Pages

Monday, June 18, 2018

കാലവര്ഷക്കെടുതിനേരിടാൻ സർക്കാർ തയാറാകേണ്ടിയിരിക്കുന്നു.


കാലവര്ഷക്കെടുതിനേരിടാൻ സർക്കാർ തയാറാകേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പല പ്രകൃതിദുരന്തങ്ങളെയും പ്രതിരോധിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ സർക്കാർ സംവിധാനങ്ങൾക്ക് വേണ്ടവിധം സാധിച്ചോ എന്ന് വിലയിരുത്തുന്നത് നല്ലതാണ് .ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു മുൻകൂട്ടി അറിയുന്നതിലും അപകടസന്ദേശം നൽകുന്നതിലുമുണ്ടായ വീഴ്ചയിൽനിന്നു നാം പാഠം പഠിക്കേണ്ടതായിരുന്നു. അപകടമുണ്ടാകുന്ന ഏതു സ്ഥലത്തും കുറഞ്ഞ സമയത്തിനകം എത്തിച്ചേരാൻ  ദുരന്തനിവാരണ സേനയ്ക്ക് കഴിയണം . പ്രകൃതിദുരന്തങ്ങളായാലും അപകടങ്ങളായാലും എത്രയുംവേഗം രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി ആശ്വാസം എത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ നിസ്സഹായമായി നിൽക്കുന്ന കാഴ്ച ഇനിയും ആവർത്തിച്ചുകൂടാ.

സംസ്ഥാനത്തു കടൽക്ഷോഭം രൂക്ഷമാകുന്ന ഇപ്പോഴത്തെ ദുർഘടസാഹചര്യവും സർക്കാരിനു മുന്നിലുണ്ടാവണം.കാലവര്ഷം കനത്തതോടെ സംസ്ഥാനത്ത് കടല്ക്ഷോഭവും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ്.മലയോര മേഖല ഉരുള്പൊട്ടലിന്റെ ഭീതിവിട്ടുമാറാതെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ഇവിടങ്ങളില് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിത്യദുരന്തമായി മാറിയിരിക്കുകാണ്.  താമരശേരിയിലുണ്ടായ ഉരുള്പൊട്ടലില് ജീവഹാനിയടക്കം വന് നാശനഷ്ടമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരില് അഞ്ചു വീടുകള് ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായും സംശയമുണ്ട്. കോഴിക്കോട്ട് ഉരുള്പൊട്ടല് ഭീഷണിയെ തുടര്ന്ന് അഞ്ഞൂറോളം പേരെയാണ് മാറ്റിപാർപ്പിച്ചത്.പ്രകൃതിക്ഷോഭ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള തയാറെടുപ്പുകൾ മുൻകൂട്ടി നടത്തുന്നതിൽ നമുക്കെന്നും അമാന്തംതന്നെ.. കടൽ പ്രക്ഷുബ്ധമാണ്. ട്രോളിംഗ് നിരോധനം നിലവിലുള്ളതിനാൽ തീരപ്രദേശത്തു ഇല്ലായ്മയുടെ നാളുകളാണ്.

. തീരവാസികൾ ദുരിതത്തിലാവുന്ന ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ ആശ്വാസപ്രവർത്തനങ്ങൾ നടത്താൻ അലംഭാവം കാട്ടരുത്.ദുരന്തമുണ്ടായശേഷം ദുരിതാശ്വാസം എത്തിക്കുന്ന പഴഞ്ചൻ രീതിക്കുപകരം മുന്നറിവ്, തയാറെടുപ്പ്, ദുരിതനിവാരണം എന്നിങ്ങനെയുള്ള ശാസ്ത്രീയരീതിയിലേക്കു പൂർണമായും മാറാൻ നാം ഇപ്പോഴേ വൈകിക്കഴിഞ്ഞു. ദുരന്തസാധ്യതകൾ കണ്ടെത്തുക, ആധുനിക ഉപകരണങ്ങൾ സജ്ജീകരിക്കുക, ഓരോ സാഹചര്യത്തിനും അനുയോജ്യമായ പരിശീലനം സിദ്ധിച്ച കർമസേനയെ രൂപീകരിക്കുക, ഇടയ്ക്കിടെ ട്രയൽ നടത്തി ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ.

മൺസൂൺ ടൂറിസം വളർന്നുവരുന്ന ഇക്കാലത്ത് , വളരെ ശ്രദ്ധ ആവശ്യമാണ് കായലുകളിലും മലയോരങ്ങളിലും മഴക്കാഴ്ച കാണാൻ എത്തുന്നവർ ഓരോ പ്രദേശത്തെയും അപകടക്കെണികളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കണം. അവർക്കുവേണ്ട മുന്നറിയിപ്പുകൾ തദ്ദേശസ്ഥാപനങ്ങളും സർക്കാരും നൽകണം. അപകടസാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷാപ്രവർത്തകരെ നിയോഗിക്കണം. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇപ്പോഴും അധികൃതരുടെ രക്ഷാഹസ്തങ്ങൾ പതറുകയും അന്ധാളിപ്പോടെ നോക്കിനിന്നു വിലപ്പെട്ട സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന പതിവ് കരിഞ്ചോലയിലും കാണാനായതു നിർഭാഗ്യകരംതന്നെ. നാട്ടുകാർ ഇവിടെ നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ച് എടുത്തുപറയുകയുംവേണം.ദുരന്തനിവാരണസേനയെ   എപ്പോഴും തായാറാക്കി നിർത്താൻ സർക്കാരിനു കഴിയണം .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: