Pages

Wednesday, May 23, 2018

പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനംസഭാസമാധാനത്തിന് വഴിയൊരുങ്ങുമോ ?


പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനംസഭാസമാധാനത്തിന് വഴിയൊരുങ്ങുമോ ?
മലങ്കര സഭാതർക്കത്തിനു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇടക്കാലത്തുണ്ടായ സമാധാന ഉടമ്പടികളൊന്നും നീണ്ടുനിന്നില്ല. വ്യവഹാരങ്ങളും സംഘർഷങ്ങളും തുടരുമ്പോൾ സമാധാനകാംക്ഷികളായ വിശ്വാസിസമൂഹം നിരാശയിലാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പൈതൃകമുള്ളവയാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ .യാക്കോബാ -ഓർത്തഡോൿസ്  വിഭാഗങ്ങളിലായി ഒരേ കുടുംബത്തിലെ സഹോദരങ്ങൾ തന്നെ രണ്ടു ചേരിയിലായി പോരടിച്ചുനിൽക്കുന്ന ദയനീയ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത് . ശവസംസ്കാരച്ചടങ്ങുകൾ സെമിത്തേരികളെ സംഘർഷഭൂമിയാക്കി മാറ്റുകയാണ് .

പൂർവികർ കഷ്‌ടപ്പെട്ടുണ്ടാക്കിയ  സ്വത്തുക്കൾ വ്യവഹാരങ്ങൾക്കായി ദുർവ്യയം ചെയ്യപ്പെടുന്നതിൽ ബഹുഭൂരിപക്ഷം  സഭാംഗങ്ങളും ദുഃഖിതരാണ് .പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷീക്കുമ്പോഴാണ് പരുമലപ്പള്ളി തൻറെ അധീനതയിലാണെന്ന്  അദ്ദേഹം പത്രസമ്മേളനത്തിൽ പ്രസ്താവിച്ചത് .ഇതോടെ  പാത്രിയർക്കീസ് ബാവയുടെ  സമാധാന ശ്രമങ്ങളെ സംശയത്തോടെ വീക്ഷിക്കേണ്ടി വരുന്നു .

സഭാഭരണഘടനയും അത്യുന്നത കോടതിയുടെ ഉത്തരവുകളും മാനിക്കപ്പെടേണ്ടതുതന്നെയാണ് .ഇതോടൊപ്പം സാഹോദര്യവും പരസ്പര ആദരവും കൈമോശംവരാൻ ഇടയാകരുത് .ക്രൈസ്തവ വിശ്വാസികളിൽ ഒരു വലിയവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സഭയാണ് മലങ്കര സഭ .പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലുള്ള രാഷ്ട്രീയ പാർട്ടികൾ തമ്മിലും വിശ്വാസപരമായി അകന്നുനിൽക്കുന്ന മതങ്ങൾ തമ്മിലും സംവാദം സാധ്യമാകുന്ന കാലമാണിത്. ഭിന്നിച്ചു നിന്ന ഇരു കൊറിയകളും ഒന്നിച്ചു കഴിഞ്ഞു .കലഹിച്ചു കഴിഞ്ഞാൽ സഭകൾ തകർന്ന് ഇല്ലാതാകും . നമ്മുടെ യുവാക്കളെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കണം.

. പുതിയ തലമുറയിൽ ഭൂരിപക്ഷത്തിനും ഈ തർക്കങ്ങളിൽ താൽപര്യമില്ലെന്നതും സഭാനേതൃത്വങ്ങൾ തിരിച്ചറിയണം.വർഷങ്ങളായി തുടരുന്ന പള്ളിത്തർക്കങ്ങൾ പലരുടെയും മനസ്സിൽ ഏറെ മുറിവുകളുണ്ടാക്കിയിട്ടുണ്ടാകാം.അതൊക്കെ മറന്നേ മതിയാകു .മലങ്കര സഭയിൽ സമാധാനം ഉണ്ടാകാൻ പരിശുദ്ധ പാത്രിയാർക്കീസ് ബാവ ആത്മാർത്ഥമായി ആഗ്രഹിക്കുന്നണ്ടോ ? അതോ തൻറെ കീഴിൽ പ്രവത്തിക്കുന്ന ഒരു ചെറിയ വിഭാഗത്തെ കൂടെ നിർത്തിയാൽ മതിയോ ?



പ്രൊഫ്. ജോൺ കുരാക്കാർ


No comments: