Pages

Sunday, May 13, 2018

തട്ടുകടയിൽ നിന്നും തുടങ്ങി , കോടികൾ വിറ്റുവരവുള്ള ഹോട്ടൽ ശൃംഖലയുടെ ഉടമയായ പട്രീഷ്യ !


തട്ടുകടയിൽ നിന്നും തുടങ്ങി , കോടികൾ വിറ്റുവരവുള്ള ഹോട്ടൽ ശൃംഖലയുടെ ഉടമയായ പട്രീഷ്യ !
കഠിധ്വാനത്തിന്റെയും അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഉത്തമദൃഷ്ടാന്തമാണ് പട്രീഷ്യയുടെ ജീവിതം

എണ്പതുകളുടെ തുടക്കത്തില് ചെന്നൈയിലെ മറീന ബീച്ചില് ഉന്തിക്കൊണ്ടു നടക്കുന്ന ഒരു വണ്ടിയില് ചായ, കാപ്പി, ഉഴുന്നുവട, സമൂസ, ബജി, സിഗരറ്റ് എന്നിവയൊക്കെ വിറ്റു നടന്നിരുന്ന യുവതിയാണ് പട്രീഷ്യ നാരായണന്. 2010 ല് എഫ്ഐസിസിഐ വുമണ് ഓന്ട്രപ്രെണര് പുരസ്കാര ജേതാവായി അവള്. മുപ്പതുവര്ഷം കൊണ്ട് കേവലം ഒരു തട്ടുവണ്ടിയില് നിന്ന് ഇന്ത്യന് വ്യവസായവിഹായസില് ഉയര്ന്നു പൊന്തിയ നക്ഷത്രം!ചെന്നൈയിലെ ബീച്ചിനടുത്തു താമസിച്ചിരുന്ന ഒരു യാഥാസ്ഥിതിക ക്രിസ്ത്യന് കുടുംബത്തിലാണ് പട്രീഷ്യ ജനിച്ചത്. അന്നവര് പട്രീഷ്യ തോമസായിരുന്നു. കാര്യങ്ങള് നടത്തിക്കൊണ്ടുപോകാനുള്ള സാമര്ത്ഥ്യം. ഉത്തരവാദിത്വബോധം. സര്ക്കാരുദ്യോഗസ്ഥരായ മാതാപിതാക്കള് മകളില് വലിയൊരു ഭാവി കണ്ടു. പാചകത്തിലും അവര്ക്ക് പ്രത്യേക അഭിരുചിയുണ്ടായിരുന്നു.
പക്ഷേ ചെന്നൈയിലെ ക്വീന്സ് മേരി കോളേജില് പഠിക്കുമ്പോള് അവര് ഒരു ബ്രാഹ്മണയുവാവുമായി സ്നേഹത്തിലായി. അച്ഛനും അമ്മയും എതിര്ത്തെങ്കിലും നാരായണനെ പിരിയാന് അവര്ക്കു കഴിഞ്ഞില്ല. ഇരുവീട്ടുകാരുടെയും എതിര്പ്പുകളെ അവഗണിച്ച് പട്രീഷ്യ തന്നെക്കാള് 13 വയസ് കൂടുതലുള്ള നാരായണനെ വിവാഹം ചെയ്തു. പക്ഷേ ഭര്ത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന സത്യം വിവാഹാനന്തരമാണ് മനസ്സിലാക്കുന്നത്. എന്തു ചെയ്യാന്?വീട്ടുകാരെ ധിക്കരിച്ച് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിത്തിരിച്ച അവര് ഭര്ത്താവിനെ നേര്വഴിക്ക് കൊണ്ടു വരാന് ആവുംവിധം പരിശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. ഇതിനിടെ അവര് രണ്ടു കുട്ടികളുടെ അമ്മയുമായി. ലഹരിയില് തന്നെയും കുട്ടികളെയും ഭര്ത്താവ് അപകടപ്പെടുത്തുമെന്ന നിലവന്നപ്പോള് അവര് കുട്ടികളുടെ കൈയും പിടിച്ച് വീടുവിട്ടിറങ്ങി. എല്ലാം ക്ഷമിക്കുന്ന മാതാപിതാക്കളെത്തന്നെ അഭയം പ്രാപിച്ചു. മകളുടെ ദുര്വിധിയില് മനം തകര്ന്ന അവര് എല്ലാ പിണക്കങ്ങളും മറന്ന് പട്രീഷ്യക്കും കുട്ടികള്ക്കും അഭയം നല്കി.
മാതാപിതാക്കള്ക്ക് താനൊരു ബാദ്ധ്യതയാകരുതെന്ന് മനസ്സില് ഉറപ്പിച്ച പട്രീഷ്യ സ്വന്തമായി ഒരു തൊഴിലിനെക്കുറിച്ച് ആലോചിച്ചു. പാചകത്തില് തനിക്കുള്ള നൈപുണ്യം ഉപയോഗപ്പെടുത്താന് അവര് തീരുമാനിച്ചു. അമ്മയുടെ കൈയില് നിന്ന് 500 രൂപ കടം വാങ്ങി സൈക്കിള് ടയറുകളില് ഘടിപ്പിച്ച ഒരു ചെറിയ തട്ടു കട ഉണ്ടാക്കി. അതില് ചായ, കാപ്പി, ജ്യൂസ്, സിഗരറ്റ് എന്നിവയുമായി മറീന ബീച്ചിലെത്തി. നാളെയെക്കുറിച്ചുള്ള ചിന്ത, ഓരോ ദിവസവും വിറ്റുകിട്ടുന്നതിന്റെ ഒരു ചെറിയ പങ്ക് അടുത്ത ദിവസത്തേക്കുള്ള നിക്ഷേപമാക്കാന് അവരെ പ്രേരിപ്പിച്ചു.പ്രഭാതം മുതല് രാത്രി വൈകുവോളം തട്ടുകടയുമായി അവര് ബീച്ചില് കഴിഞ്ഞു. തന്റെ കുട്ടികള്ക്ക് ഒന്നിനും കുറവുണ്ടാകരുതെന്ന വാശിയാണ് അവരെ മുന്നോട്ടു നയിച്ചത്. ക്രമേണ കച്ചവടം പച്ചപിടിച്ചു തുടങ്ങി. വര്ഷങ്ങള് കടന്നു. അവരുടെ കഠിനാധ്വാനവും ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങളുടെ രുചിയും തിരിച്ചറിഞ്ഞ, ചേരി നിര്മ്മാര്ജ്ജന ബോര്ഡ് ചെയര്മാന് തങ്ങളുടെ ക്യാന്റീന്റെ ചുമതല പട്രീഷ്യയെ ഏല്പിച്ചു. ക്യാന്റീന് വലിയ വിജയമായി.
രുചികരമായ ഭക്ഷണത്തോട് മനുഷ്യനുള്ള പ്രിയം പറയേണ്ടതില്ലല്ലോ? പട്രീഷ്യയുടെ കൈപ്പുണ്യവും നേതൃത്വപാടവവും മനസ്സിലാക്കി ബാങ്ക് ഓഫ് മധുരയുടെ അധികൃതര്, തങ്ങളുടെ വിപുലമായ ക്യാന്റിന് നടത്താനുള്ള ഓഫറുമായി പട്രീഷ്യയെ സമീപിച്ചു. കൂടുതല് സൗകര്യങ്ങളും വരുമാനവും വളര്ച്ചയ്ക്കുള്ള അവസരങ്ങളും ലഭിക്കുന്ന ആ ഓഫര് സ്വീകരിക്കാന് അവര് മടിച്ചില്ല. ബാങ്ക് ഓഫ് മധുരയുടെ ക്യാന്റീന് നടത്തിപ്പിന്റെ ചുമതല അവരേറ്റെടുത്തു.തുടര്ന്ന കേന്ദ്രഗവണ്മെന്റ് നടത്തുന്ന നാഷണല് പോര്ട്ട് മാനേജ്മെന്റ് ട്രെയിനിംഗ് സ്കൂളിലെ കാറ്ററിംഗ് കരാര് ജോലിക്കാരിയായി. താമസത്തിന് ക്വാര്ട്ടേഴ്സും മറ്റ് സൗകര്യങ്ങളും. ആഴ്ചയില് എണ്പതിനായിരത്തോളം രൂപയുടെ വരുമാനം. ആ ജോലി പട്രീഷ്യയുടെ ജീവിതവീക്ഷണത്തെ അടിമുടി മാറ്റി മറിച്ചു.
ഇതിനകം മക്കളിരുവരും വിവാഹിതരായി. 1998 ല് പ്രശസ്തമായ സംഗീത റെസ്റ്റോറന്റ് ഗ്രൂപ്പ്, പട്രീഷ്യയെ അവരുടെ ഡയറക്ടര്മാരില് ഒരാളാക്കി പാര്ട്ണര്ഷിപ് അനുവദിച്ചു. എന്നാല് ആയിടയ്ക്ക് മകള് പ്രതിഭാ സാന്ദീപയും മരുമകനും ഒരു റോഡപകടത്തില് മരിച്ചു. മറ്റൊരു ഹോട്ടലിന്റെ പാര്ട്ണറാകുന്നതിനു പകരം സഹോദരിയുടെ ഓര്മ്മ നിലനിര്ത്താനായി മകന് പ്രവീണ് രാജ്കുമാര്, സാന്ദീപ എന്ന പേരില് സ്വന്തമായ റെസ്റ്റോറന്റ് ആരംഭിച്ചു. പാചകത്തിന്റെയും മാനേജ്മെന്റിന്റെയും ചുമതല പട്രീഷ്യ തന്നെ നേരിട്ട് ഏറ്റെടുത്തു.1982 ല് മെറീന ബീച്ചില് ആദ്യമായി തട്ടുകടയുമായി പോയപ്പോള് അവര്ക്ക് വില്ക്കാന് കഴിഞ്ഞത് ഒരു ചായ മാത്രമാണ്. ആദ്യത്തെ വിറ്റുവരവ് കേവലം 50 പൈസ. 2012 ആയപ്പോള് പട്രീഷ്യയുടെ സ്ഥാപനങ്ങളുടെ വിറ്റുവരവ് പ്രതിദിനം 2 ലക്ഷത്തോളം രൂപയായി. മകളുടെ ദുരന്തത്തില് മനം നൊന്ത പട്രീഷ്യ അപകടത്തില്പ്പെട്ടവര്ക്കുവേണ്ടി ആംബുലന്സ് സര്വീസും ആരംഭിച്ചു. പണമുണ്ടായപ്പോഴും മദ്യത്തിന് അടിമപ്പെട്ട ഭര്ത്താവിനെ അവരുപേക്ഷിച്ചില്ല. അയാളെയും അയാളുടെ ബന്ധുജനങ്ങളെയും അവര് സംരക്ഷിച്ചു.ഇന്ന് 14 ഔട്ട്ലെറ്റുകളുള്ള സാന്ദീപ ചെയിന് ഓഫ് റെസ്റ്റോറന്റ്സിന്റെ ഡയറക്ടറാണ് പട്രീഷ്യ നാരായണന്. വേളാച്ചേരിയിലെ ഒരു ഡ്യൂപ്ലെക്സ് അപ്പാര്ട്ട്മെന്റിലാണ് താമസം. പുറത്ത് പോര്ച്ചില് വില കൂടിയ ലക്ഷ്വറി കാര്. 2010 ല് അവരുടെ സംരംഭകത്വസാമാര്ത്ഥ്യം പരിഗണിച്ച് എഫ്ഐസിസിഐ വുമണ് ഓന്ട്രപ്രെണര് ഓഫ് ദ് ഇയര് പുരസ്കാരം നല്കി ആദരിച്ചു. മറീന ബീച്ചില് വെറുമൊരു തട്ടുകടയുമായി ജീവിതം ആരംഭിച്ച പട്രീഷ്യയുടെ വളര്ച്ചയുടെ കഥ വായിക്കുമ്പോള് രോമഞ്ചമുണ്ടാകുന്നു, ഇല്ലേ? കഠിധ്വാനത്തിന്റെയും അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഉത്തമദൃഷ്ടാന്തമാണ് പട്രീഷ്യയുടെ ജീവിതം.പ്രതിസന്ധികളില് തളരാതെ മുന്നേറാനുള്ള അഭിവാഞ്ഛ സ്ത്രീകളില് സഹജമാണ്. അന്യജാതിയില്പ്പെട്ട യുവാവുമായുള്ള വിവാഹം, ഭര്ത്താവിന്റെ മദ്യപാനവും ദുഃശീലങ്ങളും, സാമ്പത്തികബുദ്ധിമുട്ടുകള്, ഭര്ത്താവില്നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനം, കുട്ടികളെ വളര്ത്തല് എന്നിങ്ങനെ എന്തെല്ലാം പ്രതിസന്ധികള്. പക്ഷേ ഉയര്ന്ന ജീവിതവിജയം എന്ന ലക്ഷ്യം എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള ശക്തി അവര്ക്കു നല്കി. ലക്ഷ്യത്തിലേക്ക് മനസ് ഏകാഗ്രമാക്കിയപ്പോള് അത് നേടുന്നതിനുള്ള മാര്ഗ്ഗങ്ങളും ഒന്നൊന്നായി അവരുടെ മുന്നില് തെളിഞ്ഞു വന്നു. ഒടുവില് തനിക്കു വേണ്ടി ഈ ലോകം കരുതിവച്ചത് അവര് കരസ്ഥമാക്കുക തന്നെ ചെയ്തു.
കൈവരുന്ന അവസരങ്ങള് ബാലിശമായ കാരണങ്ങള് പറഞ്ഞ് ഉപേക്ഷിച്ച് എങ്ങുമെത്താതെ പോകുന്നവരുടെ ലോകത്ത് പട്രീഷ്യ നാരായണന് ഒരു ഒറ്റപ്പെട്ട മാതൃകയാണ്. ദൃഢനിശ്ചയത്തോടെ പ്രതിസന്ധികളെ നേരിടാന് കാട്ടിയ ധൈര്യമാണ് അവരുടെ വിജയത്തിന്റെ ആണിക്കല്ല്.സമ്പത്തുള്പ്പടെയുള്ള എല്ലാ വിജയങ്ങളും എല്ലാവര്ക്കും വേണ്ടി എവിടെയോ കരുതിവച്ചിട്ടുണ്ട്. ‘നിങ്ങള്ക്ക് സങ്കല്പ്പിക്കാന് കഴിയുന്നതിനുപ്പറത്തുള്ള കാര്യങ്ങളാണ് ദൈവം നിങ്ങള്ക്ക് വേണ്ടി കരുതിവച്ചിരിക്കുന്നത്എന്ന് ഓപ്ര വിന്ഫ്രി പറഞ്ഞതോര്ക്കുന്നു. യഥാര്ത്ഥത്തില് നിങ്ങളുടെ അഭിവൃദ്ധി പ്രപഞ്ചശക്തി ആഗ്രഹിക്കുന്നുണ്ട്. ആ ശക്തിയില് വിശ്വസിക്കുക. അഭിവൃദ്ധിക്കായി നിങ്ങളുടെ കഴിവുകള് പരമാവധി ഉപയോഗപ്പെടുത്തുക.സമ്പത്തിന് നൈസര്ഗികമായ ചില നിയമങ്ങളുണ്ട്. നിങ്ങള്ക്ക് സാമ്പത്തികപ്രതിസന്ധികള് ഉണ്ടാകുന്നത് നിങ്ങള് സ്വന്തം നിയമം സമ്പത്തിന് മേല് അടിച്ചേല്പ്പിക്കുമ്പോഴാണ്. ഓര്ക്കുക, നിങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്ന പ്രപഞ്ചശക്തിയാണ് സമ്പത്ത് നിങ്ങള്ക്ക് നല്കുന്നത്. കിട്ടുന്ന ഓരോ നാണയത്തിനും പ്രപഞ്ചശക്തിയോട് നന്ദി പ്രകടിപ്പിക്കുക.നിറഞ്ഞ സമ്പത്ത് എന്നിലേക്ക് നിലയ്ക്കാതെ ഒഴുകട്ടെ എന്ന് ആഗ്രഹിക്കുകയും അങ്ങനെ ഒഴുകുമെന്ന് വിശ്വസിക്കുകയും ചെയ്യുക. ഇത്തരം ചിന്തകളാല് സമ്പുഷ്ടമായ മനസില് സമ്പത്തിന്റെ അനേകം ഫലവൃക്ഷങ്ങള് മുളച്ചു വരും. അവ പരിപോഷിപ്പിച്ച് അവയില് നിന്ന് ധനം കൊയ്തെടുക്കുക. കടപ്പാട് : പി പി വിജയൻ.

Prof. John Kurakar

No comments: