Pages

Sunday, May 27, 2018

വെട്ടിക്കൽ ദയറ


വെട്ടിക്കൽ ദയറ

ഓരോ പെരുന്നാൾക്കാലവും ഓരോ ഓർമ്മപ്പെടുത്തലാണ് ...മണ്മറഞ്ഞുപോയ ഗതകാലസ്മരണകളുടെ, ഇന്നും അവശേഷിക്കുന്ന തുടിപ്പുകളിലൂടെ ഉള്ള സ്മൃതിയാത്ര..ഒരു ദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെ രൂപപ്പെടുത്തുന്നതിൽ വലിയ സ്ഥാനം ഉള്ള രണ്ട്‌ പുണ്യദേവാലയങ്ങൾ...വെട്ടിക്കൽ ദയറായും തേവനാൽ പള്ളിയും...
ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന സ്ഥലം ആണ് വെട്ടിക്കൽ. കൊച്ചി- തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തി , മൂന്നു താലൂക്കുകളുടെ സംഗമസ്ഥാനം എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ...ക്രൈസ്തവ വിശ്വാസം ദേശത്ത് പ്രബലം ആകുന്നത് പതിനൊന്നാം നൂറ്റാണ്ടിൽ ആണ്... ഏ. ഡി.1125 ൽ വെട്ടിക്കൽ അങ്ങാടിയിൽ സ്ഥാപിതമായ ചെങ്കൽ കുരിശ് ഇന്നും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു..വെട്ടിക്കൽ ദേശത്തെ ആദ്യ ദേവാലയം അങ്ങനെ സ്ഥാപിതമായി...സഭാചരിത്രത്തിൽ പിൽക്കാലത്തു ദേശം ശ്രദ്ധിക്കപ്പെടുന്നത് പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെ വരവോടെയാണ്..ഏ. ഡി.1767 തേവനാൽ താഴ്‌വരയിൽ കാട്ടുകല്ലുകൾ കൊണ്ട് ദയറാ ചാപ്പൽ സ്ഥാപിച്ചു... കൊടും വനത്തിൽ പിതാക്കന്മാർക്ക് ദൈവം തുറന്നു നൽകിയ നീരുറവ ഇന്നും അനുഗ്രഹത്തിന്റെ ഉറവിടമായി നിലകൊള്ളുന്നു..ഏ. ഡി 1809 ഇടവം 16 ന് വെട്ടിക്കൽ ദയറായുടെ പരിശുദ്ധ മദ്ബഹായിൽ ഒരു സ്വർഗീയ നിക്ഷേപം സ്ഥാപിക്കപ്പെട്ടു...പുണ്യപ്പെട്ട ഇളയ ബാവാ ദയറായിൽ കബറടങ്ങി...ഇന്നും ദേശത്തിന്റെ പരിശുദ്ധിക്ക് നിദാനമായി വിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്നു..പിൽക്കാലത്ത് ദേശം ലോകത്തിന്റെ ശ്രദ്ധ നേടുന്നത് ഒരു മഹാ പരിശുദ്ധന്റെ വരവോടെയാണ്..മലങ്കര സഭ ലോകത്തിന് സമ്മാനിച്ച വില തീരാത്ത രത്നം...പരിശുദ്ധ പരുമല തിരുമേനിയെ തപ:ശക്തിയാൽ മെനഞ്ഞെടുത്ത മൂശയായി വെട്ടിക്കൽ ദയറാ.....പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമരുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും പ്രാർഥനകളും, യാചനകളും , കണ്ണുനീരും വിലയം പ്രാപിച്ച പുണ്യ ഭൂമി...വെട്ടിക്കലും തേവനാലും... ഭൗതീകമായി രണ്ടെങ്കിലും ദൈവീകമായി ഒന്നുതന്നെ.
പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ഇളയ ബാവാ തിരുമേനിയുടെ ഓർമ്മ ഇടവം 15,16 പെരുന്നാൾ എന്നാണ് പാരമ്പര്യമായി അറിയപ്പെടുന്നത്...ഇടവം 14,15 ( മേയ് 27,28) തീയതികളിൽ തേവനാൽ പള്ളിയിലും , ഇടവം 15,16 (മേയ് 28,29) തീയതികളിൽ വെട്ടിക്കൽ ദയറായിലും സമുചിതമായി ദേശം ഒന്നാകെ പങ്കുകൊണ്ട് ആചരിക്കുന്നു. ശ്രാദ്ധപ്പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത ആണ് ഇടവം 15 ന് നടക്കുന്ന നേർച്ചസദ്യ... .മലങ്കര സഭയുടെ ദേവാലയങ്ങളിൽ ആദ്യമായി വിശ്വാസികൾക്ക് നേർച്ചയായി ചോറ് നൽകുന്ന പാരമ്പര്യം തുടങ്ങുന്നത് ഇവിടെയാണ്..200 വർഷങ്ങൾക്ക് മുൻപ് പൂർവികർ തുടങ്ങി വച്ച പാരമ്പര്യം മുറതെറ്റാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു..ഇടവമാസത്തിൽ സുലഭമായ ചക്ക കൊണ്ടു തയ്യാറാക്കുന്ന ചക്ക എരിശ്ശേരിയാണ് ആദ്യ കാലം മുതൽക്കേ നേർച്ചസദ്യയുടെ പ്രധാന വിഭവം...ഇടവം 15ന് ഉച്ചയൂട്ട് തേവനാൽ പള്ളിയിലും അത്താഴം ഊട്ട് വെട്ടിക്കൽ ദയറായിലുമാണ്..പഴയ കാലങ്ങളിൽ അന്നേദിവസം വീടുകളിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല എന്നത് ഇന്നും പൂർവികർ സാക്ഷിക്കുന്നു..കാർഷിക ഗ്രാമത്തിന്റെ സമൃദ്ധിയുടെ ചിത്രങ്ങൾ ആണ് പെരുന്നാൾ ദിനങ്ങളിൽ അങ്ങാടിയിൽ നടന്നു വന്നിരുന്ന വെട്ടിക്കൽ മാറ്റചന്ത..ദൂരദേശങ്ങളിൽ നിന്നും ഇതിൽ പങ്കെടുക്കുന്നതിനായി ആളുകൾ എത്തിയിരുന്നു..
രണ്ടിടങ്ങിലെയും പെരുന്നാളിൽ സംബന്ധിച്ചാൽ ആണ് ബാവായുടെ പെരുന്നാൾ പൂർണം ആകയുള്ളൂ എന്നാണ് ദേശക്കാരുടെ വിശ്വാസം. കാരണം തേവനാൽ താഴ്‌വാരവും കുന്നും എല്ലാം പരിശുദ്ധന്റെ പ്രാർത്ഥനകൾ ഉറങ്ങുന്ന ഇടം ആണെങ്കിൽ , അവിടുത്തെ അസ്ഥികൾ കുടികൊള്ളുന്നത് വെട്ടിക്കൽ ദയറായുടെ പരിശുദ്ധ മദ്ബഹായിൽ ആകുന്നു....ജീവിച്ചിരിക്കുമ്പോൾ ' കരയുന്ന തിരുമേനി' എന്നാണ് പുണ്യപ്പെട്ട ബാവ അറിയപ്പെട്ടിരുന്നത്. സദാസമയവും കരഞ്ഞു പ്രാർത്ഥിചിരുന്ന ബാവാ, കണ്ണുനീർ വീണ് കുപ്പായം നനയുവാൻ ഇടയാകാതെ ഇരിക്കാനായി തോണിയുടെ ആകൃതിയിൽ ഒരു പാത്രം കഴുത്തിൽ തൂക്കിയിരുന്നു എന്നു പറയപ്പെടുന്നു..പേവിഷബാധ ഏറ്റ മുസ്ലീം ബാലന് പൂർണ സൗഖ്യം നൽകിയത് അനേകം അത്ഭുതങ്ങളിൽ ഒന്നു മാത്രം..തേവനാൽ ദേശത്തെ പേടിസ്വപ്നം ആയിരുന്ന പാലമരത്തിന്റെ പോതിൽ വസിച്ചിരുന്ന സർപ്പത്തെ പ്രാർത്ഥനയാലും ഉപവസത്താലും ഉന്മൂലനം ചെയ്തതും ചരിത്ര സത്യമായി പഴമക്കാർ സാക്ഷിക്കുന്നു...പരിശുദ്ധന്റെ മധ്യസ്ഥത ഇന്ന് അനേകർക്ക് കോട്ടയാണ്. അവിടുത്തെ അസ്ഥികളിൽ നിന്നു മാറാ രോഗങ്ങൾക്ക് വിടുതലും സൗഖ്യവും പ്രവഹിക്കുന്നു....

No comments: