Pages

Sunday, June 10, 2018

കേരളത്തിന്റെ ആരോഗ്യമേഖല രോഗാതുരതയിലാണോ ?


കേരളത്തിന്റെ ആരോഗ്യമേഖല
രോഗാതുരതയിലാണോ?

കേരളത്തിൻറെ  പരിസ്ഥിതിയും കാലാവസ്ഥയും അടിക്കടി മാറുകയാണ്.കേട്ടുകേൾവിയില്ലാത്ത രോഗാണുക്കളും രോഗങ്ങളും  നാട്ടിൽ പിറവിയെടുക്കുകയാണ് .കൊറോണ വൈറസ്, മഞ്ഞപ്പനി, സിക്ക തുടങ്ങിയ ഒട്ടേറെ പുതിയ രോഗാണുബാധകൾ കുറച്ചുകാലമായി ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.നിപയെ സമയോചിതവും തീവ്രവുമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കുന്നതിൽ നാം വിജയിച്ചുവെന്നു പറയാമെങ്കിലും ആപത്കാരികളായ മറ്റുരോഗങ്ങൾ പടരാനുള്ള സാധ്യത ആരോഗ്യവിദഗ്ധർതന്നെ പ്രവചിച്ചിട്ടുണ്ട്.

 കൊതുകുജന്യവും ജലജന്യവുമായ ആ മാരകവ്യാധികളിൽ പ്രധാനം ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ, ജപ്പാൻജ്വരം, ടൈഫോയ്ഡ്, എച്ച് വൺ എൻ വൺ തുടങ്ങിയവയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാനൂറോളംപേർക്ക് ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ടെന്നാണു കണക്ക്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ടായിരത്തോളംപേർക്കിടയിലാണ് നാനൂറോളംപേർക്ക് രോഗം സ്ഥിരീകരിച്ചത്. .ആരോഗ്യരംഗത്ത് ആഗോളനിലവാരം കൈവരിച്ചെന്ന് അഭിമാനിച്ചിരുന്ന കേരളത്തെയാണ് നിപ വൈറസ് ബാധ ഭയത്തിന്റെ ഇരുട്ടിൽ നിർത്തിയത്.

ഭരണാധികാരികളുടെയും ആതുരശുശ്രൂഷകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ആ മാരകവ്യാധിയുടെ വ്യാപനം തടയാൻ നമുക്കായി. അതിൽ അഭിമാനിക്കാൻ വകയുള്ളപ്പോഴും 17 ജീവനുകളെ മരണത്തിനു വിട്ടുകൊടുക്കേണ്ടിവന്നു എന്നത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ രോഗാതുരതയിലേക്ക് വിരൽ ചൂണ്ടുന്നു.നിപ വൈറസ്ബാധ പെട്ടെന്നുതന്നെ തിരിച്ചറിയപ്പെട്ടത് ഒരു സ്വകാര്യാശുപത്രിയിലെ ഭിഷഗ്വരന്റെ വിവേകം കൊണ്ടുമാത്രമാണ്.  ന്യൂനമർദഫലമായ വേനൽമഴ ഉണ്ടായപ്പോൾത്തന്നെ അവിടവിടെയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയ മാരകമായ പകർച്ചവ്യാധികൾ അത്യുഗ്രമായി വ്യാപിക്കുന്നതാണ് നാം കണ്ടത് .

ജനിച്ചവർക്കെല്ലാം ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നത് അവിതർക്കിതമായ കാര്യമാണ്. രോഗങ്ങൾ പിടിപെടാത്ത, പട്ടിണിയില്ലാത്ത, പാർക്കാൻ ഇടമുള്ള ജീവിതം നയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിശപ്പില്ലാതാക്കാൻ ഭക്ഷ്യസുരക്ഷാ പദ്ധതികൾ വലിയൊരളവോളം യാഥാർഥ്യമായ കേരളത്തിൽ രോഗചികിത്സയാണ് സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി. രാജ്യത്തെ മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് ജനകീയാരോഗ്യകേന്ദ്രങ്ങളുടെ വളരെ വലിയ ശൃംഖല കേരളത്തിലുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ നിലവാരത്തിന് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായല്ല, യൂറോപ്പുമായാണ് താരതമ്യം എന്ന് നാം അഭിമാനിക്കാറുണ്ട്. എന്നാൽ, ഉന്മൂലനാശം സംഭവിച്ചെന്ന് ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ കൂടുതൽ ശക്തമായി തിരിച്ചുവരുന്നതടക്കമുള്ള ഭയങ്കരമായ സ്ഥിതിവിശേഷമാണിന്നുള്ളത്.
വ്യക്തിശുചിത്വത്തിന് വലിയൊരളവോളം പ്രാധാന്യം നൽകുന്ന മലയാളിക്ക് പരിസരശുചിത്വം എന്ന സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് കാര്യമായ ബോധമില്ല.കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വില്ലുമല വനമേഖലയിലെ ആദിവാസിയുവാവിന്, കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കരിമ്പനി (കാലാ അസാർ) എന്ന രോഗം സ്ഥിരീകരിച്ചിരിക്കുന്നതായി വാർത്ത.

പല സർക്കാർ ആശുപത്രികളിലും രോഗികളെ പരിശോധിക്കാൻ ഡോക്ടർക്ക്  ഒരു മിനിറ്റുപോലും എടുക്കാനാവില്ല .. ആദ്യമായി കാണാനെത്തുന്ന രോഗിയെ 10 മിനിറ്റെങ്കിലും പരിശോധിക്കാൻ ഡോക്ടർക്കു കഴിയുന്ന സ്ഥിതി നമ്മുടെ ആശുപത്രികളിലുണ്ടാവണം. ഒരു രോഗിയെ പരിശോധിക്കാൻ 20 മിനിറ്റ് എന്ന ലോകാരോഗ്യസംഘടന നിർദേശിച്ച സമയത്തിലേക്ക് പടിപടിയായി എത്താനുമാവണം. ഇതിന് നമ്മുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ എണ്ണം കൂട്ടണം. കാരണം, രോഗനിർണയം പിഴച്ചാൽ സർവം പിഴയ്ക്കും. നിപ പോലുള്ള വൈറസുകൾ ഡോക്ടറുടെ കണ്ണുവെട്ടിച്ച് കടന്നെത്തും. ആശുപത്രികൾ രോഗവിതരണകേന്ദ്രങ്ങളാകുന്ന ദുരവസ്ഥയും ഈ വ്യാധിക്കാലത്ത് നാം നേരിട്ടു.വൈറസ് ബാധ അടിയന്തരമായി കണ്ടെത്തണമെങ്കിൽ അതിനുള്ള ലബോറട്ടറികൾ ഇന്നാട്ടിൽ വേണം. സുരക്ഷിതമായ അടിസ്ഥാനസൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും കാര്യക്ഷമതയുള്ള ജീവനക്കാരുമുള്ള ലബോറട്ടറികൾ. ആലപ്പുഴയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ട്. പോരായ്മകൾ പരിഹരിച്ച് അവ സമ്പൂർണസജ്ജമാക്കണം. കോഴിക്കോട്ട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം .പ്രൊഫ്. ജോൺ കുരാക്കാർ


No comments: