Pages

Saturday, February 17, 2018

ഗ്രാമങ്ങൾ കേഴുന്നു ,ദുരിതത്തിൽ നിന്ന് മോചനമെവിടെ ?



ഗ്രാമങ്ങൾ കേഴുന്നു ,ദുരിതത്തിൽ  നിന്ന് മോചനമെവിടെ ?   
ഇന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് .ഭരണാധികാരികൾ ഗ്രാമങ്ങൾ സന്ദർശിച്ച് പഠിക്കണം .ഗ്രാമീണരുടെ കഴുത്ത് ഞെരിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നോട്ട് നിരോധനവും ചരക്ക് സേവനനികുതിയും ദുരിതങ്ങള്‍ ഇരട്ടിയാക്കി. കാര്‍ഷികമേഖല പരിഹാരമില്ലാതെ പ്രതിസന്ധിയില്‍. സമ്പദ്ഘടന തകര്‍ന്ന് തരിപ്പണമായി. കടക്കെണിയും ആത്മഹത്യയും നിറയുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍. .

2017 ഓഗസ്റ്റ് മാസം മഹാരാഷ്ട്ര സംസ്ഥാനത്ത് 260 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക വായ്പ എഴുതിത്തള്ളും എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് മാസം മൂന്ന് കഴിഞ്ഞു. ഇക്കാലയളവില്‍ ജീവന്‍ വെടിഞ്ഞത് 722 കര്‍ഷകര്‍. കര്‍ഷക പ്രക്ഷോഭത്തെതുടര്‍ന്ന് ജൂണ്‍ രണ്ടാം തീയതിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ എഴുതിത്തള്ളല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. നവലിബറല്‍ നയങ്ങള്‍ അപഹരിച്ചത് മൂന്ന് ലക്ഷത്തിലധികം കര്‍ഷകജീവനാണ്. മാറിമാറി വന്ന ഭരണകൂടങ്ങള്‍ കര്‍ഷകവിരുദ്ധമായിരുന്നു എന്ന് നാം തിരിച്ചറിയുകയാണ്. സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷികമേഖല നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും ക്രിയാത്മക നടപടികളിലൂടെ  പ്രശ്‌നപരിഹാരത്തിനും ശ്രമിക്കുന്നതിനു പകരം കോര്‍പ്പറേറ്റ് അനുകൂല നയങ്ങളാണ്  സര്‍ക്കാര്‍ തുടരുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ കടക്കെണിയിലും ആത്മഹത്യകളിലും അമരുകയാണ്.

. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സ്ഥിതി ഇപ്പോഴുള്ളതിലും ഭീകരമായി തുടരാനാണ് സാധ്യത . ദൈനംദിന കാര്യങ്ങള്‍ പരിമിതമായി പോലും നടത്താന്‍ നാടന്‍ പലിശക്കാരെയാണ് ഗ്രാമീണ ജനത ആശ്രയിച്ചിരുന്നത്. അവരുടെ കൊടിയ ചൂഷണത്തിനിരയായി ഗ്രാമീണ ജനത നാളുകള്‍ നീക്കി. റിസര്‍വ് ബാങ്ക് നിരവധി നടപടികളിലൂടെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങി. പല സംസ്ഥാനങ്ങളിലും സഹകരണേഖല ഗ്രാമവാസികള്‍ക്ക് ആശ്വാസമേകി..ബാങ്കുകള്‍ ചെറുകിട വായ്പകള്‍ തീരെ നിര്‍ത്തലാക്കിയത് ഗ്രാമപ്രദേശങ്ങളില്‍പോലും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വളമേകി. ഇവരും കടുത്ത ചൂഷണമാണ് തുടരുന്നത്. മൈക്രോഫിനാന്‍സിന്റെ ചൂഷണം വ്യാപകമായ പരാതികള്‍ക്കും ആത്മഹത്യകള്‍ക്കും ഇടവരുത്തിയത് പുതിയ നിയമനിര്‍മാണങ്ങള്‍ നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

സ്ഥാപനേതര വായ്പകള്‍ 1991ല്‍ 36 ശതമാനം ആയിരുന്നു. 2013 ആകുമ്പോള്‍ 44 ശതമാനമായി ഉയര്‍ന്നു. പുതിയ പരിഷ്‌കാരങ്ങള്‍ മുഖ്യ അജന്‍ഡയില്‍ നിന്നും ഗ്രാമങ്ങളെയും ഗ്രാമീണരെയും പുറത്താക്കി. . കൃഷി ഉള്‍പ്പെടെ മര്‍മ്മ പ്രധാനമേഖലകള്‍ കോര്‍പ്പറേറ്റുകളുടെ കൈകളില്‍ ഏല്‍പ്പിച്ചു. ഇനി അവര്‍ കൃഷിയിറക്കട്ടെ, ലാഭം പെരുപ്പിക്കട്ടെ.

ഇന്ത്യയില്‍ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങള്‍ ഉണ്ട്. എല്ലാ ഗ്രാമങ്ങളിലും ബാങ്ക് ശാഖകള്‍ തുറക്കണം. ഗ്രാമവികസനപദ്ധതികള്‍ ബാങ്കുകളിലൂടെ നടപ്പിലാക്കണം. ഗ്രാമീണ ജനതയുടെ വരുമാനത്തില്‍ യഥാര്‍ത്ഥ വര്‍ധനവ് ഉറപ്പുവരുത്താന്‍ പ്രാപ്തമായ വായ്പാ പദ്ധതികള്‍ നടപ്പിലാക്കണം. കാര്‍ഷികമേഖല ഉള്‍പ്പെടെ ഗ്രാമീണ വികസനത്തിന് പൊതുനിക്ഷേപം വര്‍ധിപ്പിക്കണം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാധിച്ചാലേ യഥാര്‍ത്ഥ ഗ്രാമവികസനം സാധ്യമാകൂ. ഗ്രാമീണരെ കടക്കെണിയില്‍ നിന്നും മോചിപ്പിക്കാന്‍  സര്‍ക്കാരിന് കഴിയുമോ.? ഗ്രാമീണരുടെ ദുരിതം കാണാൻ  സർക്കാർ തയാറാകുമോ ?



പ്രൊഫ്. ജോൺ കുരാക്കാർ


No comments: