Pages

Saturday, June 2, 2018

തപാൽസമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം


തപാൽസമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം

ഗ്രാമീണ തപാൽ സേവകരുടെ തപാൽസമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം .അവരുടെ  തൊഴിലവകാശപ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും മനസ്സിലാക്കാൻ  സർക്കാർ ശ്രമിക്കുന്നില്ല .ആ ചുവന്ന തപാൽപ്പെട്ടിയും കാക്കിയണിഞ്ഞു കുടചൂടി വരുന്ന പോസ്റ്റ്മാനും ഇന്ത്യൻ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അടയാളങ്ങളായിരുന്നു. തപാൽക്കാരനെപ്പറ്റി എത്രകഥകളാണ് ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ടത്. സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സന്ദേശവാഹകരായിരുന്ന തപാൽക്കാരും തപാൽമേഖലയും ഇന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇലക്ട്രോണിക് സാങ്കേതികവിദ്യകളുടെ വികാസത്തോടെ പ്രാധാന്യവും ആവശ്യക്കാരും കുറഞ്ഞുവെങ്കിലും ഒട്ടേറെ അവശ്യസേവന മണ്ഡലങ്ങളിൽ ഭാരതീയ തപാൽവകുപ്പ് ഇപ്പോഴും മുന്നിലാണ് .

സർക്കാരും ധനകാര്യസ്ഥാപനങ്ങളും അച്ചടിമാധ്യമങ്ങളുമെല്ലാം തപാൽ സർവീസിനെ ആശ്രയിക്കുന്നു. ധനനിക്ഷേപവും വിനിമയവും ഉൾപ്പെടെയുള്ള ബാങ്കിങ് സേവനങ്ങളും ചരക്കുനീക്കവും ഒന്നരലക്ഷത്തിലധികം ചെറുതും വലുതുമായ പോസ്റ്റോഫീസുകളും ലക്ഷക്കണക്കിനു ജീവനക്കാരുമായി നിൽക്കുന്ന തപാൽ മേഖല ഇപ്പോഴും തല ഉയർത്തി തന്നെ നിൽക്കുന്നു . പാസ്പോർട്ട്, നിയമനോത്തരവുകൾ, കോടതിക്കത്തുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഉരുപ്പടികൾ സമരംമൂലം പോസ്റ്റോഫീസുകളിൽ കെട്ടിക്കിടക്കുന്നു. തപാൽ സേവനം ഏതാണ്ടു സ്തംഭിച്ചു കഴിഞ്ഞെങ്കിലും ജീവനക്കാരുമായി ചർച്ച നടത്താൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

രാജ്യത്താകമാനമായി മൂന്നു ലക്ഷത്തിലധികംപേരുള്ള ജി.ഡി.എസ്. ജീവനക്കാരുടെ വേതനപരിഷ്കരണത്തെപ്പറ്റി 2016-ൽ കേന്ദ്രസർക്കാരിനു സമർപ്പിക്കപ്പെട്ട കമലേശ്ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നാണ് പണിമുടക്കുന്ന സംഘടനകളുടെ ആവശ്യം. 65 വയസ്സുവരെ ജോലിചെയ്യാവുന്ന ജി.ഡി.എസ്. ജീവനക്കാർ പ്രതിമാസ വേതനമൊഴിച്ച് മറ്റ് ആനുകൂല്യങ്ങളൊന്നും കിട്ടാത്തവിഭാഗമാണ്.സമരംമൂലം  റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മെയിൽബാഗുകൾ കുന്നുകൂടുകയാണ്. സംസ്ഥാനത്തെ 39 ആർ.എം.എസ്. ഓഫീസുകളും പ്രവർത്തിക്കുന്നില്ല. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്പീഡ് പോസ്റ്റ് ഹബ്ബുകളുടെയും പ്രവർത്തനം നിലച്ചു.

നിക്ഷേപപദ്ധതികൾ മുടങ്ങിയതിനാൽ ഇടപാടുകാർക്ക് പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ കഴിയുന്നില്ല. പോസ്റ്റൽ ഏജന്റുമാർ ഇടപാടുകാരിൽനിന്ന് പിരിച്ച പണവും പോസ്റ്റോഫീസുകളിൽ അടയ്ക്കുന്നില്ല. ഇത്തരം നിക്ഷേപപദ്ധതികളിൽ ആറരലക്ഷം കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ ലൈഫ് ഇൻഷുറൻസ് എന്നിവയും നിലച്ചിരിക്കയാണ്. നാലായിരം കോടിയുടെ ഇടപാട് ഈ രംഗത്ത് തപാൽ ഓഫീസുകൾവഴി നടക്കുന്നുണ്ട്.

പി.എസ്.സി. ഓഫീസുകളിൽനിന്നയച്ച നിയമന ശുപാർശകൾ, സീക്രട്ട് മെയിൽ വിഭാഗത്തിലുള്ള പരീക്ഷകൾക്കുള്ള ചോദ്യക്കടലാസുകൾ, ഉത്തരക്കടലാസുകൾ തുടങ്ങിയവയൊന്നും  വിതരണം ചെയ്യാനാവുന്നില്ല. ക്ഷേമ പെൻഷൻ വിതരണവും താളംതെറ്റി.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലായി 15,000 പാസ്പോർട്ടുകൾ കെട്ടിക്കിടക്കുന്നുണ്ടാകുമെന്നാണ് സംയുക്ത സമരസമിതി ജീവനക്കാർ പറയുന്നത്. കൂറിയർ ഏജൻസികൾക്കും മറ്റും അനുമതിയില്ലാത്തതിനാൽ പാസ്പോർട്ട് വിതരണം പൂർണമായും തപാൽ ഓഫീസ് വഴിയാണ് നടത്തുന്നത്.അഖിലേന്ത്യാ തലത്തിൽ നാലരലക്ഷം ജീവനക്കാരിൽ 2.63 ലക്ഷം പേർ ഗ്രാമീണ ഡാക് സേവകരാണ്.

കേന്ദ്രജീവനക്കാർക്കുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. 4500 രൂപയാണ് അടിസ്ഥാനവേതനം. മൊത്തം ശമ്പളം പതിനായിരത്തിൽത്താഴെ മാത്രം. 60 രൂപയാണ് വാർഷികവർധന. ഈ വിഭാഗം ജീവനക്കാരുടെ വേതനം പുതുക്കണമെന്ന് 2016-ൽ കമലേശ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇത് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.40 വർഷം സർവീസുള്ളവർപോലും വിരമിച്ചാൽ പരമാവധി 60,000 രൂപയാണ് എക്സ്ഗ്രേഷ്യയായി ലഭിക്കുന്നത്. പരമാവധി അഞ്ചുലക്ഷം രൂപവരെ വിരമിക്കൽ ആനുകൂല്യമായി നൽകണമെന്ന് കമലേശ്ചന്ദ്ര കമ്മിറ്റി ശുപാർശചെയ്തിട്ടുണ്ട്. ഇ.എസ്.ഐ., ഇ.പി.എഫ്. ആനുകൂല്യം ജീവനക്കാർക്ക് നൽകണ  ഗ്രാമീണ തപാൽ സേവകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. പണിമുടക്കു  ഇനിയും തുടർന്നാൽ അത് ജനജീവിതത്തെ ബാധിക്കും.തപാൽസമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം



പ്രൊഫ്. ജോൺ കുരാക്കാർ



.

No comments: