Pages

Friday, February 23, 2018

സിംഹക്കൂട്ടിൽ ചാടിയ മാനസികരോഗിയെ കണ്ട് സിംഹം ദയാപൂർവം നോക്കി നിന്നു .നാട്ടിൽ ഇറങ്ങിയ മാനസിക രോഗിയെ മനുഷ്യർ തല്ലിക്കൊന്നു .




സിംഹക്കൂട്ടിൽ ചാടിയ മാനസികരോഗിയെ  കണ്ട് സിംഹം ദയാപൂർവം നോക്കി നിന്നു .നാട്ടിൽ ഇറങ്ങിയ മാനസിക രോഗിയെ മനുഷ്യർ തല്ലിക്കൊന്നു  

അട്ടപ്പാടി മുക്കാലിയിൽ മർദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ വാർത്ത ഒരിറ്റ് കണ്ണുനീരോടല്ലാതെ ഇത് വായിക്കാൻ കഴിയില്ല.വ്യാഴാഴ്ച വൈകുന്നേരമാണു കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില് ചിലര് മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്നിന്നു സാധനങ്ങള് മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച്, ഉടുത്തിരുന്ന മുണ്ടഴിച്ചു കയ്യില് കെട്ടിയ ശേഷമായിരുന്നു മര്ദനം.സമ്പൂർണ്ണ സാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന മലയാളിയുടെ അധഃപതനത്തിന്റെ തെളിവാണ് അട്ടപ്പാടിയിൽ  ആദിവാസി യുവാവിനെ തല്ലിക്കൊന്നത് .ഇതിനുമുൻപും  വയനാട്ടിൽ ഭക്ഷണം മോഷ്ടിച്ചു കഴിച്ചു എന്ന പേരിൽ പല ആദിവാസി മനുഷ്യരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ട്. നാട്ടുകാർ ഇയാളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്. മരിക്കുന്നതിന് മുൻപ് നാട്ടുകാർ തന്നെ മർദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നൽകിയിരുന്നു.

 മാനസിക അസ്വാസ്ഥ്യമുള്ള ഇയാൾ പലപ്പോഴും കാടിനുള്ളിലാണ് താമസം.  നാട്ടുകാർ മോഷണകുറ്റമാരോപിച്ച് മധുവിനെ പിടികൂടി മർദ്ദിച്ചശേഷം മുക്കാലി ടൗണിൽ എത്തിക്കുകയായിരുന്നുപോൽ .ഒരു മാനസ്സിക രോഗിയെ മനസ്സിലാക്കാനുള്ള.വിവരം പോലും  നമ്മുടെ നാട്ടുകാർക്ക് ഇല്ലാത് പോയല്ലോ .വിശപ്പ്  സഹിക്കവയ്യാതെ അന്നം മോഷ്ടിച്ചവനെ നിഷ്കരുണമായി അടിച്ച് കൊന്ന് സെൽഫിയെടുത്ത് ആഘോഷിക്കുന്നവർ 5000 കോടി മോഷ്ട്ടിച്ച് രാജ്യംവിട്ടവരെ അറിയുന്നില്ല .ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി അരി മോഷ്ടിച്ച ആദിവാസി യുവാവ് മധുവിനെ മൃഗീയമായി തല്ലിക്കൊന്ന യുവാക്കളുടെ ആവേശം എന്ത് കൊണ്ട് കോടികൾ മോഷ്ട്ടിച്ച് വിദേശത്തു ജീവിതം ആഘോഷിക്കുന്നവർക്കെതിരെ കാണുന്നില്ല..

 ഇത്രയും കാലം മധു  കാട്ടിൽ കഴിഞ്ഞിട്ടും കാട്ടു മൃഗങ്ങൾ അവനെ അക്രമിച്ചില്ല. കാഴ്ച ബംഗ്ളാവിൽ  സിംഹക്കൂട്ടിൽ ചാടിയ മാനസികരോഗിയെ  കണ്ട് സിംഹം ദയാപൂർവം നോക്കിനിന്നതേയുള്ളൂ .നാട്ടിൽ ഇറങ്ങിയ മാനസിക രോഗിയെ മനുഷ്യർ തല്ലിക്കൊന്നു .ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും  ആര് കല്പിച്ചു കൊടുത്തു ? നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല . നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. കുറ്റവാളികളെ  ഉടൻ കണ്ടെത്തി  നിയത്തിൻറെ മുന്നിൽ  കൊണ്ടുവരേണ്ടിയിരിക്കുന്നു.



പ്രൊഫ്. ജോൺ കുരാക്കാർ








No comments: