Pages

Wednesday, July 11, 2018

താം ലുവാങ്ങിൽ തെളിഞ്ഞനന്മയുടെ വെളിച്ചം ലോകമെങ്ങും പടരട്ടെ


താം ലുവാങ്ങിൽ തെളിഞ്ഞനന്മയുടെ വെളിച്ചം ലോകമെങ്ങും പടരട്ടെ
ലോകത്ത് നീതിയുടെയും നന്മയുടെയും ഇത്തിരിവെട്ടം അസ്തമിച്ചിട്ടില്ല എന്നതിൻറെ തെളിവാണ്  കഴിഞ്ഞ മൂന്നു ദിവസമായി തായ്ലാന്ഡില്നിന്ന് പുറത്തുവന്ന ശുഭവാര്ത്തകൾ .ഫുട്ബോള് അക്കാദമിയിലെ പതിനൊന്നിനും പതിനാറിനും ഇടയില് പ്രായമുള്ള പന്ത്രണ്ട് കുട്ടികളും ഇരുപത്തഞ്ചുകാരനായ പരിശീലകനും അകപ്പെട്ട താം ലുവാങ് ഗുഹയില്നിന്ന് സംഘത്തെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വാര്ത്ത മനുഷ്യസ്നേഹികളെ ഒരേസമയം ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

പതിനെട്ടു ദിവസം സ്വജീവന് പണയംവെച്ച് കൂരിരുട്ടത്ത് കഴിച്ചുകൂട്ടിയ കുരുന്നുകളുടെ സൂര്യവെട്ടത്തിലേക്കുള്ള അതിസാഹസികമായ കടന്നുവരവും അവരെ ജീവിതതീരത്തേക്ക് തിരികെയെത്തിച്ച രക്ഷാസംഘവും തെളിയിക്കുന്നത് മറ്റൊന്നല്ല. ലോകം ദര്ശിച്ച അത്യപൂര്വമായ രക്ഷാപ്രവര്ത്തനത്തിന്, അതില് പങ്കെടുത്തവരെയും നേതൃത്വം നല്കിയവരെയും എത്ര പ്രശംസിച്ചാലും അധികമാകില്ല. അതേസമയം ഒരു മുങ്ങല് വിദഗ്ധന് -തായ് നാവികസേനയിലെ സമാന്കുനന്- ജീവന് വെടിയേണ്ടിവന്നുവെന്നത് ദൗത്യത്തിന്റെ കാഠിന്യം വ്യക്തമാക്കിത്തരുന്നു. സാഹസികതയോടൊപ്പം ആ ധീരന്റെ സേവന മനസ്സുകൂടിയാണ് ശ്രദ്ധേയമായത്. സ്വാര്ത്ഥതകള് വെടിഞ്ഞ് അപരനുവേണ്ടി ജീവിക്കാനുള്ള ശുഭാപ്തിവിശ്വാസം ആ കുരുന്നുകളില് മാത്രമല്ല ലോകത്തെ ഓരോ മനുഷ്യജീവിയിലും തൊട്ടുണര്ത്തുന്നതാണ് തായ്ലാന്ഡ് നല്കുന്ന അനുഭവ പാഠം.നിസ്വാർഥമായ ത്യാഗത്തിന്റെയും ,അസാമാന്യമായ ധീരതയുടെയും ,  പ്രതീകമായി താം ലുവാങ് രക്ഷാദൗത്യം എന്നും  നിലകൊള്ളും.

ജൂണ് 23നാണ് കുട്ടികളും യുവാവും പത്ത് കിലോമീറ്ററോളം നീളമുള്ള ഗുഹയിലേക്ക് കയറിപ്പോകുന്നത്.മകനെ കാണാനില്ലെന്ന ഒരു മാതാവിന്റെ പരാതിയാണ് ആശങ്കക്ക് തുടക്കമിട്ടത്. വൈകാതെതന്നെ വാര്ത്ത ലോകമാകെ കാട്ടുതീ പോലെ പ്രവഹിച്ചു. അവശരായകുട്ടികൾ രക്ഷപ്പെടുമോ എന്ന ആകാംക്ഷക്കിടയിലാണ് ലോകം സഹായഹസ്തങ്ങളുടെ ആവേശവുമായി സടകുടഞ്ഞെണീറ്റത്.നാലുവീതം കുട്ടികളെ കഴിഞ്ഞ മൂന്നു ദിവസമായി പുറത്തെത്തിക്കാനായത് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും മാത്രമല്ല, ധീരസാഹസികരായ നൂറോളം വ്യക്തികളുടെ സന്മനസ്സും സേവന തല്പരതയും കൊണ്ടായിരുന്നു. അതികഠിനമായായിരുന്നു കുട്ടികളുടെ പുറത്തുകടക്കല്. ശ്വാസംപോലും കിട്ടാതെ പ്രാണനുവേണ്ടി കേണുകൊണ്ടിരുന്ന കുരുന്നുകളുടെ മുന്നിലേക്ക് പത്താം ദിവസമായപ്പോഴാണ് പ്രാണവായുവുമായി രക്ഷാപ്രവര്ത്തകരെത്തുന്നത്. ഇതിനായി തുരങ്കത്തിനുള്ളിലേക്ക് ഓക്സിജന് കുഴലുകള് സ്ഥാപിച്ചു. ചെളിയിലും വെള്ളത്തിലുമായി മുങ്ങിയും നീന്തിയുമാണ് രക്ഷാപ്രവര്ത്തകരുടെ സംഘം കുട്ടികളുടെ മുന്നിലേക്ക് ദൈവദൂതരെപോലെ എത്തിച്ചേര്ന്നത്. മനമുരുകിയുള്ള രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും തായ് ജനതയുടെയും പ്രാര്ത്ഥനകള്ക്കുപരി ഭൂലോകം മുഴുവന് ഈ കുരുന്നുകളുടെ പ്രാണന് തിരിച്ചുലഭിക്കണേ എന്ന് കേണപേക്ഷിച്ചു.

വിദേശത്തുനിന്ന് അമ്പതും തായ്ലാന്ഡിലെ നാല്പതോളവും മുങ്ങല് വിദഗ്ധരാണ് ദൗത്യത്തില് ജീവന് തൃണവല്ണിച്ചുകൊണ്ട് പങ്കുചേര്ന്നത്. രക്ഷാപ്രവര്ത്തനത്തിന് ചുക്കാന് പിടിച്ചത് . ഗുഹയ്ക്കകത്ത് കുട്ടികൾ ഉയിരോടെയുണ്ടെന്നറിഞ്ഞ ഒമ്പതാം നാൾ മുതൽ ലോകം മുഴുവൻ പ്രാർത്ഥനകളോടെ  അവർക്ക് കൂട്ടിരുന്നു.മനുഷ്യനന്മയുടെ മഹനീയമാതൃകയാണ്  താം ലുവാങ്ങിൽ ഉണ്ടായത് .ലോകത്തിനാകെ പ്രത്യാശയുടെയും ഐക്യത്തിന്റെയും പുതുവെളിച്ചം പകരുന്നതായിരുന്നു ഈ  രക്ഷാദൗത്യം.. 13 മനുഷ്യർക്കുവേണ്ടി ലോകം ഒന്നിക്കുന്ന കാഴ്ച  നാം കണ്ടു .സ്വാർഥലോകത്തിൽ  നിസ്വാർഥസ്നേഹത്തിന്റെ മാതൃകയാണ് താം ലുവാങ്രക്ഷാദൗത്യം .


പ്രൊഫ്. ജോൺ കുരാക്കാർ

 


No comments: