Pages

Thursday, March 1, 2018

കശാപ്പ് വിലക്ക് ആർക്കുവേണ്ടിയായിരുന്നു ?നിരോധനം പിന്നീട് എന്തിനു പിൻവലിച്ചു ?



കശാപ്പ് വിലക്ക് ആർക്കുവേണ്ടിയായിരുന്നു ?നിരോധനം  പിന്നീട് എന്തിനു പിൻവലിച്ചു ?

മോദി സര്‍ക്കാരിന്റെ  നോട്ട് നിരോധനം പോലെ അതിസാഹസികമായ  ഒരു പ്രവർത്തിയായിരുന്നു കാലിച്ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം . ഈ പ്രവർത്തിയിലൂടെ  ഒരു ഭരണാധികാരിയുടെ ഏകാധിപത്യ പ്രവണതയാണ് പ്രകടമായത് .ഇതുമൂലം നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ദേശീയതയുടെ ആത്മാവിനാണ് മുറിവേറ്റത് .രാജ്യം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച ബഹുസ്വരതയ്ക്കും വൈവിധ്യമാർന്ന ജീവിതശൈലികൾക്കും നേരെയുള്ള ഇരുണ്ട ചോദ്യംതന്നെയായിരുന്നു കശാപ്പ് നിരോധനം.ഇന്ത്യയിൽനിന്നു 30,000 കോടി രൂപയുടെ മാംസം കയറ്റുമതി ചെയ്തുകൊണ്ടിരുന്നപ്പോൾ ഉണ്ടായ നിരോധനം കയറ്റുമതിയെ ഗുരുതരമായി ബാധിക്കുകയുണ്ടായി.
 ഇന്ത്യയിലെ തുകൽവ്യവസായത്തിലും കാര്യമായി വിള്ളലേറ്റു. രാജ്യത്തു ലക്ഷക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയിൽ ജോലിചെയ്തിരുന്നത് .ലക്ഷകണക്കിന് തുകൽ തൊഴിലാളികൾ പട്ടിണിയിലായി .കശാപ്പിനായി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിന് രാജ്യം മുഴുവന്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട്  കഴിഞ്ഞ വർഷം മേയ് 26നു പുറപ്പെടുവിച്ച വിജ്ഞാപനം. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ 2017 എന്ന പേരിലായിരുന്നു പുതിയ വിജ്ഞാപനം.എന്തു ഭക്ഷിക്കണമെന്ന പൗരാവകാശത്തിന്റെ ലംഘനം കൂടിയായി ആ തീരുമാനം. സംസ്ഥാനങ്ങളോട് ആലോചിക്കാതെയും പല തലങ്ങളിൽ ചർച്ച നടത്താതെയും കേന്ദ്രം അങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതിഷേധങ്ങളേറെ ഉണ്ടാവുകയും ചെയ്തു. കശാപ്പ് നിരോധനത്തിനെതിരെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കന്നുകാലി കർഷകരും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
നിരോധനം പിൻവലിച്ചത് നല്ലതു തന്നെ , പക്ഷെ  കശാപ്പിന്റെ പേരിൽ ഭാരതത്തിൽ  നടന്ന സംഭവങ്ങൾ  ആരും മറക്കുമെന്ന് തോന്നുന്നില്ല .ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദനത്തിലും കത്തിക്കുത്തിലും ജീവൻ നഷ്ടമായ ജുനൈദ് ഖാൻ എന്ന പതിനേഴുകാരനെ ഇവിടെ ഓർമിക്കാം. ഇറച്ചി കഴിക്കുന്നവർ എന്നാക്ഷേപിച്ചാണ് ഇരുപതംഗ സംഘം ജുനൈദിനെ ആക്രമിച്ചത്. ജാർഖണ്ഡിലാവട്ടെ, പശുവിറച്ചി വാഹനത്തിൽ കടത്തിയെന്നാരോപിച്ചു ജനക്കൂട്ടം ഒരാളെ അടിച്ചുകൊല്ലുകയായിരുന്നു. കശാപ്പ് നിരോധനം വന്നശേഷമുള്ള ഈ ആക്രമണങ്ങൾ വ്യാപകപ്രതിഷേധത്തിനു കാരണമായിരുന്നു.
ഗോമാംസത്തിന്റെയും ന്യൂനപക്ഷവിദ്വേഷത്തിന്റെയും പേരിൽ നടന്ന കൊലപാതകങ്ങളും അസഹിഷ്ണുത കയ്ക്കുന്ന മറ്റ് അക്രമങ്ങളും കൊണ്ട് ഒരു വലിയവിഭാഗം ജനങ്ങൾക്കു സ്വന്തം സുരക്ഷയിൽ ആശങ്ക ജനിപ്പിച്ച സാഹചര്യമാണു.

 നിരോധനത്തിനുമുൻപേതന്നെ ഉണ്ടായിരുന്നത്. 2015ൽ, ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗോമാംസം കഴിക്കുകയും വീട്ടിൽ സൂക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ചു മുഹമ്മദ് അഖ്ലാഖ് എന്ന കർഷകനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയും മകനെ കയ്യേറ്റം ചെയ്ത് അവശനാക്കുകയും ചെയ്ത സംഭവം രാജ്യം മറന്നിട്ടില്ല. പിന്നീടുണ്ടായ കശാപ്പ് വിലക്ക് അക്രമികൾക്കു കൂടുതൽ ധൈര്യം നൽകുകയും ചെയ്തു.സർക്കാർ പുറപ്പെടുവിച്ച കശാപ്പു നിയന്ത്രണ വിജ്ഞാപനം കേരളത്തെ സാരമായി ബാധിച്ചില്ല .കശാപ്പു നിരോധനം കൊണ്ട് സർക്കാർ എന്തുനേടി ? രാജ്യത്ത്  അരാജകത്വം സൃഷ്‌ടിക്കാനും ദളിതർക്കു  ഏറെ ദുരിതമുണ്ടാക്കാനും  കഴിഞ്ഞുവെന്നുമാത്രം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: