Pages

Thursday, March 1, 2018

ഫ്ളക്സ് ബോർഡുകളിൽ നിന്ന് കേരളത്തിന് മോചനമുണ്ടാകുമോ ?



ഫ്ളക്സ് ബോർഡുകളിൽ  നിന്ന് കേരളത്തിന് മോചനമുണ്ടാകുമോ ?
കേരളത്തിൽ എവിടെത്തിരിഞ്ഞു നോക്കിയാലും ഫ്ളക്സ് ബോർഡുകൾ മാത്രം .പലവർണത്തിലും വലിപ്പത്തിലും ഗ്രാമനഗരഭേദമില്ലാതെ നിറഞ്ഞുകൊണ്ടിരിക്കുന്ന ഈ ഫ്ളക്സ് ബോർഡുകൾ  ഗുരുതരമായൊരു പരിസ്ഥിതി വിപത്തിലേക്കാണ് നാടിനെ നയിച്ചുകൊണ്ടിരിക്കുന്നത്. പോളിവിനൈൻ ക്ലോറൈഡ് കൊണ്ടു നിർമിക്കപ്പെട്ട ഫ്ളക്സ് ഷീറ്റുകളിൽ ആകർഷകമായ വർണമുദ്രണവും തെളിമയും കിട്ടുമെന്നുള്ളതുകൊണ്ടാണ് അവ  വ്യാപകമായിത്തീർന്നത്. തുണിയിലുള്ള പരസ്യബാനറുകളും കൈകൊണ്ടുള്ള എഴുത്തും അതോടെ അപ്രത്യക്ഷമാവുകയും ചെയ്തു. തുണി മണ്ണിൽ അലിഞ്ഞുചേരുന്ന നിരുപദ്രവ മാധ്യമമായിരുന്നെങ്കിൽ ഫ്ളക്സ് ഷീറ്റുകൾ അങ്ങനെയല്ല. ദ്രവിച്ചു മണ്ണടിയാത്ത അവ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും അപകടം സൃഷ്ടിക്കും. കത്തിച്ചുകളഞ്ഞാൽ കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുന്നതാണ് ഈ കൃത്രിമ പോളിമർ. നിരവധി ആരോഗ്യപ്രശ്‌നങ്ങൾ  സൃഷ്‌ടിക്കുന്ന ഫ്ലെക്സിനെ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു,
രാഷ്ട്രീയകക്ഷികളും സംഘടനകളും ആരാധനാലയ നടത്തിപ്പുകാരും വ്യാപാരസ്ഥാപനങ്ങളും മാത്രമല്ല സർക്കാർ സ്ഥാപനങ്ങളു വ്യക്തികളും വരെ ഫ്ളക്സ് ബോർഡുകൾ ഒരുതരം ഔചിത്യവുമില്ലാതെ സ്ഥാപിക്കുന്നു. ഉത്സവങ്ങളുടെയും ഉത്പന്നങ്ങളുടെയും പൊതുചടങ്ങുകളുടെയും അറിയിപ്പുകൾ വിളംബരപ്പെടുത്തുന്നു. എന്തിന്, പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും എല്ലാ വിഷയത്തിനും എപ്ളസ് കിട്ടിയ കുട്ടികൾ മുതൽ റോഡു പണിക്കു പണമനുവദിച്ച പഞ്ചായത്തംഗങ്ങൾ, എം.എൽ.എ, എം.പി, മന്ത്രിമാർ വരെയുള്ളവരെ. അഭിനന്ദിക്കുന്ന ഫ്ളക്സ് ബോർഡുകൾ പോലും കേരളത്തിലെവിടെയുമുണ്ട്. ടൺ കണക്കിന് പ്ളാസ്റ്റിക് മാലിന്യമാണ് ഇവ സൃഷ്ടിക്കുന്നത്.
പരിസ്ഥിതിക്കു ദോഷകരമായ  ഫ്ളക്സ് ഭ്രമത്തിൽ നിന്ന് നമുക്കു പുറത്തുകടക്കേണ്ടതുണ്ട്. പെട്ടെന്ന് ഫ്ളക്സ് ബോർഡുകൾ നിരോധിക്കുന്നത്  ശരിയല്ല . ബോധവൽക്കരണം അനിവാര്യമാണ് . ഈ രംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനവും ജീവിതമാർഗ്ഗവും ഇതുമൂലം പെട്ടെന്ന്  ഇല്ലാതാകാൻ  ഇടയാകരുത് .പലരും ലക്ഷങ്ങൾ വായ്പ എടുത്താണ് ഫ്ളക്സ് പ്രിന്റിങ്ങ് മെഷീനുകൾ വാങ്ങിയിരിക്കുന്നത്. ബോധൽക്കരണത്തിലൂടെ പടിപടിയായി ഫ്ളക്സ് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കണം .ഫ്ളക്സ് ഉപയോഗം മൂലം സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള അറിവ്  ജനങ്ങളിൽ എത്തിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: