Pages

Saturday, February 10, 2018

കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു



കേരളത്തിൽ
കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു

കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു സംസ്ഥാനം  രാജ്യത്തു നാലാം സ്ഥാനത്താണെന്ന നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ(എൻസിആർബി) യുടെ റിപ്പോർട്ട് കേരളീയരെ ഉത്കണ്ഠാകുലരാക്കാൻ പോന്നതാണ്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണു കേരളത്തിലേത്. ഇന്ത്യൻ ശിക്ഷാനിയമം(ഐപിസി) അനുസരിച്ചുള്ള കുറ്റകൃത്യങ്ങളാണ് ഈ കണക്കെടുപ്പിന് അവലംബമാക്കിയിരിക്കുന്നത്. അബ്കാരി, ചൂതാട്ടം, മയക്കുമരുന്നു കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കേരളമാണത്രേ ഒന്നാമത്. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നതു ന്യൂഡൽഹിയിലും രണ്ടാമതു ബംഗളൂരുവിലുമാണ്. ദളിത് വിഭാഗങ്ങൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിലും സൈബർ കുറ്റകൃത്യങ്ങളിലും ഉത്തർപ്രദേശാണു മുന്നിൽ.

സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്ത സംസ്ഥാനമായി കണക്കാക്കുന്നതു മധ്യപ്രദേശാണ്. 2016 ഫെബ്രുവരി മുതൽ 2017 ഫെബ്രുവരി വരെ 4279 സ്ത്രീകളാണ് അവിടെ മാനഭംഗത്തിന് ഇരയായത്. ഇതിൽ 2260 പേർ പ്രായപൂർത്തിയാകാത്തവരാണ്. മധ്യപ്രദേശ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഓരോ രണ്ടു മണിക്കൂറിലും അവിടെ ഒരു സ്ത്രീ മാനഭംഗപ്പെടുന്നു. കൂട്ടബലാത്സംഗങ്ങളും കുറവല്ല. സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ പെരുപ്പമാകാം, പന്ത്രണ്ടു വയസോ അതിൽത്താഴെയോ പ്രായമുള്ള പെൺകുട്ടികളെ മാനഭംഗം ചെയ്യുന്നവർക്കു വധശിക്ഷ നൽകുന്നതിനുള്ള ബിൽ മധ്യപ്രദേശ് നിയമസഭ കഴിഞ്ഞദിവസം ഐകകണ്ഠ്യേന പാസാക്കാൻ ഇടയാക്കിയത്. ഇത്തരമൊരു ബിൽ പാസാക്കുന്ന ആദ്യ നിയമസഭയാണു മധ്യപ്രദേശിലേത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വർധന സമാധാനപ്രേമികളെയെല്ലാം അസ്വസ്ഥരാക്കുന്നതാണ്. രേഖപ്പെടുത്തപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കണക്കാണ് എൻസിആർബി പ്രസിദ്ധീകരിക്കുന്നത്. അതിനാൽ, കുറ്റകൃത്യങ്ങളുടെ യഥാർഥ കണക്കിൽ ഒന്നാംസ്ഥാനം കേരളത്തിനാവണമെന്നില്ല.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങൾ പോലീസിന്റെയോ കോടതിയുടെയോ മുന്നിൽ എത്താറില്ല. ഭൂപ്രഭുക്കളും ജമിന്ദാർമാരും ഗ്രാമമുഖ്യന്മാരുമൊക്കെ കുറ്റവിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്ന രീതി അവിടെ പലയിടത്തും ഇപ്പോഴുമുണ്ട്. ന്യായവും നീതിയും പൂർണമായി ഇത്തരം വിധിപ്രസ്താവങ്ങളിലും ശിക്ഷാവിധികളിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല. ദളിതർക്കും പാവപ്പെട്ടവർക്കുമെതിരേയുള്ള പല കുറ്റകൃത്യങ്ങളും വിചാരണ ചെയ്യപ്പെടുകയോ പുറത്തുവരുകയോപോലും ചെയ്യുന്നുണ്ടാവില്ല.ഐപിസി പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവയുടെ എണ്ണം കണക്കാക്കുന്പോൾ കേരളമാണ് ഒന്നാമത്. 2016ൽ ഐപിസി അനുസരിച്ചുള്ള കേസുകളിൽ ദേശീയ തലത്തിൽ ശിക്ഷിക്കപ്പട്ടത് 46.8 ശതമാനമായിരുന്നു. അതേസമയം കേരളത്തിൽ ഇത്തരം 84.6 ശതമാനം കേസുകളിൽ ശിക്ഷയുണ്ടായെന്നു ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കേരളത്തിൽ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളോടുള്ള അക്രമങ്ങളുടെ കാര്യത്തിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതു കുറവാണു കേരളത്തിൽ. കേരളത്തിലിതു 16.7 ശതമാനമാണെങ്കിൽ ദേശീയതലത്തിൽ ഇത്തരം കേസുകളിൽ 30.7 ശതമാനവും ശിക്ഷിക്കപ്പെടുന്നു.

പണവും സ്വാധീനവും അധികാരവുമുപയോഗിച്ചു കേസിന്റെ കുരുക്കിൽനിന്നു ചിലർ രക്ഷപ്പെട്ടിട്ടുണ്ടാവും. ഒച്ചപ്പാടുണ്ടാക്കിയ പല കേസുകളിലും പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതു നാം കണ്ടിട്ടുണ്ട്. ചുരുക്കം അവസരങ്ങളിലെങ്കിലും കേസിൽ പ്രോസിക്യൂഷൻ തോറ്റുകൊടുക്കുന്നതായും പരാതി ഉയരുന്നു. കേസുകളുടെ എണ്ണം വർധിച്ചതു കേരളത്തിലെ ക്രമസമാധാന നിലവാരം മോശമായതിനാലാണെന്നു വിലയിരുത്താനാവില്ല. കേരളത്തിലെ ജനങ്ങൾ നിയമസാക്ഷരരും അവകാശങ്ങൾക്കുവേണ്ടി പൊരുതുന്നവരും നീതിനിഷേധത്തിനെതിരേ കർശനമായ നിലപാടുകൾ സ്വീകരിക്കുന്നവരുമാണ്. അഴിമതി, അക്രമം എന്നിവയോടു സന്ധിയില്ലാ സമരത്തിലേർപ്പെട്ടിരിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഏറെയുള്ള സംസ്ഥാനമാണു കേരളം. വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ വിനിയോഗത്തിലൂടെ സർക്കാർതലത്തിലുള്ള പല കള്ളക്കളികളും പുറത്തുകൊണ്ടുവരാൻ കേരളത്തിലെ വിവരാവകാശ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ പലർക്കും അസ്വസ്ഥത സൃഷ്ടിക്കുമെങ്കിലും ജനാധിപത്യത്തിന്റെ കരുത്താണ് അതിലൂടെ വ്യക്തമാകുന്നത്.

ദേശീയതലത്തിൽ 36.8 ശതമാനം മാത്രം അഴിമതിക്കേസുകൾ ശിക്ഷിക്കപ്പെടുന്പോൾ കേരളത്തിലിത് 65.3 ശതമാനമാണ്. ദേശീയതലത്തിൽ 27.1 ശതമാനം സൈബർ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടുന്പോൾ കേരളത്തിൽ 5.4 ശതമാനം മാത്രമാണു ശിക്ഷയിൽ എത്തുന്നത്. ഇതു ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.കൊടുംകുറ്റവാളികൾക്കുപോലും ജയിലിൽ സുഖവാസം സാധ്യമാകുന്ന സാഹചര്യം കുറ്റകൃത്യങ്ങൾ വർധിപ്പിക്കാതിരുന്നാലേ അദ്ഭുതമുള്ളൂ.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: