റ്. ആമസോണിന്റേതെന്ന് പറഞ്ഞ് പ്രത്യക്ഷപ്പെട്ടതും ഇത്തരമൊരു സ്പൂഫ് സൈറ്റാണ്. ഈ രീതിയിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടമായവർ ഒട്ടേറെയാണ്. കേരളത്തിൽതന്നെ ഇത്തരം സ്പൂഫ് ഐ.പി.തട്ടിപ്പിലൂടെ ഒരു വ്യക്തിയുടെ 12 ലക്ഷം രൂപ നഷ്ടമായ കേസ് എങ്ങുമെത്തിയിട്ടില്ല.
വ്യാജ ആപ്പുകളാണ് സൈബർകുറ്റകൃത്യങ്ങൾക്കായി ഇപ്പോൾ ഏറ്റവും അധികം ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ചോർത്തലാണ് പ്രധാന ഉന്നം. ഗൂഗിൾ പ്ലേസ്റ്റോറിൽ പോലും വ്യാജ ആപ്പ് ഒളിപ്പിക്കാൻ സൈബർ കുറ്റവാളികൾക്ക് കഴിയുന്നു. ഇന്ത്യയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ പേരിൽ വ്യാജ ആപ്പ് ഉണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 53,000 കേസുകളാണ്. ഒരു കംപ്യൂട്ടറിലേക്കോ കംപ്യൂട്ടർ ശൃംഖലയിലേക്കോ അനധികൃതമായി പ്രവേശിക്കുന്ന ഹാക്കിങ്ങും പാസ്‌വേഡും ക്രെഡിറ്റ് കാർഡ് നമ്പറും തട്ടുന്ന ഫിഷിങ്ങും ആണ് ഏറ്റവും അധികം റിപ്പോർട്ടുചെയ്യപ്പെടുന്ന കേസുകൾ. എ.ടി.എം. ശൃംഖലയുടെ സോഫ്റ്റ്‌വേർ തകർത്തുള്ള മോഷണമാണ് വിദേശരാജ്യങ്ങളിലെ ഇപ്പോഴത്തെ രീതി.
സൈബർസാക്ഷരതയും ജാഗ്രതയുമാണ് മലയാളിക്കിന്ന് വേണ്ടത്. അതിൽ ഏറ്റവും പ്രധാനം ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്നിവ വഴി വരുന്ന ലിങ്കുകളിലൂടെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാതിരിക്കുക എന്നതാണ്. പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, ബാങ്ക് വെബ്‌സൈറ്റുകൾ എന്നിവ വ്യാജമല്ലെന്ന് ആദ്യമേ ഉറപ്പുവരുത്തണം. വിവിധ ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ഈ ജാഗ്രത ആവശ്യമാണ്. നിമിഷനേരത്തെ അശ്രദ്ധയാണ് ഓൺലൈനിൽ വിനയാകുന്നത്. ആര് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെട്ടാലും നൽകുന്ന ശീലം  ശരിയല്ല .മലയാളികൾ ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് താൽപര്യം കാണിക്കുന്നവരാണ്‌ .. എന്നാല്‍ ഈ മേഖലയില്‍ തട്ടിപ്പും ഇപ്പോള്‍ വ്യാപകമാണ് .കെണിയിൽ അകപ്പെടാതെ സൂക്ഷിക്കുക
പ്രൊഫ്. ജോൺ കുരാക്കാർ

No comments: