Pages

Monday, March 5, 2018

കനത്ത ചൂടിൽ വെന്തുരുകി കേരളം



കനത്ത ചൂടിൽ
വെന്തുരുകി കേരളം

കേരളം കനത്ത ചൂടിൽ വെന്തുരുകയാണ് . പകല് താപനിലയ്ക്കു പുറമെ രാത്രി താപനിലയും ഉയരുകയാണ്. വേനലിന് ഇക്കുറി കാഠിന്യമേറുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ  മുന്നറിയിപ്പുനൽകുന്നു .രണ്ടു ദിവസമായി സംസ്ഥാനത്ത് പകല് താപനില 38 ഡിഗ്രി സെല്ഷ്യസ്വരെ എത്തി. ചില സ്ഥലത്ത് 40 ഡിഗ്രിയും രേഖപ്പെടുത്തി. രാത്രി താപനില 27.5 ഡിഗ്രിയിലെത്തി.കേരളത്തില് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന താപനില 41.2 ഡിഗ്രി സെല്ഷ്യസാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലായിരിക്കും കൂടുതല് ചൂട് അനുഭവപ്പെടുക.ചൂടു വർധിക്കുന്നതിനൊപ്പം ശുദ്ധജലക്ഷാമവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമാകും. ഏതാനും വർഷങ്ങളായി സൂര്യാഘാതം മൂലം പൊള്ളലേൽക്കുന്ന സംഭവങ്ങൾ കേരളത്തിൽ  വ്യാപകമായിരിക്കുകയാണ് .
. ഇതിലും ചൂടേറിയ ദിനങ്ങളാണ് ഇനി വരാനുള്ളത് എന്നാണ്   കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഫെബ്രുവരിയിൽത്തന്നെ അന്തരീക്ഷം ഇങ്ങനെ ചുട്ടുപൊള്ളാൻ തുടങ്ങിയതിനാൽ ഏപ്രിൽ, േമയ് മാസങ്ങളിൽ എന്തായിരിക്കും സ്ഥിതിയെന്ന ഭയത്തിലാണ് ജനം. പല ജില്ലകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. പതിവിലുമധികം വേനൽമഴ കിട്ടിയില്ലെങ്കിൽ കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇത്തവണ വറ്റിവരളും. വിളകൾ നശിക്കും.
വനാന്തരങ്ങളിലെ നീരുറവകൾ വറ്റിയതിനാൽ ജന്തുക്കൾ ദാഹവിവശതയോടെ നാട്ടിലേക്കിറങ്ങുന്നു. ഇതുകാരണം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കൂടും.മഴ കുറയുമ്പോഴാണ് ഭൂഗർഭജലശേഖരം ശോഷിച്ച് കുടിവെള്ളക്ഷാമവും വരൾച്ചയും ഉണ്ടാവുന്നത്. എന്നാൽ, കേരളത്തിലാകട്ടെ കഴിഞ്ഞവർഷം സാധാരണ തോതിൽ മഴ ലഭിച്ചിരുന്നു. ഇടവപ്പാതിയിലും തുലാവർഷത്തിലും നേരിയ കുറവേ ഉണ്ടായുള്ളൂ. എന്നിട്ടും നാട് വരൾച്ചയിലേക്കു നീങ്ങുകയാണ് .ഇതിനുകാരണം  ജലസംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിഞ്ഞില്ലയെന്നതുതന്നെയാണ് .
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു വൈകാരികമായി സംസാരിക്കാനല്ലാതെ അതിന്റെ ആഘാതത്തെ നേരിടുന്നതിൽ ഇനിയും കേരളത്തിന് ഒന്നും ചെയ്യാനായിട്ടില്ല.കേരളത്തിലെ വരൾച്ച ഒരുപരിധിവരെ മനുഷ്യനിർമിതമാണ്. നാം ഇടിച്ചുനിരത്തിയ കുന്നുകളും നികത്തി അപ്രത്യക്ഷമാക്കിയ ചതുപ്പുകളും വയലുകളും നീർച്ചോലകളും  കുറച്ചൊന്നുമല്ല.പ്രകൃതിക്കു നാം വരുത്തിവച്ച വിനകളാണ് കൊടുംവരൾച്ചയിലേക്കും  ഇരുണ്ട ഭാവിയിലേക്കും അതിവേഗം നമ്മെ കൊണ്ടെത്തിക്കുന്നത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: