Pages

Friday, March 2, 2018

കാഞ്ചി കാമകോടി മഠാധിപതി പരംപൂജ്യ ജയേന്ദ്ര സരസ്വതി സ്വാമികൾ

കാഞ്ചി കാമകോടി മഠാധിപതി പരംപൂജ്യ ജയേന്ദ്ര സരസ്വതി സ്വാമികൾ
സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച കാഞ്ചി കാമകോടി മഠാധിപതി പരംപൂജ്യ ജയേന്ദ്ര സരസ്വതി സ്വാമികൾ  സമാധിയായി .യഥാർഥ സനാതന ധർമം എന്തെന്നു പ്രവൃത്തിയിലൂടെ സമൂഹത്തെ പഠിപ്പിച്ച മഹാത്മാവായിരുന്നു സ്വാമികൾ . ജാതീയമായ ചൂഷണങ്ങൾ കൊടികുത്തി വാണിരുന്ന തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽപോലും പോയി അവിടത്തെ ജനങ്ങളെ കണ്ടു കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും അരികിലേക്കു പോയി അവർക്കു മനസ്സിലാകുന്ന ഭാഷയിൽ അവരോട് അദ്ദേഹം സംസാരിച്ചു. ജീവിതത്തിൽ നിരാശപൂണ്ടിരുന്ന പലരും സ്വാമിജിയുടെ സാന്ത്വനംകൊണ്ട് ഉത്സാഹഭരിതരായി ജീവിതത്തിലേക്കു തിരിച്ചുപോന്നു. അധഃസ്ഥിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ സ്വാമിജി നടത്തിയ സമ്പർക്ക യാത്രകൾ ഒട്ടേറെ ജീവിതങ്ങൾക്ക് ആശ്വാസമേകി.
ക്ഷേത്ര സംരക്ഷണ സമിതി മാർഗദർശി കൂടിയായ മാധവ്ജിയുടെ പരിശ്രമഫലമായി, ജാതിക്കതീതമായി ആചാര്യശുദ്ധിയും അനുഷ്ഠാനബോധവുമുള്ള ആർക്കും ബ്രാഹ്മണ്യത്തിലേക്ക് ഉയരാമെന്നും ക്ഷേത്രപൂജകൾ നിർവഹിക്കാമെന്നും കേരളത്തിലെ വൈദിക ശ്രേഷ്ഠന്മാരും തന്ത്രികാചാര്യന്മാരും അടങ്ങുന്ന സഭയിൽ തീരുമാനം വന്നപ്പോൾ അതിനെ ജയേന്ദ്ര സരസ്വതി സ്വാമികൾ അനുഗ്രഹിക്കുകയും കൂടെ നിൽക്കുകയും ചെയ്തു. പിന്നീട് ഏവർക്കും ജാതി പരിഗണനയില്ലാതെ പൂജ പഠിക്കാനുള്ള തന്ത്രവിദ്യാപീഠം സ്ഥാപിക്കപ്പെട്ടപ്പോൾ അതിനോടു സഹകരിക്കുക മാത്രമല്ല, പൂജാധികാര സാക്ഷ്യപത്രം വിതരണം ചെയ്തതും അദ്ദേഹമായിരുന്നു.
അനേക ദശകങ്ങളായി സനാതന ധർമ സംസ്ഥാപന പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപരിച്ച ജയേന്ദ്ര സരസ്വതി സ്വാമികൾ അചഞ്ചലമായ നിഷ്ഠയോടെ പ്രവർത്തിച്ച മാതൃകാപുരുഷനായിരുന്നു. 1954 മുതൽ കാഞ്ചി കാമകോടി മഠത്തിന്റെ നിയുക്ത മഠാധിപതിയായും 1994 മുതൽ മഠാധിപതിയായും തന്റെ ഉത്തരവാദിത്തങ്ങളെ സ്തുത്യർഹമായ രീതിയിൽ നിർവഹിച്ച സ്വാമിജി സനാതന ധർമത്തിന്റെ സർവതോമുഖമായ ഉയർച്ചയ്ക്കുവേണ്ടി യത്നിച്ചു. വേദവേദാന്ത പഠനങ്ങൾക്കു നിരന്തരം വ്യവസ്ഥ ഏർപ്പെടുത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. ചിത്ര, ശിൽപ, നൃത്ത, സംഗീത കലകളുടെ പോഷണത്തിനായി ചെയ്ത സേവ അദ്വിതീയമാണ്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സേവാസ്ഥാപനങ്ങൾ സ്വാമിജി മഠാധിപതിയായശേഷം കാഞ്ചി കാമകോടി പീഠത്തിന്റേതായി ആരംഭിച്ചു. ഹൈന്ദവ ഏകീകരണവും ഉന്നമനവും ലക്ഷ്യംവച്ചുകൊണ്ടു പ്രവർത്തിച്ച സ്വാമിജി മാർഗദർശക മണ്ഡലത്തിന്റെയും ആചാര്യ സഭയുടെയും ഒക്കെ യോഗങ്ങളിൽ നിത്യ അനുഗ്രഹം നൽകുന്ന സാന്നിധ്യമായിരുന്നു. ശങ്കരാചാര്യ പദവിയിലിരിക്കുമ്പോഴും അങ്ങേയറ്റം സ്നേഹവാത്സല്യങ്ങളോടെ ഏവരോടും, വിശിഷ്യാ സന്യാസിമാരോട് പെരുമാറുന്ന അവിടുത്തെ രീതി ഒരിക്കലും മനസ്സിൽനിന്നു മായ്ക്കാൻ കഴിയാത്തതാണ്..

സമൂഹത്തിലെ ഇരുൾ നീക്കി ആധ്യാത്മികതയുടെ പ്രകാശം ചൊരിഞ്ഞ സ്വാമി ജയേന്ദ്ര സരസ്വതിയുടെ ജൻമനാട് തിരുവാരൂരിലെ ഇരുൾ നീക്കി എന്ന ഗ്രാമമാണ്. പല വലിയ യാത്രകളുടെയും തുടക്കം എളിമയുടെ മൺപാതകളിൽനിന്നാണല്ലോ...
റെയിൽവേ ഉദ്യോഗസ്ഥനായ മഹാദേവ അയ്യരോടു മകൻ സുബ്രഹ്മണ്യനെ കാഞ്ചി കാമകോടി മഠത്തിൽ തന്റെ പിൻഗാമിയായി തിരഞ്ഞെടുക്കുകയാണെന്ന് അന്നത്തെ മഠാധിപതി ചന്ദ്രശേഖരേന്ദ്ര സരസ്വതി പറയുമ്പോൾ മകനു പ്രായം പതിനാലു മാത്രം. തിരുവിടൈ മരുതൂരിലെ വേദപഠനശാലയിലെ വിദ്യാർഥിയായിരുന്നു സുബ്രഹ്മണ്യൻ അപ്പോൾ. ആ വലിയ നിയോഗത്തോടു വിമുഖത പറയാൻ മഹാദേവ അയ്യർക്കു കഴിഞ്ഞില്ല. ഭാര്യയുടെ സമ്മതം വേണമെന്നു മാത്രം പറഞ്ഞ് അയ്യർ മടങ്ങി. ആദിശങ്കരൻ ഭാരതപര്യടനം കഴിഞ്ഞു വിശ്രമിച്ച കാഞ്ചിയിലെ മുക്തിമണ്ഡപത്തിൽ ഗുരുവിൽനിന്നു ജയേന്ദ്ര സരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത് 1954 മാർച്ച് 22 ന് ആണ്. പത്തൊൻപതാം വയസ്സിൽ ഗുരുപരമ്പരകളുടെ കാൽച്ചുവട്ടിൽ നിൽക്കുമ്പോൾ ജയേന്ദ്ര സരസ്വതിക്കു കിട്ടിയ ആദ്യ ഉപദേശം ഇങ്ങനെയായിരുന്നു: ‘‘സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കാണുക’’.
വേദാന്തത്തിലും വ്യാകരണത്തിലും മീമാംസയിലും നിപുണനായ ശിഷ്യൻ ഗുരുപരമ്പരകളുടെ സൂര്യതേജസ്സിലെത്തിയതു കർമങ്ങളുടെ വഴിത്താരയിൽ നഗ്നപാദനായി നടന്നാണ്.
മതാചാരങ്ങളും സന്യാസനിഷ്ഠകളും കടുകിട തെറ്റാതെ പാലിക്കുമ്പോഴും സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി പ്രവർത്തിച്ചുവെന്നതാണു സ്വാമി ജയേന്ദ്ര സരസ്വതിയെ വ്യത്യസ്തനാക്കുന്നത്. അയോധ്യയിലെ തർക്കഭൂമിയിലൂടെ സമാധാനത്തിന്റെ കൊടിയേന്തി നടന്നു ശ്രദ്ധേയനായതും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തീവ്രവൈകാരിക വേദിയിലേക്ക് അദ്വൈതത്തിന്റെ സന്ദേശമെത്തിക്കാൻ കഴിഞ്ഞതും സ്വാമി ജയേന്ദ്ര സരസ്വതിയുടെ നേട്ടമാണ്.
തന്റെ പ്രവർത്തനങ്ങൾക്കു നേരെ മുഖം ചുളിച്ച യാഥാസ്ഥിതികരോടു സ്വാമിയുടെ മറുപടി ഇതായിരുന്നു: ‘‘കാഞ്ചി സന്യാസിമാർ പൂജ ചെയ്തും ഉണ്ടും ഉറങ്ങിയും കഴിയുന്നവരെന്നായിരുന്നു മുൻപു ചിലരുടെ പരാതി. ഇപ്പോൾ സാമൂഹികക്ഷേമത്തിനിറങ്ങുമ്പോൾ അതും പരാതി. സമൂഹം പല സമയത്തു പലതു പറയും. നിങ്ങൾ നിങ്ങളുടെ പ്രവൃത്തി തുടരുക.’’ ആത്മവിശ്വാസത്തിന്റെ ജ്വാല പടർന്ന വാക്കുകളായിരുന്നു അത്.
ഗുരു ചന്ദ്രശേഖരേന്ദ്രസ്വാമിക്കൊപ്പം ഇന്ത്യ മുഴുവൻ കാൽനടയായി നടത്തിയ യാത്രകൾ സ്വാമി ജയേന്ദ്ര സരസ്വതി എന്ന വാഗ്മിയെ കൂടുതൽ സ്ഫുടം ചെയ്യിച്ചു. പത്തൊൻപതു വയസ്സിൽ ആരംഭിച്ച ആ കാൽനടയാത്ര നാൽപതു വയസ്സുവരെ അദ്ദേഹം തുടർന്നു. മാനസസരോവറും കൈലാസവും സന്ദർശിച്ച ഏക ശങ്കരാചാര്യരും സ്വാമി ജയേന്ദ്ര സരസ്വതിയാണ്. കാഷായ വസ്ത്രവും അടയാള വടിയുമായി ഏതു തിരക്കിലും നിഷ്കളങ്കമായ ചിരിയോടെ മാത്രമേ ജയേന്ദ്ര സരസ്വതിയെ കാണാൻ കഴിയുമായിരുന്നുള്ളൂ.
സംഭവബഹുലമായിരുന്നു സ്വാമി ജയേന്ദ്ര സരസ്വതിയുടെ കാലം. 1987 ൽ മഠാധിപതിയുടെ ചുമതല വഹിക്കുമ്പോൾ അദ്ദേഹത്തെ പെട്ടെന്നു കാണാതായി. രാജ്യം മുഴുവൻ നടുങ്ങിപ്പോയ സംഭവം. മൂന്നുദിവസത്തിനുശേഷം തലക്കാവേരിയിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹം ദുരൂഹതകൾ നീക്കി: ‘‘തിരുപ്പതി ദർശനത്തിനിടെ ഭഗവാന്റെ അരുളപ്പാടുണ്ടായി. സമൂഹത്തിന്റെ ആധ്യാത്മിക ഉന്നമനത്തിനും അഭ്യുന്നതിക്കും വേണ്ടി ഒരു യാത്ര നടത്തുക. അതേപ്പറ്റി മുൻകൂട്ടിപ്പറഞ്ഞാൽ പലരും വിലക്കും. അതിനാലാണ് ആരോടും പറയാതെ പോന്നത്’’.
മഠത്തിനു കീഴിലുള്ള വരദരാജപ്പെരുമാൾ ക്ഷേത്രത്തിന്റെ മാനേജർ ശങ്കരരാമന്റെ മരണവുമായി ബന്ധപ്പെട്ടു 2004 ദീപാവലി സന്ധ്യയിൽ സ്വാമി ജയേന്ദ്ര സരസ്വതിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി ജയലളിതയുടെ പ്രതികാരബുദ്ധിയാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. പുതുച്ചേരിക്കോടതി, വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ അദ്ദേഹത്തെ നിരപരാധിയെന്നു കണ്ടു വിട്ടയയ്ക്കുകയും ചെയ്തു.
ബിജെപി നേതൃത്വവും ജയലളിതയുമായി തുടക്കത്തിൽ നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. 1996 ലെ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു ജയലളിത പാർട്ടിസ്ഥാനാർഥികളുടെ മുഴുവൻ പട്ടികയുമായി സ്വാമിയുടെ അനുഗ്രഹം തേടാൻ പോയതു വലിയ വാർത്തയായിരുന്നു. എന്നാൽ, പിന്നീടു ജയലളിതയും അദ്ദേഹവും അകന്നു.ശാരീരികാവശതകൾക്കിടയിലും രണ്ടു മാസം മുൻപു ഗുരുവായൂർ സന്ദർശിച്ച സ്വാമി ജയേന്ദ്ര സരസ്വതി ഗുരുവായൂരപ്പനു സ്വർണപ്പാദുകം സമർപ്പിച്ചാണു മടങ്ങിയത്. കേരളത്തിലേക്കുള്ള ഓരോ യാത്രയും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. രണ്ടു നേരം കുളിക്കുന്ന മലയാളികളുടെ വൃത്തി കണ്ടുപഠിക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം പ്രസിദ്ധമാണ്.
എല്ലാ മതങ്ങളും ഒന്നിക്കണമെന്നും അപ്പോൾ രാഷ്ട്രീയക്കാരുടെ കണ്ണുതുറക്കുമെന്നും ജയേന്ദ്ര സരസ്വതി തുറന്നടിച്ചു. മതങ്ങളെല്ലാം ഒന്നാകുമ്പോൾ മതനിരപേക്ഷതയ്ക്ക് അർഥമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ജാതിവ്യവസ്ഥയെ അദ്ദേഹം ഒരിക്കലും ന്യായീകരിച്ചില്ല. മനുഷ്യരിൽ രണ്ടു ജാതികളേയുള്ളൂ. അത് ജ്ഞാനികളും അജ്ഞാനികളുമാണെന്ന് അദ്ദേഹം വാദിച്ചു. സനാതന ധർമത്തിന്റെ അനശ്വരതയിൽ ഊറ്റം കൊള്ളുമ്പോഴും വികസിത രാജ്യങ്ങളുടെ ശാസ്ത്രപുരോഗതി മാതൃകയാക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. ശാസ്ത്രത്തെക്കുറിച്ചു വാചാലനാകുമ്പോൾത്തന്നെ ജനനനിയന്ത്രണത്തിനു കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ എതിർത്തു. ബ്രഹ്മചര്യവും സ്വയം നിയന്ത്രണവും സ്വീകരിച്ചാൽ സൻമാർഗച്യുതി ഒഴിവാക്കാമെന്നു ജയേന്ദ്ര സരസ്വതി ഉപദേശിച്ചു. ‘‘പൊരുത്തവർ ഭൂമി ആൾവാർ’’– ജയേന്ദ്ര സരസ്വതി എപ്പോഴും ഓർമിപ്പിക്കുന്ന കാര്യമാണിത്. ക്ഷമിക്കുന്നവർ ഈ ഭൂമി ഭരിക്കും. ആധ്യാത്മിക ജ്ഞാനത്തിന്റെ സർവജ്ഞപീഠം കയറിയ മഹാഗുരുവിന്റെ ഓർമകൾ വാക്കുകളായി ജ്വലിക്കുന്നു. കാലത്തിനപ്പുറവും.
ഇളയ മഠാധിപതിയും എഴുപതാം ശങ്കരാചാര്യരുമായ സ്വാമി വിജയേന്ദ്ര സരസ്വതിയാണ് ഇനി കാഞ്ചി കാമകോടി മഠം പീഠാധിപതി. 1983ലാണ് വേദപഠനത്തിനുശേഷം സന്യാസദീക്ഷ സ്വീകരിച്ചത്. തമിഴ്നാട്ടിലെ പൊന്നേരിക്കടുത്ത് തണ്ടാലം ഗ്രാമത്തിൽ തെലുങ്കു പണ്ഡിതൻ കൃഷ്ണമൂർത്തി ശാസ്ത്രികളുടെ മകൻ. പൂർവാശ്രമത്തിലെ പേര്: ശങ്കരൻ. തിരുച്ചിറപ്പള്ളിയിൽ നടന്ന വേദപാരായണ മൽസരത്തിൽ സമ്മാനം നേടിയതോടെയാണ് ശങ്കരനെ സ്വാമി ജയേന്ദ്ര സരസ്വതി പിൻഗാമിയായി തിരഞ്ഞെടുക്കുന്നത്.
ആദിശങ്കരന്റെ നാടായ കേരളത്തോട് എന്നും പ്രതിപത്തി കാത്തുസൂക്ഷിച്ചു സ്വാമി ജയേന്ദ്ര സരസ്വതി. തീർഥാടകരും സഞ്ചാരികളും ആദിശങ്കരന്റെ ജന്മനാടായ കാലടിയിലെത്തുമ്പോൾ ആദ്യം കാണുന്നത് ആദിശങ്കര കീർത്തിസ്തംഭമണ്ഡപമാണ്. സ്വാമി ജയേന്ദ്ര സരസ്വതിയാണു കീർത്തിസ്തംഭമണ്ഡപത്തിനു തറക്കല്ലിട്ടതും കുംഭാഭിഷേകം നടത്തിയതും. 1976ലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. 1978 മേയ് 12ന് ആയിരുന്നു ഉദ്ഘാടനം. അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
കണ്ണൻ വിളിച്ചിട്ടെന്നപോലെ ഇടയ്ക്കിടെ ഗുരുവായൂരിലെത്തി ദർശനം നടത്തുന്ന പതിവുണ്ടായിരുന്നു ജയേന്ദ്ര സരസ്വതിക്ക്. അവസാനമായി എത്തിയ ഒക്ടോബർ 13നും സ്വർണമാലകൾ സമർപ്പിച്ചു തൊഴുതു. കാഞ്ചികാമകോടി പീഠത്തിന്റെ പിൻഗാമിയായി അവരോധിതനായശേഷം ആദ്യമായി അദ്ദേഹം ഗുരുവായൂരിലെത്തുന്നത് 1971മേയ് ഒന്നിനു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നടത്താനായിരുന്നു. 1970ൽ ഗുരുവായൂർ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായതിനു ശേഷം ക്ഷേത്രത്തിന്റെ പുനർനിർമാണത്തിനായി കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു എത്തിയത്.
പിന്നീടു ചാതുർമാസ്യത്തിന്റെ ഭാഗമായി 1981 ജൂലൈ മുതൽ സെപ്റ്റംബർ 14 വരെ അദ്ദേഹം പരിവാരസമേതം പാർഥസാരഥി ക്ഷേത്രത്തിൽ താമസിച്ചു. പാർഥസാരഥി ക്ഷേത്രത്തിൽ ആദിശങ്കരന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു നിത്യപൂജ ഏർപ്പെടുത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ശങ്കരാചാര്യർക്ക് ഉപദേവത സ്ഥാനം നൽകി പൂജ നടത്തുന്ന മറ്റു ക്ഷേത്രങ്ങൾ അപൂർവമാണ്. ഗുരുവായൂർ ദേവസ്വം സ്ഥലത്ത് വേദപാഠശാല നിർമിച്ചുനൽകിയതും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം കാഞ്ചിമഠമായിരുന്നു.വലിയൊരു ജനതയുടെ ആശ്രയദീപവും തണൽവൃക്ഷവുമായി വിരാജിച്ച മഹാപുരുഷന്റെ ധന്യസ്മൃതികൾക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.

John Kurakar


No comments: