Pages

Monday, February 26, 2018

ചരിത്ര സ്മാരകങ്ങളും പൈതൃകകെട്ടിടങ്ങളും സംരക്ഷിക്കണംചരിത്ര സ്മാരകങ്ങളും പൈതൃകകെട്ടിടങ്ങളും  സംരക്ഷിക്കണം

ചരിത്രസ്മാരകങ്ങൾ നമ്മുടെ പൈതൃകസ്വത്തിൽ ഉൾപെടുന്നവയാണ് . ചരിത്രമായി നമുക്കു ചുറ്റും നിലനിൽക്കുന്ന സ്മാരകങ്ങളെയും പഴയകെട്ടിടങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തിൽ നാം വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല .യൂറോപ്യൻ രാജ്യങ്ങൾ പൈതൃകത്തിനു നൽകുന്ന  പ്രാധാന്യം ഭാരതീയർ ഉൾക്കൊള്ളണം .ഭൂമിക്കടിയിൽ പെട്ടുപോയ പുരാവസ്തുക്കളെ കണ്ടെത്തി ഗവേഷണം നടത്താനും അവ സംരക്ഷിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രത്യേക വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കേണ്ട കെട്ടിടങ്ങളും സ്ഥലങ്ങളും അവഗണനയുടെ പടുകുഴിയിലാണ്. സംസ്ഥാനത്ത് കലാ-പൈതൃക പ്രാധാന്യമുള്ള എണ്ണൂറിലേറെ കെട്ടിടങ്ങളും പ്രദേശങ്ങളുമുണ്ടെന്നു നഗര – ഗ്രാമാസൂത്രണ വകുപ്പു നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം വകുപ്പു തന്നെ മുന്നോട്ടു വച്ചിരുന്നു. എന്നാൽ, ഇവ സംരക്ഷിക്കുന്നതിനു നിലവിൽ ചട്ടങ്ങളൊന്നുമില്ല.
സംസ്ഥാനത്തു വിവിധ കാലഘട്ടങ്ങളിൽ ഭരിച്ചവരുടെ സൗന്ദര്യസങ്കൽപങ്ങളും വാസ്തുശിൽപ മികവും വ്യക്തമാക്കുന്നതാണു പല കെട്ടിടങ്ങളും. വിദേശാധിപത്യമുണ്ടായിരുന്ന കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളും സ്മാരകങ്ങളും സംസ്ഥാനത്തു പലയിടങ്ങളിലുമുണ്ട്. വിശദമായി പരിശോധിച്ചാൽ ആ രാജ്യങ്ങളുടെയും സംസ്കാരം വിളിച്ചോതുന്ന പൈതൃക സ്വത്ത് കണ്ടെത്താനാവും.ഇതിനു പുറമേ നമ്മുടെയും വിദേശരാജ്യങ്ങളുടെയും കലാസാംസ്കാരിക സങ്കൽപങ്ങൾ കൂടിച്ചേർന്ന നിർമിതികളും അറിയപ്പെടാതെ കിടക്കുന്നുണ്ട്. ദേവാലയങ്ങൾ, വീടുകൾ, പൊതുകുളങ്ങൾ, മതിൽക്കെട്ടുകൾ, മാർക്കറ്റുകൾ തുടങ്ങി ഉദാഹരണങ്ങൾ ഏറെയുണ്ട്. ചിലതെല്ലാം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. പലതും നഗരവികസനത്തിന്റെ മറവിൽ പൊളിച്ചുകഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ പഴക്കം ചെന്ന കെട്ടിടങ്ങൾക്കു പ്രാധാന്യം നൽകി അവയെ സംരക്ഷിച്ച് യശസ്സ് ഉയർത്തുമ്പോൾ, നമ്മൾ അവയെല്ലാം തുടച്ചുനീക്കി മാൾ സംസ്കാരത്തിലേക്കു മാറുന്നതു ദുഃഖകരമാണ്.
2016ലെ നഗര – ഗ്രാമ ആസൂത്രണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പൈതൃക നിർമിതികളെ സംരക്ഷിക്കുന്നതിനു ചട്ടം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നാലെ സംസ്ഥാന കെട്ടിട നിർമാണച്ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവയുടെ പരിധിയിലുള്ള പൈതൃക നിർമിതികൾ കണ്ടെത്തി കലാ പൈതൃക കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തണം. കെട്ടിടങ്ങളെ പ്രാധാന്യമനുസരിച്ചു തരംതിരിച്ചു പട്ടിക തയാറാക്കണം.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും രാജ്യാന്തര സംഘടനകളുടെയും ഫണ്ടുകൾ ഉപയോഗപ്പെടുത്തി ഇവയ്ക്കു സംരക്ഷണം നൽകാം. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടനികുതിയിൽ നിശ്ചിത ശതമാനം ‘ഹെറിറ്റേജ് കൺസർവേഷൻ സെസായി നീക്കിവച്ചാൽ പൈതൃക കെട്ടിടങ്ങളെ സംരക്ഷിക്കാനുള്ള ഫണ്ടുമാകും.
പൈതൃക പ്രാധാന്യമുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും സർക്കാർ തലത്തിൽ കണ്ടെത്തി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുക എന്നത് ഇവയെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളിലൊന്നാണ്. ടൂറിസം വകുപ്പിന്റെ പട്ടികയിൽ ഇടംപിടിക്കുന്നതോടെ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം കൂടുതൽ പേർ തിരിച്ചറിയും. പൈതൃക കെട്ടിടങ്ങളും സ്ഥലങ്ങളും നശിപ്പിക്കുന്നവർക്കു ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമനിർമാണവും വേണം.
400 വര്ഷത്തേക്ക് താജ്മഹലിനെ സംരക്ഷിക്കാുള്ള പദ്ധതി തയ്യാറാക്കാന് ഉത്തര്പ്രദേശ് സര്ക്കാറിനോട് സുപ്രീംകോടതി നിര്ദേശിച്ചു. താജ്മഹൽ വിവാദമായ സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. താജ്മഹലിനെയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമഗ്രമായ ആശയം തയ്യാറാക്കി സമര്പ്പിക്കമെന്ന് കോടതി പറഞ്ഞു. ചരിത്ര സ്മാരകമായ താജ്മഹല് ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ലെന്നും കുറഞ്ഞത് നാന്നൂറ് വര്ഷമെങ്കിലും അത് സംരക്ഷിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.താജിന്റെ പരിസര പ്രദേശങ്ങളിലുള്ള അനധികൃത സ്ഥാപനങ്ങള് ഒഴിപ്പിക്കണമെന്നും കൂടുതല് വൃക്ഷങ്ങള് നട്ടുപിടിപ്പിച്ച് താജ്മഹലിന്റെ സൗന്ദര്യം നിലനിര്ത്തണമെന്നും യു പി സര്ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല് ആവശ്യപ്പെട്ടിരുന്നു. പൈതൃക സാംസ്കാരിക സ്മാരകങ്ങള് സംരക്ഷിക്കാന് ഇറ്റലിയിൽ  പ്രത്യേക ദൗത്യസേന തന്നെയുണ്ട് .ചരിത്ര സ്മാരകങ്ങളും പൈതൃകകെട്ടിടങ്ങളും  സംരക്ഷണം നമ്മുടെ കടമയായി  ഓരോ പൗരനും കണക്കാക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: