Pages

Monday, August 20, 2018

കേരളം കണ്ട മഹാപ്രളയം - ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ പടവുകൾ കയറുന്ന കേരളം



കേരളം കണ്ട മഹാപ്രളയം -
ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ പടവുകൾ കയറുന്ന കേരളം
കരയുന്ന കേരളത്തിന് നേരെ മുഖം തിരിക്കാന്‍ കരുണയുള്ള മലയാളിക്കാവുമോ? ഒരു ജന്മം സ്വരൂപിച്ചതെല്ലാം നഷ്ട്ടപ്പെട്ട് മാറത്തലക്കുന്ന നമ്മുടെ സഹോദരങ്ങളെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നേ പറ്റൂ.കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം മലയാള നാടിനെ ദുരിതക്കയത്തില്‍ ആക്കിയിരിക്കുന്ന അതി ഭീകരമായ വാര്‍ത്തകള്‍ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുമ്ബോള്‍, നമ്മെളെല്ലാം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്. പത്ത് ലക്ഷത്തിലധികം പേർ  ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നു. .പത്തനംതിട്ടയില്‍ മാത്രം 25000 ത്തിലധികം പേര്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നു. എറണാകുളം ജില്ലയില്‍ 35000 ആള്‍ക്കാര്‍ ദുരിതാശ്വാസക്യാമ്ബില്‍കേരളത്തിൽ മഹാപ്രളയം സംസ്ഥാനത്ത് ഇതുവരെ 357 മരണം . കഴിയുന്നു.



ഒരു ജന്മം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന ആയിരക്കണക്കിനാളുകള്‍, ഓണത്തിനായി കരുതിയിരുന്ന കാര്‍ഷിക വിളകള്‍ നശിച്ച കൃഷിക്കാര്‍, വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നത് കണ്ടു ചങ്കുപൊട്ടി നിലവിളിക്കുന്ന വീട്ടമ്മമാര്‍, ഭക്ഷണവും പാനീയവുമില്ലാതെ പുരമുകളില്‍ അഭയം തേടിയവര്‍, ജീവനുവേണ്ടി നിലവിളിക്കുന്ന കുട്ടികള്‍ മുതല്‍ രോഗക്കിടക്കയില്‍ കഴിയുന്ന പ്രായമായവര്‍വരെ.

നമ്മുടെ നാടിനെ ഒന്നടങ്കം മുക്കിയ ഈ മഹാവിപത്തില്‍പെട്ടവരെ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആവതു ശ്രമങ്ങള്‍ ചെയ്യുന്നു എന്ന ഒരാശ്വാസം മാത്രമാണ് ഇപ്പോള്‍ നമുക്കുള്ളത്.വീടുകളുടെ മുകളില്‍ വരെ വെള്ളം കയറിയപ്പോള്‍ രക്ഷപെടുവാന്‍ മാര്‍ഗ്ഗമില്ലാതെ ചാനലുകളിലേക്കും രക്ഷാ പ്രവര്‍ത്തകരെയും വിളിച്ചു കരയുന്ന കാഴ്ചകള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ ദുരിതക്കയത്തിലായ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി നമ്മളാല്‍ ആവുന്ന സഹായം ചെയ്യുവാന്‍ യുക്മയും നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുന്നു.

അസാധാരണമായ ഒരു ദുരന്തമുഖത്തുനിന്ന് കരകയറാൻ  പോരാടുകയാണ് നാം. സംഹാരരൂപംപൂണ്ട പ്രളയത്തിന്  ശമനമുണ്ടായിട്ടുണ്ട്. അതിവർഷവും കുറഞ്ഞു. ദ്രുതഗതിയിൽ   രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ആദ്യത്തെ ആഘാതത്തിൽനിന്ന് നാം പതുക്കെ മോചിതരാവുകയാണ്. ഒരേ മനസ്സോടെ ഒരേ  ഹൃദയവികാരത്തോടെയാണ് കേരളം പ്രളയപ്രവാഹത്തെ ചെറുത്ത്   അതിജീവനത്തിനായി നീന്തുന്നത് എന്നതിൽ നമുക്ക് അഭിമാനിക്കാം.  ഉയിർനൽകിയും ജീവൻ പണയംവെച്ചുമാണ് സന്നദ്ധപ്രവർത്തകരും സൈന്യവും   രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് നാം കണ്ടുകഴിഞ്ഞു.

പ്രളയത്തെ നാം താണ്ടിക്കടന്നെങ്കിലും നഷ്ടങ്ങളെ അതിജീവിക്കാനും   കുതിർന്നുപോയ ജീവിതങ്ങളെ പുനരുജ്ജീവിപ്പിക്കാനും നാം  പ്രാപ്തരാകേണ്ടതുണ്ട്. നഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂ. വീടും വസ്തുക്കളും രേഖകളും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ,  കൈത്താങ്ങായവരെ നഷ്ടപ്പെട്ടവർ, രോഗം  മൂർച്ഛിച്ചവർ എന്നിവരുടെ  എണ്ണം നാം കരുതുന്നതിലും ഭീമമായിരിക്കും എന്നതിൽ സംശയമേതുമില്ല.  ഇത്തരം വിഷമച്ചുഴിയിൽ ഉഴലുന്നവരെ സഹായിക്കാനുള്ള  സമഗ്രവും  ഏകോപിതവുമായ പദ്ധതികൾ ഉണ്ടാവേണ്ടതുണ്ട്. സർക്കാരിനുമാത്രമല്ല, സമൂഹത്തിനും  അതിന് ബാധ്യതയുണ്ട്. പണക്കണക്ക് നോക്കാതെയുള്ള   മനുഷ്യത്വമുഖമുള്ള സമീപനമാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്. എല്ലാം നഷ്ടപ്പെട്ടവരെ നാം ഏറ്റെടുത്തേ മതിയാവൂ.

പ്രളയം ശേഷിപ്പിക്കുന്ന മാലിന്യങ്ങളും ജൈവ, അജൈവ അവശിഷ്ടങ്ങളും  ഉയർത്തുന്ന സാംക്രമികരോഗഭീഷണിയെ  യുദ്ധകാലാടിസ്ഥാനത്തിൽ നേരിടുക എന്നതാണ് നാം ഉടൻ ഏറ്റെടുക്കേണ്ട ദൗത്യം. പ്രളയത്തെത്തുടർന്ന് ഉയരുന്ന  മഹാമാരികളെ തടുത്തില്ലെങ്കിൽ അതിന് നാം വലിയ വില നൽകേണ്ടിവരും. ശുചീകരണ, സംസ്കരണ, ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങൾ  ഏകോപനസ്വഭാവത്തിൽ നടത്തേണ്ടതുണ്ട്. അതിനുള്ള പദ്ധതികളും   മാർഗനിർദേശങ്ങളും ഇപ്പോഴേ തയ്യാറാവണം.

തകർന്നുകിടക്കുന്ന പൊതുസംവിധാനങ്ങളെ പഴയപടിയാക്കുക എന്നതാണ് മറ്റൊരു ദൗത്യം. കനത്തമഴയിൽ റോഡുകളും ചുരങ്ങളും പാലങ്ങളും  തകർന്നുകിടക്കുകയാണ്. ഇത് പുനർനിർമിക്കാൻ ഉടൻ  നടപടികളുണ്ടാവണം. അവശ്യസാധനങ്ങളും ഇന്ധനങ്ങളും എത്തിക്കാൻ തകർന്ന റോഡുകൾ തടസ്സമാണെന്ന ബോധ്യംവേണം. മുഖ്യപാതകൾക്കുപുറമേ  ഉൾനാടൻപാതകളിലും അടിയന്തരശ്രദ്ധയുണ്ടാവണം. കേന്ദ്രസർക്കാർ  റോഡുകളുടെ പുനർനിർമാണത്തിന് തുക നീക്കിവെച്ചിട്ടുണ്ട് എന്നത്  ആശ്വാസകരമാണ്. എന്നാൽ, ഇത് ഉടനടി ലഭ്യമാക്കാനുള്ള സമ്മർദം സംസ്ഥാനം ചെലുത്തുകയുംവേണം.

റെയിൽഗതാഗതവും തകരാറിലായേക്കാവുന്ന സിഗ്നൽ സംവിധാനവും സാധാരണനിലയിലാക്കാനുള്ള ത്വരിതസമീപനം റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. താറുമാറായ വൈദ്യുതബന്ധം സാധാരണ നിലയിലാക്കുക എന്ന ശ്രമകരമായ ജോലിയും ഉടൻ ചെയ്യേണ്ടതാണ്. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന്  മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് പൂഴ്ത്തിവെപ്പ് നടത്തുക, കൊള്ളവിലയ്ക്ക് വിൽക്കുക തുടങ്ങിയ പ്രവണതകളെ മുളയിലേ നുള്ളണം. പൊതുജനവും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം.

ഭീമമായ നഷ്ടമാണ് കേരളത്തിന് സംഭവിച്ചിട്ടുള്ളത്.  രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സഹായങ്ങളും അനുതാപവും  നമുക്ക് ലഭിക്കുന്നുണ്ടെന്നത് ആഹ്ലാദവും ആത്മവിശ്വാസവും നൽകുന്നു. തങ്ങളുടെ തുട്ടുകൾ സൂക്ഷിച്ച മൺപാത്രങ്ങൾ  പൊട്ടിച്ചുനൽകുന്ന  തമിഴ്നാട്ടിലെ ബാലന്മാർ മുതൽ  കേരളത്തെ നെഞ്ചോടുചേർക്കുന്ന മധ്യപൂർവ ദേശത്തെ ഭരണാധികാരികൾവരെ അക്കൂട്ടത്തിലുണ്ട്

. കേരളത്തോളം വളർന്ന കൂട്ടായ്മയുടെ കരുത്തിൽ നമ്മുടെ നാട് ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ പടവുകൾ കയറുകയാണ്. മിക്കയിടത്തും മഴ കുറഞ്ഞ്, വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പ്രളയക്കെടുതികളും ദുരിതങ്ങളും അങ്ങനെതന്നെ തുടരുന്നു. പ്രളയം കലികൊണ്ട ചെങ്ങന്നൂർ മേഖലയിലും മറ്റും ഇനിയും ആളുക
 കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അതു കേരളത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്. കുട്ടനാട്, ചാലക്കുടി, പറവൂർ, ആലുവ, നെല്ലിയാമ്പതി മേഖലകളിലും ഇടുക്കി, വയനാട് ജില്ലകളിലും തൃശൂർ ജില്ലയിലെ ആറാട്ടുപുഴ മുതലുള്ള പടിഞ്ഞാറൻ മേഖലയിലും ദുരിതബാധിതർ ഏറെയാണ്. അതേസമയം, എല്ലാ ജില്ലകളിൽനിന്നും റെഡ് അലർട്ട് പിൻവലിച്ചത് ആശ്വാസമാവുന്നുണ്ട്. റോഡ് – റെയിൽ മാർഗങ്ങളും സജീവമായിത്തുടങ്ങിയിരിക്കുന്നു.

കുട്ടനാട്ടിൽനിന്ന് ഓരോ ദിവസവും ആയിരക്കണക്കിനുപേരെയാണ് ഒഴിപ്പിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ ഏറ്റവും വെല്ലുവിളി നേരിടുന്നത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായുള്ള പമ്പാതടത്തിലാണ്. ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലാണു കൂടുതൽപേർ കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനു വേഗമേറിയെങ്കിലും ശുദ്ധജലവും ഭക്ഷണവും വെളിച്ചവുമില്ലാതെ കഴിയുന്നവരെക്കുറിച്ചുള്ള ആശങ്ക കേരളത്തിന്റെ ഉറക്കംകെടുത്തുന്നു. ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാവാത്ത പ്രളയബാധിതസ്ഥലങ്ങളുണ്ടെന്നതും വീടുകളിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തവരുണ്ടെന്നതുമൊക്കെ രക്ഷാദൗത്യത്തെ ദുഷ്കരമാക്കുന്നുണ്ട്.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ലക്ഷക്കണക്കിനു നിസ്സഹായർക്കുവേണ്ടി സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനാപ്രവർത്തകരും സമർപ്പണത്തോടെ പ്രവർത്തിക്കുന്നത് കേരളം കൈകൂപ്പി കാണേണ്ട കാഴ്ചതന്നെ. കേരള യുവതയിലെ സാമൂഹികപ്രതിബദ്ധത രക്ഷാദൗത്യങ്ങളിലും ക്യാംപുകളിലെ സജീവ സഹായസാന്നിധ്യത്തിലുമൊക്കെയായി ഏറ്റവും കരുത്താർന്നു തെളിയുകയാണ്.

ഏറ്റവും പ്രതികൂലവും അങ്ങേയറ്റം ക്ലേശകരവുമായ സാഹചര്യങ്ങളിൽ, ലക്ഷ്യബോധവും ഇച്ഛാശക്തിയും കൊണ്ട് ആയിരങ്ങളുടെ ജീവൻ തിരികെനൽകിയ വിവിധ സേനാവിഭാഗങ്ങളുടെയും സ്വമേധയാ രക്ഷാദൗത്യത്തിനിറങ്ങിയ നാട്ടുകാരുടെയും മൽസ്യത്തൊഴിലാളികളുടെയും സേവനം എക്കാലവും കേരളം ഓർമിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംവിധാനങ്ങളും വിശ്രമമില്ലാതെ, അവിരാമം പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ അതിജീവനം നമുക്കു സാധ്യമാകുന്നത്.

പ്രളയജലത്തിലാണ്ട നാടിനെ കൈപിടിച്ചുയർത്താൻ മനുഷ്യപ്രയത്നവും സുമനസ്സുകളും നമുക്കു വേണ്ടുവോളമുണ്ടെങ്കിലും ദുരിതാശ്വാസ – പുനരധിവാസപ്രവർത്തനങ്ങൾക്കും മറ്റും ആവശ്യമുള്ള വൻതുക കേരളത്തിനു സങ്കൽപിക്കാൻ പോലുമാവാത്തതാണ്. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്നെ സങ്കടകരമെന്നു വിശേഷിപ്പിച്ച നമ്മുടെ പ്രളയത്തിന്റെ ദുരിതാശ്വാസത്തിനുവേണ്ടി കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ച ധനസഹായം തീരെ കുറവാണെന്നതിൽ സംശയമില്ല.പ്രളയക്കെടുതി നേരിൽക്കണ്ട് അടിയന്തര ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500 കോടിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ച 100 കോടിയും നമ്മെ നിരാശപ്പെടുത്തുന്നു. പ്രാഥമിക കണക്കുകൾപ്രകാരം 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അടിയന്തരമായി 2000 കോടിയാണ് ആവശ്യപ്പെട്ടത്. ‘ദേശീയ ദുരന്തമെന്നു പ്രഖ്യാപിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നിരിക്കെ, കേരളത്തിന്റെ പ്രളയമുറിവുകൾ ഉണക്കാനാകുന്ന വലിയ പ്രത്യേക പാക്കേജ് ദുരന്ത പ്രതികരണ ഫണ്ടിലൂടെ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കേരളത്തിന്റെ മുന്നിലുള്ള അതിജീവനപാതയിൽ നമുക്കു കൈകോർത്തു നീങ്ങാം. രക്ഷാദൗത്യങ്ങൾക്ക് അടിയന്തരപ്രാധാന്യം നൽകേണ്ടതുണ്ട്. ഒടുവിലത്തെ ആളെയും രക്ഷപ്പെടുത്താനാവുമ്പോഴേ, കേരളം ചരിത്രത്തിൽ അഭിമുഖീകരിച്ച ഏറ്റവും കഠിനമായ സഹായദൗത്യം ഫലശ്രുതി നേടൂ. ഇനി നാം നോക്കേണ്ടത് മുന്നോട്ടാണ്. കാലിടറാതെ,  മനസ്സിടിയാതെ, മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ നാം തയ്യാറാവണം. സജ്ജരാവണം.



പ്രൊഫ് ജോൺ കുരാക്കാർ








No comments: