Pages

Saturday, February 24, 2018

ആള്‍ക്കൂട്ട മാഫിയകള്‍ അഴിച്ചുവിടുന്ന സദാചാരഗുണ്ടായിസത്തിന് ഇരകളാകുന്ന ദുര്‍ബലരെ ആരു സഹായിക്കാൻ ?ആള്ക്കൂട്ട മാഫിയകള്അഴിച്ചുവിടുന്ന സദാചാരഗുണ്ടായിസത്തിന്
ഇരകളാകുന്ന  ദുര്ബലരെ ആരു സഹായിക്കാൻ ?
ആദിവാസി യുവാവിന്‍റെ അരുംകൊലയില്‍ കേരളം ലജ്ജിച്ച് തലതാഴ്ത്തി നിൽക്കുകയാണ് ,ബിഹാറിലോ, ഉത്തർപ്രദേശിലോ ഒക്കെ ദലിതരെയും ദരിദ്രരെയും അടിച്ചു കൊല്ലുന്നതിനെക്കുറിച്ച് നാം പത്രത്തിൽ വായിച്ച് രോഷാകുലരായിട്ടുണ്ട് .ഇപ്പോൾ ദൈവത്തിൻറെ സ്വന്തം നാട്ടിലും വ്യാപകമാകുന്നു .ഇനി സമ്പൂർണ്ണ സാക്ഷരതയെ കുറിച്ചും നമ്മുടെ സാംസ്‌കാരിക സമ്പന്നതയെക്കുറിച്ചും ആരും മേനി പറയരുത് .പൈതൃകത്തെ കുറിച്ച് പറയാൻ നമുക്ക് അർഹതയില്ല . ആള്‍ക്കൂട്ട ഭീകരതയില്‍ വീര്‍പ്പുമുട്ടിപ്പോയവര്‍  കേരളത്തിൽ നിരവധിയാണ് . ആദിവാസി യുവാവിനെ തല്ലിച്ചതച്ചുകൊന്ന നരാധമന്മാര്‍ വരെ ഇവിടെ നടത്തിക്കൂട്ടിയ കൂത്തുകള്‍ക്ക് ആരെയാണ് നമ്മള്‍ പഴി പറയേണ്ടത്? തീര്‍ച്ചയായും ആദ്യത്തെ ഉത്തരവാദി ഭരണകൂടം തന്നെയാണ്. ക്രമസമാധാനം നിലനിര്‍ത്താന്‍ ഈ ഓരോ സംഭവമുണ്ടായപ്പോഴും ഭരണകൂടം പരാജയപ്പെട്ടതാണ് ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ കാരണം .

 ആള്‍ക്കൂട്ട മാഫിയകള്‍ അഴിച്ചുവിടുന്ന സദാചാരഗുണ്ടായിസത്തിന് വിധേയരാക്കപ്പെടുന്നവരില്‍ കൂടുതലും സമൂഹത്തിലെ ഏറ്റവും ദരിദ്രത നേരിടുന്ന ദുര്‍ബലജനവിഭാഗങ്ങളാണ്. പൊന്നാനിയില്‍ മനോരോഗിയും നിസഹായനുമായ വൃദ്ധനെ നഗ്നനാക്കി തല്ലിച്ചതച്ചു. കണ്ണൂരിലെ കൂത്തുപറമ്പില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ പെട്ടയാളെ ആരോപിച്ച് ഒരു സാധു അന്യസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചവശനാക്കി.കൊച്ചിയില്‍ മനോരോഗിയായ സ്ത്രീയെ സമീപവാസികള്‍ നിര്‍ദയം തല്ലിച്ചതച്ചു. കേരളീയ സമൂഹത്തിന് അങ്ങേയറ്റത്തെ അപമാനം വരുത്തിവച്ച ഇത്തരം സംഭവങ്ങളില്‍ പൊലീസ് എന്ത് നടപടിയാണ് എടുത്തത്

മോഷണക്കുറ്റമാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.  മധുവിന്റെ അമ്മ വിളിച്ചുപറഞ്ഞത് എന്റെ മകന്‍ മോഷ്ടാവല്ല എന്നാണ്. ആ വാക്കുകള്‍ നാട്ടുകാരുടെ ബോധമണ്ഡലത്തില്‍ തട്ടിയില്ലല്ലോ . മുഷിഞ്ഞ വേഷം ധരിച്ച് അലഞ്ഞുനടക്കുന്ന ഏത് ദരിദ്രനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാസംഘാംഗമാണെന്നും, മോഷ്ടാവാണെന്നുമുള്ള മലയാളികളുടെ  ചിന്തകളിൽ മാറ്റം വരണം

.രോഗാതുരമായ ഒരു സമൂഹത്തിന്റെ ബഹിര്‍ഗമനമാണ്  അടുത്തകാലത്തതായി കേരളത്തിൽ കണ്ടുവരുന്നത് . പരുക്കേറ്റ് ചോരവാര്‍ന്നു കഴിയുന്ന സഹജീവിയെ കണ്ടില്ലെന്ന് നടിക്കുന്ന മലയാളി.വൃദ്ധമാതാപിതാക്കളെ നടയില്‍ തള്ളുന്ന മലയാളി.  ആള്‍ക്കൂട്ടഭ്രാന്ത്  അവസാനിപ്പിക്കാൻ  സർക്കാരിന് കഴിയണം .പാവം യുവാവിനെ തല്ലിക്കൊന്ന ആ ആൾക്കൂട്ടത്തിൽ അഭ്യസ്തവിദ്യരുണ്ടാവും, രാഷ്ട്രീയ പ്രവർത്തകരുണ്ടാവും. അരുത് എന്നു പറയാൻ ആരുമില്ലാതായിപ്പോയല്ലോ .മാനസികരോഗിയായ ഒരു സ്ത്രീയെ ഒരുകൂട്ടം മലയാളിസ്ത്രീകൾ മാറി മാറി അടിച്ചൊതുക്കുന്നത് നമ്മൾ കണ്ടതും അടുത്തിടെയാണ് .

 പോക്കറ്റടിച്ചുവെന്ന് ആരോപിച്ചു രഘു എന്ന യുവാവിനെ ഏതാനം വർഷം മുൻപ് പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ അടിച്ചു കൊന്നതും ഓർമ വരുന്നു. വിശപ്പ് സഹിക്കാനാവാതെ മധു ‘കട്ടു .കോടികൾ കക്കുന്നവരെച്ചൊല്ലി മഹാസംതൃപ്തിയോടെ കഴിയുന്നവരുടെ പ്രതിനിധികളാണ് ഈ പാവം ദരിദ്രനെ കൊന്നതെന്നോർക്കണം .നിരാലംബനും നിസ്വനുമായ ഒരു ആദിവാസിയെ തല്ലിക്കൊല്ലാൻ മടിക്കാത്തവിധം വടക്കേ ഇന്ത്യയെ പോലെ വളർന്നിരിക്കുകയാണ് കേരളം. കാടിനുള്ളിൽ പരിതാപകരമായ സാഹചര്യത്തിൽ ജീവിച്ചിരുന്ന മധുവിനെ മോഷണക്കുറ്റമാരോപിച്ചു പിടിച്ചുകെട്ടി കഠോരമായി മർദിക്കുകയാണ് നാട്ടുകാരിൽ ചിലർ ചെയ്തത്.  ആദിവാസിയുടെ സ്വാഭാവികമായ ആവാസപ്രകൃതിയിലേക്കു കടന്നുകയറി, അവരുടെ കുടിയിരിപ്പുകളും ജീവിതരീതിയും നശിപ്പിച്ച പരിഷ്കൃതസമൂഹം, അതിന്റെ അക്രമാസക്തമായ സദാചാര-നീതിഭാവന നടപ്പാക്കിയതിന്റെ ഫലമാണ് ഈ അരുംകൊല.

 ആദിവാസിജീവിതം, വിശേഷിച്ചും അട്ടപ്പാടിക്കാരുടെ ജീവിതം എത്രമേൽ നിരാലംബവും നിസ്സഹായവുമാണെന്ന് ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്ന ഈ അക്രമം ക്ഷമയർഹിക്കുന്നില്ല. സർക്കാരിൻറെ ക്ഷേമപ്രവർത്തനങ്ങൾ ഒന്നും തന്നെ  ആദിവാസി സമൂഹത്തിനു പ്രയോജനപ്പെടുന്നില്ല . പോഷകാഹാരക്കുറവു മൂലമുള്ള രോഗങ്ങളും നവജാതശിശുമരണവും മദ്യാസക്തിയും പട്ടിണിയും ചികിത്സാസൗകര്യശൂന്യതയും ഇപ്പോഴും അവിടെയുണ്ട്. ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയം അതിക്രമീച്ചിരിക്കുന്നു .പ്രൊഫ്. ജോൺ കുരാക്കാർ


No comments: