Pages

Friday, February 16, 2018

കേരളം ദുരന്തനിവാരണത്തിന് സർവസജ്ജമാണോ ?



കേരളം ദുരന്തനിവാരണത്തിന് സർവസജ്ജമാണോ ?

ദുരന്തനിവാരണ രംഗത്ത് കേരളത്തിൻറെ സ്ഥാനം എവിടെയാണ് . കേരളം അനുഭവിച്ച ചെറുതും വലുതുമായ പല പ്രകൃതിദുരന്തങ്ങളെയും പ്രതിരോധിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്തുവാനും നമുക്ക് സാധിച്ചോ ? ഓഖി ദുരന്തം എന്നും കേരളത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കും .ദുരന്തങ്ങളുടെ അപായമുനമ്പിലേക്കു കേരള തീരം നീങ്ങുകയാണെന്നും സമഗ്രമായ ദുരന്തനിവാരണ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ  മുന്നറിയിപ്പു നൽകുന്നു.600 കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളം, കാലാവസ്ഥാവ്യതിയാനം ഈ തോതിൽ തുടരുന്ന സാഹചര്യത്തിൽ ഇനിയും അലംഭാവം കാട്ടരുതെന്ന മുന്നറിയിപ്പും ശാസ്ത്രസമൂഹം നൽകുന്നു. കടലോര മേഖലയെ കണ്ണീരിലാഴ്ത്തിയ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദുരന്തരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം സാധ്യമാക്കാൻ കഴിയണം
കേരളത്തിന്റെ തീരമേഖലയിൽ നാശംവിതച്ച് ചുഴലിക്കാറ്റും കടൽക്ഷോഭവും പോലുള്ള ദുരന്തങ്ങൾ ഇടയ്ക്കിടെ ഭാവിയിൽ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പു തള്ളിക്കളയാനാവില്ല. തീരദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താനും ആ അറിവു സാധാരണക്കാർക്കു  പ്രയോജനകരമാക്കാനുമുള്ള സജ്ജീകരണങ്ങൾ ഉണ്ടാകണം .കടൽ സംരക്ഷണത്തിനും ദുരന്തരക്ഷാ പ്രവർത്തനങ്ങൾക്കും കടലോരത്തെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം.രക്ഷാപ്രവർത്തനങ്ങളെല്ലാം ഒട്ടും വൈകാതെ, മലമുകളിലും ആഴക്കടലിലുമൊക്കെ ഫലപ്രദമായി എത്തുന്നതരത്തിൽ നമുക്കു ക്രമീകരിക്കാനാകണം. അതേസമയം, എത്ര ചെറിയ കാലാവസ്ഥാമാറ്റമായാലും അതു മുൻകൂട്ടി കാണാനുള്ള സൗകര്യങ്ങൾ നമുക്കുണ്ടെന്നു ശാസ്ത്രസമൂഹം ഉറപ്പു നൽകുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.
 കേന്ദ്രസേനയുടെ മാതൃകയിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രൂപീകരണം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഏകോപിത പ്രവർത്തനം, ഉപയോഗിക്കാൻ എളുപ്പമുള്ള ലൈഫ് ജാക്കറ്റുകളുടെ രൂപകൽപന തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം കേരളത്തിലെ തീരദേശ മേഖലയ്ക്ക് അനുയോജ്യമായ ബോട്ടുകൾ അനിവാര്യമാണ്.ദുരന്തങ്ങൾ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ എല്ലാ ജില്ലകളിലും പ്രതിരോധസേന രൂപീകരിക്കണം .ഏതു ദുരന്തരക്ഷാ പ്രവർത്തനത്തിലും സാധാരണക്കാർക്കാണ് ഏറ്റവും നിർണായക ദൗത്യം നിർവഹിക്കാനുള്ളതെന്നതിനാൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്തേണ്ടതുണ്ട് .അനതിവിദൂരഭാവിയിൽ ഉണ്ടാകാനിടയുള്ള ദുരന്തം നിവാരണം ചെയ്യാനുള്ള തയാറെടുപ്പുകൾ ഇപ്പോഴേ ചെയ്യണ്ടിയിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: