Pages

Sunday, September 23, 2018

ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കുറ്റമറ്റതാക്കണം


ആരോഗ്യ പ്രതിരോധ പ്രവര്ത്തനങ്ങൾ  കുറ്റമറ്റതാക്കണം

കാലവര്‍ഷക്കെടുതിയുടെ കൊടും വിപത്തുകള്‍ക്കിടയില്‍ മാരകമായ പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് കേരളം . ദിവസവും മൂന്നോ     നാലോ പനി മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രണ്ടു മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ കാരണം മരണമടഞ്ഞവരുടെ എണ്ണം നൂറു കവിഞ്ഞിരിക്കുകയാണ്. പ്രളയത്തിനുശേഷം എലിപ്പനി മരണം അമ്പതിലെത്തിയപ്പോഴായിരുന്നു സര്‍ക്കാര്‍ കണ്ണുതുറന്നത്. അന്നു ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി എന്നതല്ലാതെ മറ്റു പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അതുകൊണ്ടാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നത്. എലിപ്പനിയാണ് നിലവില്‍ പ്രധാന വില്ലനെങ്കിലും എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയും മരണപ്പേടി വിതയ്ക്കുന്നുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ 117 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രളയാനന്തര ശുചീകരണ ഘട്ടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധി പടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മരുന്നുകളുടെ ക്ഷാമവും മരണനിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പ്രതിരോധ മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും നിഷ്‌ക്രിയത്വം തുടരുന്ന ആരോഗ്യമന്ത്രിയുടെ നിലപാടാണ് സ്ഥിതി വഷളാക്കിയത്. പകര്‍ച്ചവ്യാധികള്‍ കാരണം മരണം പെരുകുന്നത് പൊതുജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. എലിപ്പനിയും ഡിഫ്തീരിയയും ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍വണ്‍ വൈറസും സാധ്യതയുള്ള നൂറുകണക്കിന് രോഗികളാണ് സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലെ രോഗികള്‍ മാത്രമാണ് സര്‍ക്കാറിന്റെ കണക്കുകളില്‍ ഉള്‍പ്പെടുന്നത്. നിരവധി പേര്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആസ്പത്രികളില്‍ വിദഗ്ധ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആസ്പത്രികളില്‍ അവശ്യമരുന്നില്ലാതെ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയാണ്. സ്വകാര്യ ആസ്പത്രികളിലെ ചികിത്സാഭാരവും മരുന്നു ചെലവും താങ്ങാന്‍ കഴിയാതെ പാവപ്പെട്ട രോഗികള്‍ നിസ്സഹായരായി വീര്‍പ്പുമുട്ടുകയും ചെയ്യുന്നു. മെഡിക്കല്‍ കോളജുകളില്‍പോലും മരുന്ന് ലഭിക്കാതെ നൂറു കണക്കിന് രോഗികളാണ് മരണത്തോട് മല്ലടിക്കുന്നത്. ഇതില്‍ ഏറെയും പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകളില്ലാതെ ബലിയാടായവരാണ്. പെട്ടെന്ന് രോഗങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സയും അനുയോജ്യ മരുന്നും നല്‍കാന്‍ സംവിധാനമില്ലെങ്കില്‍ ആരോഗ്യ മേഖലയില്‍ നാം എന്തു നേട്ടം കൈവരിച്ചതിന്റെ പേരിലാണീ അഹങ്കാരം നടിക്കുന്നത്? രോഗം കണ്ടെത്തി ദിവസങ്ങള്‍ക്കകമാണ് ഓരോ ജീവനുകള്‍ കണ്‍മുന്നില്‍ നിന്നു പൊലിഞ്ഞുവീഴുന്നത്. ഈ പരമ ദയനീയത എത്രകാലം ‘ആരോഗ്യ കേരളംസഹിക്കണം? എന്നാണ് ഈ ദുര്‍ഗതിയില്‍ നിന്ന് മോചനം നേടുംവിധം സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വയം പര്യാപ്തത കൈവരിക്കുന്നത് ? ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കാതെ വ്യക്തമായ ഉത്തരം നല്‍കാന്‍ ദീര്‍ഘവീക്ഷണമുള്ള ഭരണകൂടത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന കാര്യം ഓര്‍മപ്പെടുത്തട്ടെ.
പ്രളയത്തിന് ശേഷം പ്രതിരോധ മരുന്ന് ഉപയോഗിക്കാത്തവരെയാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായി ബാധിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ പക്ഷം. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാതെ അലംഭാവം തുടരുന്ന സര്‍ക്കാര്‍ പ്രശ്‌നമത്രയും പൊതുജനങ്ങളുടെ പിരടിയിലിട്ടു ഒഴിഞ്ഞുമാറുകയാണ്. മാരക രോഗങ്ങള്‍ മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നത് ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനവും തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മലയോര മേഖലയിലും തീരദേശത്തും വ്യത്യസ്ത തരത്തിലുള്ള പകര്‍ച്ചവ്യാധികളാണ് പടര്‍ന്നുപിടിക്കുന്നത്. തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചില്ലെങ്കില്‍ മാരകമായി ഭവിക്കുന്ന ഇത്തരം രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കാതിരുന്നതാണ് മരണ നിരക്ക് വര്‍ധിക്കാനിടയായത്.
നിപ വൈറസ് വിതച്ച ഭീതിയില്‍നിന്നു സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നു വേണം കരുതാന്‍. പകര്‍ച്ചവ്യാധി മരണങ്ങള്‍ പ്രമാദമാകുമ്പോള്‍ വാചകക്കസര്‍ത്ത് നടത്തി മുഖംമിനുക്കുകയാണ് സര്‍ക്കാറിന്റെ പതിവു രീതി. ഫലപ്രദമായ ഇടപെടലിലൂടെ പകര്‍ച്ചവ്യാധിയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് പ്രതിരോധ മാര്‍ഗമൊരുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. മുന്‍കാലത്തെ പ്രളയങ്ങള്‍ക്കു ശേഷവും ഇത്തരം പകര്‍ച്ചവ്യാധികള്‍ തലപൊക്കിയതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് എലിപ്പനിയും ഡങ്കിപ്പനിയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാനൂറിലധികം പേര്‍ക്കാണ് ഡങ്കിപ്പനിമൂലം ജീവന്‍ നഷ്ടമായത്. എച്ച്‌വണ്‍ എന്‍ വണ്‍ പനിയും നിരവധി പേരുടെ ജീവനെടുത്തു. അതിനാല്‍ ഈ രോഗാണു സാന്നിധ്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. പ്രളയശേഷം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകിന്റെ ലാര്‍വകള്‍ വിരിഞ്ഞതോടെ ഡെങ്കിപ്പനിയും പടരുന്നുണ്ട്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രതിരോധ വാക്‌സിനുകള്‍ തീര്‍ന്ന കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ അറിയാതെ പോയത് ഗുരുതര വീഴ്ചയാണ്. പാവം ജനങ്ങളുടെ ജീവന്‍ കൊണ്ടാണ് ഈ മരണക്കളി തുടരുന്നത്. പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിള്‍ പല വാക്‌സിനുകളും ലഭ്യമല്ല. ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, വില്ലന്‍ചുമ, ബി.സി.ജി, മഞ്ഞപ്പിത്തം, മെനഞ്ചൈറ്റിസ്, അഞ്ചാംപനി തുടങ്ങിയ പ്രതിരോധ വാക്‌സിനുകള്‍ ആവശ്യത്തിനു നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാറും മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. പ്രതിരോധ വാക്‌സിനുകള്‍ക്കുവേണ്ടി ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രികളെയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് അനുഭവപ്പെടുന്ന സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നുകള്‍കൂടി കിട്ടാക്കനിയായതോടെ പൊതുജനം മരണക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടു. മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് സംസ്ഥാനത്തെ പകര്‍ച്ചപ്പനിമരണ നിരക്ക് ഗണ്യമായി വര്‍ധിക്കാനിടയാക്കിയത് എന്ന തിരിച്ചറിവ് സര്‍ക്കാറിനു വേണം. ആസ്പത്രി വരാന്തകളില്‍ മനുഷ്യ ജീവനുകള്‍ പിടിഞ്ഞുവീഴാതെ കാത്തുസംരക്ഷിക്കുകയാണ് ഭരണകൂടത്തിന്റെ കടമ.

പ്രൊഫ്.ജോൺ കുരാക്കാർ

No comments: