Pages

Saturday, May 26, 2018

നിപ്പ വൈറസ് – ജാഗ്രത വേണംനിപ്പ വൈറസ്
ജാഗ്രത വേണം
നിപ്പ വൈറസ് ബാധയെ തുടര്ന്ന് ചികിത്സിയിലായിരുന്ന ഒരാൾക്കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് മരിച്ചത്. ഈ മാസം 16 മുതല് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സിലായിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. നിപ്പ സ്ഥിരീകരിച്ച രണ്ടു പേർ ചികിത്സയിലുണ്ട്. 29 പേരാണ് വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. കോഴിക്കോട് 11, മലപ്പുറം ഒമ്പത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്, വയനാട് ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്. രോഗംബാധിച്ചവരുമായി സമ്പര്ക്കത്തിലായിരുന്ന കൂടുതല് പേര് നിരീക്ഷണത്തിലാണ്. കൂടുതല്പേരെ നിരീക്ഷിക്കാനായി റവന്യൂ, ആരോഗ്യവകുപ്പുകള് സംയുക്തമായി പ്രവര്ത്തിക്കും. ഇതിനായി ആശ പ്രവര്ത്തകരെ ഉള്പ്പെടെ പരിശീലിപ്പിക്കും.
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വര്ധിപ്പിച്ച് ആരോഗ്യവകുപ്പ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.കോഴിക്കോട് ജില്ലയിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ ആകെ 15 പേര്ക്കാണ് നിപ്പാ ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. അതില് 12 പേര് മരിച്ചു. ആദ്യം മരിച്ച സാബിത്തിനെ കൂടാതെയാണിത്. സാബിത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല.നിപ്പ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും അവരുടെ വീടുകളില് പോയവരുമായ വ്യക്തികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. പരമാവധി ജാഗ്രത പുലര്ത്തുക എന്ന നിര്ദേശമാണ് ആരോഗ്യവകുപ്പ് നല്കുന്നത്.
നിരീക്ഷണത്തിലുള്ള മുഴുവന് പേരെയും നിപ്പോബാധയ്ക്ക് പരിശോധിക്കുന്നത് ആരോഗ്യവകുപ്പ് നിര്ത്തിവെച്ചു. രോഗലക്ഷണം ഇല്ലാത്ത ഇവരെ പരിശോധിച്ചാല് ഫലം നെഗറ്റീവാകും എന്നതിനാലാണിത്. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരില് നിന്നുള്ള സാമ്പിളുകള് മാത്രമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.
ജാഗ്രത വര്ധിപ്പിച്ചതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല് കോളേജില് രോഗികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്പ്പെടുത്തി. സാധാരണ പ്രസവത്തിനും മറ്റും മെഡിക്കല് കോളേജുകളില് വരേണ്ടതില്ലെന്ന നിര്ദേശം നല്കിയിട്ടുണ്ട്. രണ്ടുദിവസമായി പുതിയ നിപ്പാബാധ കേസുകളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.
സംസ്ഥാന ആരോഗ്യവകുപ്പ് ഫെയ്സ്ബുക്ക് പോസ്റ്റില് ഇങ്ങനെ പറയുന്നു: 'വൈറസിന്റെ ഇന്ക്യൂബേഷന് പീരീഡ് കണക്കിയാല് രോഗത്തിന്റെ അടുത്ത തിര ഉണ്ടെങ്കില് അത് വരുന്ന അഞ്ചു ദിവസത്തിനകം പ്രത്യക്ഷമാകണം. ജൂണ് അഞ്ചിനകം പുതിയ കേസൊന്നും വന്നില്ലെങ്കില് ഈ രോഗം അവസാനിച്ചതായി കണക്കാക്കാം'.
നിപ പിടിപെട്ട് രോഗം മൂര്ച്ഛിക്കുന്ന അവസ്ഥയിലാണ് രോഗിയില്നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നതെന്ന് അനുമാനിക്കുന്നതായി മണിപ്പാല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലെ ഡോ. ജി. അരുണ്കുമാര്. പനിബാധിച്ച് ആദ്യഘട്ടത്തില് വീട്ടിലും പരിസരങ്ങളിലുമായി കഴിഞ്ഞപ്പോഴൊന്നും രോഗിയുമായി ഇടപഴകിയവര്ക്ക് രോഗം പിടിപെട്ടിട്ടില്ല.
രോഗി ഗുരുതരാവസ്ഥയിലായി ആശുപത്രിയിലെത്തിയശേഷമാണ് രോഗം പടരുന്നതെന്നാണ് നിഗമനം. നഴ്സുമാര് ഉള്പ്പെടെയുള്ള ജീവനക്കാര്ക്ക് രോഗം പിടിപെട്ടതും വീടുകളില് തുടക്കത്തില് ഇടപഴകിയവര്ക്ക് രോഗം ഇല്ലാത്തതിനും കാരണം ഇതാണെന്ന് അരുണ്കുമാര് പറഞ്ഞു. കളക്ടറേറ്റില് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില് ചേര്ന്ന സര്വകക്ഷിയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം മൂര്ച്ഛിച്ചശേഷം മാത്രമാണ് രോഗവ്യാപനം ഉണ്ടാവുന്നതെങ്കില് ഇപ്പോള് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഉറപ്പിക്കാം. വെള്ളിയാഴ്ച ലഭിച്ച 21 പരിശോധനാഫലത്തില് 21ഉം നിപ അല്ലെന്ന് ലാബ് റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിതി നിയന്ത്രണത്തിലാണെന്നതിന് സൂചനയാണ്.
ഇത്തരം അനുമാനത്തിന്റെപേരില് ജാഗ്രത ഒട്ടും കുറയ്ക്കുന്നില്ല. സംശയം തോന്നുന്നവരുടെയെല്ലാം സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്ന നടപടി തുടരും. മരിച്ചവരുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുന്നത് 42 ദിവസംവരെ തുടരും. ആവശ്യമെങ്കില് തുടര്ന്നും നിരീക്ഷണം ഉണ്ടാവും ഡോ. അരുണ്കുമാര് പറഞ്ഞു.
നിപ്പ വൈറസിനെതിരേ മരുന്നില്ല. എന്നാല് മറ്റേതു വൈറസ് രോഗത്തെയും പോലെ സ്വയം നിയന്ത്രിത രോഗമാണ്. നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. 1998-ല് പന്നികള് കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു കണ്ടെത്തല്. രോഗം കണ്ടെത്തിയെ കാംപുങ് സുഗാംയ് നിപ മേഖലയുടെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. നൂറിലധികം മനുഷ്യരും അന്ന് മരിച്ചു.
പന്നികളായിരുന്നു അന്ന് ഈ വൈറസിനെ പകര്ത്തിയത്. പിന്നീട് കംബോഡിയ, തായ്ലന്ഡ് എന്നിവിടങ്ങളിലും രോഗം റിപ്പോര്ട്ട് ചെയ്തു. 2004 -ല് നിപ ബംഗ്ലാദേശിലുമെത്തി. റ്റീറോപ്പസ് വിഭാഗത്തില്പെട്ട വവ്വാലുകള് കടിച്ച ഈത്തപ്പഴങ്ങളില്നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് അന്നത്തെ പഠനങ്ങളില് കണ്ടെത്തി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ തീവ്ര പരിചരണ യൂണിറ്റില് പരിപാലിക്കുകയാണ് പോംവഴി. വൈറസ് ശരീരത്തില് കടന്നാല് അഞ്ചുമുതല് 14 ദിവസത്തിനുള്ളില് രോഗലക്ഷണം കണ്ടുതുടങ്ങും.
ലക്ഷണങ്ങള്
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം.രോഗിയെ പരിചരിക്കുന്നവര് കൈയുറയും മാസ്കും ധരിക്കണം. കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള് പ്രത്യേകം സൂക്ഷിക്കണം.

രോഗം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല.രോഗ പ്രതിരോധമാണ് ഏറ്റവും പ്രധാനം. മനുഷ്യരില് നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാല് അണുബാധാ നിയന്ത്രണ പ്രവര്ത്തനങ്ങളും, ശരിയായ രോഗ ചികിത്സ നഴ്സിംഗ് പരിചരണ രീതികളും രോഗപ്പകര്ച്ച നിയന്ത്രിക്കാന് അനിവാര്യമാണ്
നിപ്പ: ഉത്തരേന്ത്യന് സംസ്ഥാനങ്ങളും ഭീതിയില്
കേരളത്തില് ഭീതിപരത്തുന്ന നിപ്പ വൈറസിനെ ഭയന്ന് ഉത്തരേന്ത്യന് സംസ്ഥാനങ്ങളും. ഹിമാചല്പ്രദേശില് ചത്ത വവ്വാലുകളെ കണ്ടെത്തിയത് ആശങ്ക പരത്തി. ഹിമാചല്പ്രദേശ്, രാജസ്ഥാന്, ബംഗാള് എന്നീ സംസ്ഥാനങ്ങള് ജാഗ്രതാനിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്, ഇവിടെയൊന്നും ഇതുവരെ നിപ വൈറസ് ബാധ റിപ്പോര്ട്ട് ചെയ്തിട്ടില്ല.  ഹിമാചലിലെ സിര്മോര് ജില്ലയിലെ സര്ക്കാര് സ്കൂളില് എട്ട് വവ്വാലുകളെ ചത്തനിലയില് കണ്ടതോടെയാണ് വൈറസ് ഭീതി പടര്ന്നത്. ഇവയുടെ സാമ്പിളുകള് വിദഗ്ധ പരിശോധനയ്ക്കായി പുണെയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ചൂടുകൊണ്ടാകാം ഇവ ചത്തതെന്നും സംശയമുണ്ട്. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര് സ്ഥലത്തെത്തി സ്ഥിതിഗതികള് വിലയിരുത്തി. ഒട്ടേറെ വവ്വാല് ഇനങ്ങളുള്ള സംസ്ഥാനമാണ് ഹിമാചല്പ്രദേശ്. വൈറസ് ഭീതിയുടെ പശ്ചാത്തലത്തില് ഇവയെ നിരീക്ഷിക്കാന് വന്യജീവിവകുപ്പ് ജീവനക്കാര്ക്ക് നിര്ദേശം നല്കി.
രാജസ്ഥാനിലും ആരോഗ്യവകുപ്പ് നിപ്പ ബാധ സംബന്ധിച്ച മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി. വൈറസ് ബാധയുണ്ടാവുകയാണെങ്കില് സ്വീകരിക്കേണ്ട നടപടികള് ചര്ച്ചചെയ്യാന് പ്രത്യേക യോഗവും നടത്തി. ക്ലിനിക്കുകളിലുള്പ്പെടെ പനി, തലവേദന, വയറിളക്കം, ഛര്ദി തുടങ്ങിയ അസുഖങ്ങളുമായെത്തുന്നവരെ പ്രത്യേകം ശുശ്രൂഷിക്കാനും ഇവര്ക്ക് നിപ വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്താനും നിര്ദേശമുണ്ട്.
കേരളത്തില് നിപ സ്ഥിരീകരിച്ചതുമുതല് ബംഗാള് കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്തെ മൂന്നുജില്ലകളില് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്ദേശമുണ്ട്. 2001ല് നിപ വൈറസ് ബാധയെത്തുടര്ന്ന് 66 പേരാണ് വടക്കന് ബംഗാളിലെ സിലിഗുഡി ജില്ലയില് മരിച്ചത്. 2007ല് അഞ്ചുപേരും മരിച്ചു.
നിപ്പ: പ്രതിരോധ മരുന്ന് ഗവേഷണത്തിന് ലോകാരോഗ്യ സംഘടനയുടെ 170 കോടി
: നിപ വൈറസിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങി ലോകാരോഗ്യസംഘടന. മലേഷ്യയില് കണ്ടെത്തിയതുമുതല് കോഴിക്കോട്ടെ പേരാമ്പ്രയില് കണ്ടതുവരെയുള്ള വൈറസ് ബാധകളെപ്പറ്റിയാണ് പഠനം.
ആഫ്രിക്കയില് എബോള രോഗം പടര്ന്നതിനു പിന്നാലെ രൂപംകൊണ്ട കൊയലീഷന് ഫോര് എപിഡെമിക് പ്രിപ്പേര്ഡ്നെസ് ഇന്നവേഷന് (സി.ഇ.പി.ഐ)എന്ന അന്താരാഷ്ട്ര സംഘടനയുമായി ലോകാരോഗ്യസംഘടന വിഷയം ചര്ച്ചചെയ്തു.
നിപയ്ക്കെതിരായ പ്രതിരോധമരുന്നു കണ്ടെത്താന് സി.ഇ.പി.ഐ. 170 കോടി രൂപയും പ്രഖ്യാപിച്ചു. യു.എസ്. കമ്പനികളായ പ്രൊഫക്ടസ് ബയോസയന്സസ്, എമര്ജെന്റ് ബയോ സൊലൂഷന്സ് എന്നിവയ്ക്കാണ് അടുത്ത അഞ്ചുവര്ഷത്തേക്ക് ഈ തുക അനുവദിച്ചത്.
മൃഗങ്ങളില് പരീക്ഷിച്ച് വിജയിച്ച മരുന്ന് മനുഷ്യരിലും കൂടി ഉപയോഗയോഗ്യമാക്കാനുള്ള പരീക്ഷണങ്ങളാകും കമ്പനികള് നടത്തുക. പ്രൊഫക്ടസ് വികസിപ്പിച്ചെടുത്ത മരുന്ന് നേരത്തേ മൃഗങ്ങളില് പരീക്ഷിച്ച് വിജയിച്ചിരുന്നു. ഗവേഷകരായ ക്രിസ്റ്റഫര് ബ്രോഡര്, കാതറിന് ബൊസാര്ട്ട് എന്നിവര് യൂണിഫോംഡ് സര്വീസസ് യൂണിവേഴ്സിറ്റി ഓഫ് ദ ഹെല്ത്ത് സയന്സസില്വെച്ച് 15 വര്ഷംമുന്പ് കണ്ടുപിടിച്ച പ്രതിരോധമരുന്നില് പരീക്ഷണം നടത്താനാണ് അവര് ഉദ്ദേശിക്കുന്നത്.
പരീക്ഷണങ്ങള് പൂര്ത്തിയാകാന് നാലുവര്ഷത്തിലേറെ വേണ്ടിവന്നേക്കുമെന്ന് അവര് അറിയിച്ചു. വവ്വാലുകള്വഴി പടരുന്ന ഹെന്ഡ്ര വൈറസിനും ഇതേ മരുന്ന് ഫലപ്രദമാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയില് 2012ല് കുതിരകളില് കണ്ടെത്തിയ ഹെന്ഡ്രയ്ക്കെതിരേയാണ് ഈ മരുന്നുപയോഗിച്ചത്.
എന്താണ് സി.ഇ.പി.ഐ.?
2017ല് സ്ഥാപിതമായ സി.ഇ.പി.ഐ.യുടെ സ്ഥാപകരിലൊരാളാണ് ഇന്ത്യ. ജര്മനി, ജപ്പാന്, നോര്വേ എന്നീ രാജ്യങ്ങളും വെല്ക്കം ട്രസ്റ്റ്, ബില് ആന്ഡ് മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷന് എന്നീ സന്നദ്ധ സംഘടനകളുമാണ് സി.ഇ.പി.ഐ.യ്ക്കു സഹായധനം നല്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളില് പടര്ന്നുപിടിക്കുന്ന രോഗങ്ങളില് ഗവേഷണം നടത്താന് പല സ്ഥാപനങ്ങളും മടിക്കുന്ന സാഹചര്യത്തില് സി.ഇ.പി.ഐ.യുടെ നീക്കം പ്രതീക്ഷനല്കുന്നു.
ഞെട്ടിക്കാന് ശേഷിയുണ്ട്
നിപ വൈറസ് ഇന്ത്യയിലെത്തിയെന്ന് സ്ഥിരീകരിച്ചതോടെ അത് ഒട്ടേറെ കിലോമീറ്ററുകള് സഞ്ചരിച്ചെന്ന് തെളിഞ്ഞിരിക്കുകയാണ്. നമ്മളെ ഞെട്ടിക്കാന്പോന്ന തരത്തിലുള്ള രോഗവ്യാപനശേഷി അതിനുണ്ട്.-

Prof. John Kurakar
No comments: