Pages

Friday, March 2, 2018

മനുഷ്യക്കടത്തിന് അറുതിവരുത്തണം



മനുഷ്യക്കടത്തിന് അറുതിവരുത്തണം

മനുഷ്യൻ ചെയ്യുന്ന ഏറ്റവും നിഷ്ഠുരമായ കുറ്റകൃത്യങ്ങളിലൊന്നാണ് മനുഷ്യക്കടത്ത്.മനുഷ്യരെ കടത്തിക്കൊണ്ടുപോയി മറുനാടുകളിൽ  വിൽക്കുന്ന  ക്രൂരകൃത്യം  ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അരങ്ങേറുകയാണ് .ആധുനികലോകം അവസാനിപ്പിച്ച അടിമക്കച്ചവടമാണ്  മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് .തൊഴിൽ റിക്രൂട്ട്മെന്റ് എന്ന പേരിലുള്ള തട്ടിപ്പിലൂടെ മനുഷ്യനെ വിൽക്കുന്ന ഈ ആധുനിക അടിമക്കച്ചവടത്തെ പലരും കാര്യമായി എടുക്കുന്നില്ല .വീട്ടുേവലക്കാരായും മറ്റും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്ന ഒട്ടേറെ ഇന്ത്യൻ സ്ത്രീകൾ അടിമവേലയ്ക്കും തടവിനു തുല്യമായ ജീവിതത്തിനും വിധേയരായതിന്റെ ഒട്ടേറെ.വാർത്തകളാണ് ദിവസവും കേൾക്കുന്നത്. പലരും ലൈംഗികചൂഷണത്തിനും ശാരീരികപീഡനങ്ങൾക്കും ഇരയാവുന്നു. 

നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് കുട്ടികളെ ഇന്ത്യയിലേക്ക് അടിമവേലയ്ക്കായി കൊണ്ടുവരുന്നതും പതിവാണ്.സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കൈലാസ് സത്യാർഥി 2017 സെപ്റ്റംബർ 11-ന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരതയാത്രയുടെ ലക്ഷ്യംതന്നെ ഇന്ത്യയിലെ ശിശുക്കടത്തിനെയും ശിശുലൈംഗികചൂഷണത്തെയുംകുറിച്ചുള്ള പൊതുജനാവബോധം സൃഷ്ടിക്കലായിരുന്നു,തൊഴിലിന്റെയും അനാഥസംരക്ഷണത്തിന്റെയുമൊക്കെ മറവിൽ നടക്കുന്ന നിഷ്ഠുരമായ മനുഷ്യവ്യാപാരവും ഭയങ്കരമായ ചൂഷണവും തടയുന്നതിൽ വലിയ മാറ്റം സൃഷ്ടിക്കാൻ  നിയമത്തിനു മാത്രമേ കഴിയൂ .അനാഥാലയങ്ങളിൽ സംരക്ഷിക്കാനായി കൊണ്ടുവരുന്ന കുട്ടികളിൽ പലരും മനുഷ്യക്കടത്തിന്റെ ഇരകളാണ്.
 സമഗ്രമായ നിയമവും ചട്ടങ്ങളും ഇക്കാര്യത്തിൽ അനിവാര്യമാണ്.ദേശീയതലത്തിൽ വരെ ചർച്ചയായി മാറിയ ദുബായ് മനുഷ്യക്കടത്ത് കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് 10 വർഷം തടവും മറ്റ് നാല് പ്രതികൾക്ക് ഏഴ് വർഷം തടവും ശിക്ഷ വിധിച്ചു. ആറ് പ്രതികളെ കോടതി വെറുതെവിടുകയാണ് ചെയ്തത്.കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

 മലയാളി യുവതികളെ പെൺവാണിഭത്തിനായി നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിലേക്ക് കടത്തിയെന്നതാണ് ദുബായ് മനുഷ്യക്കടത്ത് കേസ്. ദുബായിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തിയ കഴക്കൂട്ടം സ്വദേശിനിയിലൂടെയാണ് ദുബായ് മനുഷ്യക്കടത്തിനെ സംബന്ധിച്ച് പുറംലോകമറിയുന്നത്. നേപ്പാളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകളെ അവയവയക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബാലവേലയ്ക്കും ഭിക്ഷാടനത്തിനും അടിമപ്പണിക്കും വേശ്യാവൃത്തിക്കുമൊക്കെ മനുഷ്യരെ കടത്തിക്കൊണ്ടുപോയി വിൽക്കുന്ന ഈ നരാധമത്വത്തെ ചെറുക്കാനുള്ള ധീരമായ നടപടിയാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചിരിക്കുന്ന മനുഷ്യക്കടത്ത് നിരോധന-സംരക്ഷണ-പുനരധിവാസ ബിൽ. നിയമലംഘകർക്ക് ജീവപര്യന്തം തടവുവരെ ശിക്ഷയും ഉയർന്ന പിഴയും ശുപാർശചെയ്യുന്ന ബിൽ നിയമമാകുന്നത് മനുഷ്യക്കടത്തിനു വിധേയരാവുന്ന ഇരകൾക്ക് വലിയ ആശ്വാസമാകും.മനുഷ്യക്കടത്ത് (തയടല്, സംരക്ഷിക്കല്, പുനരധിവാസം) നിയമം 2018ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: