Pages

Thursday, March 8, 2018

ത്രിപുരയിൽ കാണുന്ന അസഹിഷ്ണുത അപകടകരം



ത്രിപുരയിൽ കാണുന്ന അസഹിഷ്ണുത അപകടകരം

പ്രതിമകൾ ആദരവിന്റെ പ്രതിരൂപങ്ങളാണ്. മഹാന്മാരുടെ പ്രതിമകൾ സ്ഥാപിക്കുക പണ്ടുമുതലേയുള്ള ശീലമാണ് .ഇത്തരം  പ്രതിമകൾ അവരുടെ ആരാധകർക്കും അനുയായികൾക്കും  വളരെ പ്രധാനമാണ് .ത്രിപുരയിൽ കാൽ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിനു തിരശീല വീഴ്ത്തി ബിജെപി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്പോൾ അവിടെ നടക്കുന്ന  അതിക്രമങ്ങളും പ്രതിമാ തകർക്കലും  രാജ്യത്ത് പ്രധാന സംസാരവിഷയമാകുകയാണ് .അക്രമാസക്തിയുടെയും അസഹിഷ്ണുതയുടെയും പ്രത്യയശാസ്ത്രമായി വികസിപ്പിക്കാനാണ് ബി.ജെ.പി. ത്രിപുരയിൽ  ശ്രമിക്കുന്നത്..ലെനിനെ എതിർക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളോടു വിയോജിക്കാനും ആർക്കും അവകാശമുണ്ട്. ആശയതലത്തിലെ ആ വിമർശനം ജനാധിപത്യപരവുമാണ്. പക്ഷേ, ലെനിന്റെ പ്രതിമ തകർക്കുമ്പോൾ വിമർശനം അക്രമവും അസഹിഷ്ണുതയുമായി മാറുന്നു. അതിനെ  ആർക്കും ന്യായികരിക്കാനാവില്ല .
വിദേശനേതാക്കളുടെ പ്രതിമകൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലും അപകടം ഒളിച്ചിരിപ്പുണ്ട്. ലോകത്തിനു മഹത്തായ സംഭാവനകൾ നൽകിയ എത്രയോ വിദേശീയരായ മഹാവ്യക്തികളുടെ പ്രതിമകൾ ഇന്ത്യയിലെമ്പാടുമുണ്ട്. ലോകത്തെ പലനഗരങ്ങളിലും ഇന്ത്യക്കാരുടെ പ്രതിമകളുമുണ്ട്..ത്രിപുരയിലെ ഈ അസഹിഷ്ണുതയും ദേശീയതാവാദവും ജനാധിപത്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കുന്നതാണ് . ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിനുപിന്നാലെ തമിഴ്നാട്ടിലെ ബി.ജെ.പി. നേതാവ്  നടത്തിയ ‘പെരിയാർഇ.വി. രാമസ്വാമിനായ്ക്കരുടെ പ്രതിമ തകർക്കുമെന്ന പ്രസ്താവനഅസഹിഷ്ണുതാപ്രകടനം വ്യാപിക്കുന്നതിൻറെ തെളിവാണ്.ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ എതിർക്കുകയും യുക്തിവാദതത്ത്വങ്ങളിലൂടെ ബ്രാഹ്മണമേധാവിത്വത്തിനെതിരേ ദ്രാവിഡപ്രസ്ഥാനത്തിനു വിത്തുപാകുകയും ചെയ്ത പെരിയാറുടെ പ്രതിമയ്ക്കു നേരേയുള്ള പ്രസ്താവനയ്ക്കു പിന്നിൽ മറ്റൊരു പ്രത്യയശാസ്ത്രമാണുള്ളത്.
പ്രതിമാനിർമാണത്തിനായി ഖജനാവിൽനിന്നു കോടികൾ ഒഴുക്കുന്നവരാണ് ഇപ്പോൾ പ്രതിമതകർക്കലിനു നേതൃത്വം നൽകുന്നതെന്നതു കൗതുകകരമാണ്. ഗുജറാത്തിൽ ഭീമമായ തുക മുടക്കിയാണു സർദാർ പട്ടേലിന്റെ കൂറ്റൻ പ്രതിമ തീർത്തത്. മുംബൈ തീരത്തു ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നതിനു മഹാരാഷ്ട്ര സർക്കാർ 3600 കോടി രൂപ കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചു. നിർമാണം പൂർത്തിയാവുന്പോൾ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഇതായിരിക്കുമെന്നു കണക്കാക്കുന്നു.പ്രതിമകൾക്കുവേണ്ടി കോടികൾ മുടക്കുന്നത് ഇപ്പോഴും 30 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന ഈ രാജ്ത്താണ്  എന്ന് ഓർക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താനും ജനങ്ങളുടെ അഭിമാനബോധം ഉയർത്തിപ്പിടിക്കാനും സർക്കാരിനു കഴിയണം. ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണു ഭരണാധികാരികൾ ശ്രമിക്കേണ്ടത്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: