Pages

Sunday, July 8, 2018

പനിമഴക്കാലം; ചൂടാം, ജാഗ്രതക്കുട


പനിമഴക്കാലം; ചൂടാം, ജാഗ്രതക്കുട
by ഡോ. ടി. ജയകൃഷ്ണൻ,
(മഞ്ചേരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ)
കേരളത്തിൽ മഴക്കാലം പനിക്കാലമാണ്. രണ്ടായിരത്തിനു മുൻപുവരെ പനി ഒരു സാധാരണ പ്രതിഭാസമായിരുന്നു. മൂന്നോ നാലോ ദിവസം പനിച്ചുകിടക്കുക, ചുക്കുകാപ്പിയോ മറ്റോ കുടിച്ചു പനിമാറ്റുക. ആശുപത്രിയിൽ പോകുന്നതുതന്നെ കുറവായിരുന്നു. അന്നൊക്കെ, എന്തുതരം പനിയാണെന്നു തിരിച്ചറിയാനുള്ള സംവിധാനം ഇവിടെ കുറവായിരുന്നു. പിന്നീട്, രോഗം തിരിച്ചറിയാനുള്ള സൗകര്യങ്ങൾ വർധിച്ചു. പനി വരുമ്പോഴേക്കും ആശുപത്രികളിൽ പോകുന്നവരുടെ എണ്ണവും കൂടി.

ചികിത്സാരംഗത്തു പുരോഗതി ഉണ്ടായെങ്കിലും ഏതുതരം രോഗവും പടർന്നുപിടിക്കാവുന്ന അവസ്ഥയാണു കേരളത്തിൽ. സാഹചര്യമൊരുക്കുന്നതു നമ്മൾതന്നെപൊതു ഇടങ്ങളിൽ ശുചിത്വം പാലിക്കാൻ നാം എന്നു പഠിക്കുന്നുവോ അന്നേ ഇതിനു മാറ്റം വരൂ. പലതരം സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുകയാണ്.

ഡെങ്കിപ്പനി

കേരളം ഇപ്പോൾ ഏറ്റവുമധികം പേടിക്കുന്ന പനികളിലൊന്നാണു ഡെങ്കിപ്പനി. കേവലം 400 മീറ്റർ ചുറ്റളവിൽ  മാത്രം പറക്കാൻ കഴിയുന്ന വരയൻ കൊതുകുകൾ (aedes musquito ) ഇപ്പോൾത്തന്നെ ഒട്ടേറെപ്പേരുടെ ജീവനെടുത്തു. അൻപതുകളിൽ സഹ്യപർവതനിരകളിൽ മാത്രം കണ്ടുവന്നിരുന്ന ഇവ, കാടുകൾ നശിച്ചതോടെയാണു വീട്ടുപരിസരത്തെത്തിയത്. ഇവയുടെ മുട്ടയ്ക്കു വേനലിനെ അതിജീവിക്കാൻ കഴിയും. മഴയ്ക്കൊടുവിൽ ഇവയുടെ മുട്ട മണ്ണിൽ വീണിട്ടുണ്ടെങ്കിൽ അടുത്ത മഴക്കാലത്ത് അതു വിരിഞ്ഞിറങ്ങും. അതായത് ഒരുതവണ ഡെങ്കിപ്പനി ബാധിച്ച പ്രദേശത്ത് വീണ്ടും ഇതു വരുമെന്നർഥം.

ചെറിയൊരു വെള്ളക്കെട്ടു മതി ഈഡിസ് കൊതുകുകൾക്കു പെരുകാൻ. ഏകദേശം 4000 മുട്ട ഒരു കൊതുകു തന്നെയിടും. ഒന്നിടവിട്ട ദിവസങ്ങളിൽ, 150 മുതൽ 200 വരെ മുട്ടയാണ് ഒരുതവണയിടുന്നത്. സാധാരണ കൊതുകുകൾ ഒരുതവണയേ ഒരാളെ കടിക്കൂ. എന്നാൽ, ഈഡിസ് കൊതുകുകൾ തുടർച്ചയായി കടിക്കും. ഒരുദിവസംതന്നെ ഒന്നിലേറെ ആളുകളെ കടിക്കും. അതുകൊണ്ടുതന്നെ രോഗം പടരാൻ സാധ്യതയേറെ.

നാലുതരം ഡെങ്കിപ്പനി വൈറസുകളാണു ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാലു ടൈപ്പുകളും കേരളത്തിലുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്. ടൈപ്പ് ഒന്ന് വന്ന ആൾ അതു വീണ്ടും വരാതിരിക്കാനുള്ള പ്രതിരോധം നേടിയിട്ടുണ്ടാകാമെങ്കിലും ടൈപ്പ് രണ്ട് വന്നാൽ അപകടസാധ്യത കൂടുതലാണ്. അതിനാൽ, കൂടുതൽ ശ്രദ്ധ വേണം. വെള്ളം കെട്ടിക്കിടക്കുന്നത് ഇല്ലാതാക്കുകയാണു കൊതുകുകളെ നശിപ്പിക്കാനുള്ള മാർഗം. ആഴ്ചയിൽ ഒരുദിവസം ഡ്രൈ ഡേ ആചരിക്കുന്നതിലൂടെ കൊതുകുപെരുകൽ തടയാൻ സാധിക്കും. ഇതു തുടർച്ചയായി നടത്തുകയും വേണം.

ചിക്കുൻഗുനിയ

സൂനാമിത്തിരമാലകൾ ഇവിടത്തെ പ്രകൃതിയുടെ താളംതെറ്റിച്ചതോടെയാണു ചിക്കുൻഗുനിയ പടർന്നുപിടിച്ചത്. മൂന്നുനാലു വർഷം ചിക്കുൻഗുനിയ ബാധിച്ചവരുടെ എണ്ണം വലുതായിരുന്നു. നല്ലൊരു ശതമാനം ആളുകൾക്കും രോഗം ബാധിച്ചപ്പോൾത്തന്നെ സമൂഹം അതിനെ പ്രതിരോധിക്കാനുള്ള ശക്തിയാർജിച്ചു. അവരെ ഇനി ചിക്കുൻഗുനിയ ബാധിച്ചെന്നുവരില്ല. എന്നാൽ, അതിനുശേഷമുള്ള തലമുറയ്ക്ക് പ്രതിരോധശേഷിയില്ല. അതുകൊണ്ടു സമീപഭാവിയിൽ ഇവരുടെ എണ്ണം കൂടുമ്പോൾ ചിക്കുൻഗുനിയ വൻതോതിൽ ഇവിടെ പടരാൻ സാധ്യതയേറെയാണ്.

എലിപ്പനി

എൺപതുകളുടെ അവസാനത്തോടെയാണ് എലിപ്പനി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്. എലിയുടെ മൂത്രത്തിലെ ബാക്ടീരിയയിൽനിന്നു പകരുന്ന എലിപ്പനി, അക്കാലത്തു കർഷകരിലായിരുന്നു കണ്ടിരുന്നത്. എന്നാൽ, തൊണ്ണൂറുകളുടെ അവസാനത്തോടെ വ്യാപകമായി. പ്രകൃതിയിലെ ഒഴുക്കു തടസ്സപ്പെട്ടു മഴവെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് എലിപ്പനി വ്യാപിച്ചതെന്നു മനസ്സിലാക്കാം.

വെള്ളം പൊങ്ങുന്നതോടെ ഓടകളിലും മാളങ്ങളിലുമുള്ള എലികൾ പുറത്തിറങ്ങി മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ അഭയംതേടും. മഴ പെയ്താൽ വെള്ളക്കെട്ടിൽ ചവിട്ടാതെ നടക്കാൻപറ്റാത്ത അവസ്ഥയാണല്ലോ. വെള്ളത്തിലൂടെയാണ് എലിപ്പനി പടരുന്നത്. എലിപ്പനി മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്നില്ല. എലിപ്പനി പടർത്തുന്ന ബാക്ടീരിയയ്ക്കു സാധാരണ 20 ദിവസമേ ആയുസ്സുള്ളൂ എന്നാണു കരുതിയിരുന്നത്. എന്നാൽ, കേരളത്തിലെ ക്ഷാരഗുണമുള്ള മണ്ണിൽ ഇവ മാസങ്ങളോളം അതിജീവിക്കും.

മുൻപ് എലികളിലൂടെ മാത്രമേ എലിപ്പനി പകർന്നിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ കന്നുകാലികളുടെ മൂത്രത്തിലൂടെയും രോഗാണു മനുഷ്യരിലേക്കെത്തുന്നുണ്ടെന്നു പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. അറവുമാലിന്യങ്ങൾ ജലാശയങ്ങളിൽ തള്ളുന്ന പതിവും കേരളത്തിലുണ്ട്. അവശിഷ്ടങ്ങളിലും എലിപ്പനിയുടെ ബാക്ടീരിയയുണ്ടാകും. ഇവയും കൂട്ടത്തോടെ  മനുഷ്യരിലെത്തും.

ജപ്പാൻജ്വരം

1996 ആലപ്പുഴയിലാണു ജപ്പാൻജ്വരം കൂടുതൽ പേർക്കു പിടിപെട്ടതായി റിപ്പോർട്ട് ചെയ്തത്. അവിടെത്തന്നെ മനുഷ്യർ ഉണ്ടാക്കിയ സാഹചര്യമാണു രോഗം പടരാൻ കാരണമായത്. കൃഷി നഷ്ടമാണെന്ന കാരണത്താൽ വയലുകൾ തരിശിട്ടു. പിന്നീട് ഇവിടങ്ങളിൽ പന്നിഫാമുകൾ തുടങ്ങി. ക്യൂലക്സ് വർഗത്തിൽപെട്ട കൊതുകുകൾ പെരുകാനും വൈറസുകൾ പടരാനും ഇതു സാഹചര്യമൊരുക്കി. പന്നികളുടെ ശരീരത്തിൽ വൈറസുകൾ പെട്ടെന്നു പെരുകും. റിസോർട്ടുകളും വഞ്ചിവീടുകളുമെല്ലാം, സ്വാഭാവിക വൈറസ് വാഹകരായ പക്ഷികളെ തുരത്തി വൈറസ് വ്യാപനത്തിനു വലിയ പങ്കുവഹിച്ചു. ഇപ്പോൾ ജപ്പാൻജ്വരം കേരളത്തിൽ മറ്റിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

മലമ്പനി

കേരളത്തിനു പുറത്തുപോയി വരുന്നവർക്കായിരുന്നു മുൻപൊക്കെ മലമ്പനി ബാധിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇവിടെത്തന്നെ പലയിടത്തും മലമ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എഴുപതുകളോടെ കേരളത്തിൽനിന്നു മലമ്പനി ഇല്ലാതായെന്നു നാം കരുതിയിരുന്നു.

വലിയ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നിടങ്ങളിലാണു മലമ്പനി കൂടുതൽ കാണുന്നത്. പ്രോജക്ട് മലമ്പനി എന്നാണിതിനെ പറയുന്നത്. പരിയാരം മെഡിക്കൽ കോളജിന്റെ നിർമാണപ്രവർത്തനം നടക്കുമ്പോഴാണു കൂടുതൽ പേർക്കു മലമ്പനിപിടിപെട്ടതായി കണ്ടത്. അന്നു നടത്തിയ പഠനത്തിൽ അവിടെ ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ ഉള്ളതായി കണ്ടെത്തി. അവരായിരിക്കാം, ഒരുപക്ഷേ രോഗവാഹകർ. ഇതരസംസ്ഥാന തൊഴിലാളികൾക്കു പനിയും മറ്റും പിടിപെട്ടാൽ ഡോക്ടറെ കാണാറില്ല.

മലമ്പനിബാധിത പ്രദേശങ്ങളിലുള്ളവരുടെ ശരീരത്തിൽ രോഗാണു ഉണ്ടാകാൻ സാധ്യതയുണ്ട്. അവിടത്തെ അവസ്ഥയിൽ അവർ പ്രതിരോധശേഷി നേടിയതിനാൽ രോഗലക്ഷണം പുറമെ കാണിക്കണമെന്നില്ല. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെത്തുമ്പോൾ അവരുടെ പ്രതിരോധശേഷി കുറയും. അതോടെ രോഗം പുറത്തേക്കുവരും. പനി വരുമ്പോൾ, അവരെ കടിക്കുന്ന കൊതുകുകൾ രോഗം പടർത്തും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ, ജോലി സ്ഥലങ്ങളിൽ ആരോഗ്യശുചീകരണ പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ മലമ്പനിപോലുള്ള രോഗങ്ങൾ എവിടെയും വ്യാപിക്കുന്ന സ്ഥിതിയെത്തും.

കുരങ്ങുപനി

കർണാടകയിലെ ഷിമോഗയിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന കുരങ്ങുപനി, 2013 മുതൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. വിറകുശേഖരിക്കാൻ കാട്ടിൽപോയ യുവാവിനായിരുന്നു വയനാട്ടിൽ കുരങ്ങുപനി പിടിച്ചത്. കുരങ്ങിന്റെ ശരീരത്തിലുള്ള ഉണ്ണികൾ (ticks) വഴിയാണ് രോഗം പടരുന്നത്. വിറകു ശേഖരിക്കാൻപോയ യുവാവ് മഴ പെയ്തപ്പോൾ ഒരു മരത്തിനു ചുവട്ടിൽനിന്നു. തൊട്ടടുത്ത് ഒരു കുരങ്ങ് ചത്തുകിടക്കുന്നുണ്ടായിരുന്നു. അവിടെനിന്നാണ് ഇയാൾക്കു രോഗം പിടിപെട്ടത്. അടുത്തിടെ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി വയനാടൻ കാടുകളിൽ ചിലര്തീയിട്ടപ്പോൾ അവിടെനിന്നു രക്ഷപ്പെട്ട കുരങ്ങന്മാർ നാട്ടിൽ അഭയം തേടി. ഇവയുടെ ശരീരത്തിൽ രോഗവാഹകരായ ഉണ്ണികളുണ്ടായിരിക്കാം. അവയാണു വയനാട്ടിലും നിലമ്പൂരിലും കുരങ്ങുപനിക്കു കാരണക്കാരായത്.

ചെള്ളുപനി

എലികൾ പടർത്തുന്ന രോഗം മുൻപു ഹിമാലയൻ അതിർത്തിയിൽ കാർഗിൽ മലനിരകളിൽ മാത്രം കണ്ടുവരുന്നതായിരുന്നു. കേരളത്തില്വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണു ചെള്ളുപനി ആദ്യം റിപ്പോർട്ട് ചെയ്തത്. എലികളിലെ പ്രത്യേകതരം ചെള്ളുകൾ വഴി പടരുന്ന രോഗമാണിത്. അതുപോലെ കരിമ്പനി ബാധിച്ചും ഒരാൾ കേരളത്തിൽ മരിച്ചു.

Prof. John Kurakar

No comments: