Pages

Tuesday, February 13, 2018

കേരളം വരൾച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു



കേരളം വരൾച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു

കേരളം വരൾച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ് .കുറെ  വർഷമായിനാട്ടിൽ  വേണ്ടത്ര മഴ കിട്ടിയിട്ടില്ല. മഴയുടെ താളം തെറ്റി. ഇക്കൊല്ലം കുറച്ചു ജില്ലകളിൽ സാധാരണ മഴ ലഭിച്ചുവെങ്കിലും വയനാട് പോലുള്ള ജില്ലകളിൽ വളരെ കുറവായിരുന്നു. കാലാവസ്ഥാമാറ്റത്തിന് ആക്കം കൂടിയിരിക്കുകയാണ് .. പല ജീവികളും സസ്യങ്ങളും പക്ഷികളും മൽസ്യങ്ങളും എണ്ണത്തിൽ കുറഞ്ഞു. പല ജീവജാലങ്ങളും കൂട്ടത്തോടെ ഇല്ലാതായേക്കാവുന്ന രീതിയിലേക്കാണു പോക്ക്.

കേരളീയർക്കു ഒരു ധാരണയുണ്ട്  "മഴ കിട്ടി, ഇനി പേടിക്കാനില്ല.  നമുക്ക് 44 പുഴകളുണ്ട്, ജലക്ഷാമമേ വരില്ല" യാഥാർഥ്യം അതല്ല. രണ്ടുമൂന്നു വർഷങ്ങളായി വേണ്ടത്ര മഴ കിട്ടിയിട്ടില്ല. അതിനാൽ മണ്ണിൽ ജലാംശം തീരെ കുറവായി. മേൽമണ്ണു ശേഖരിച്ചു വയ്ക്കുന്ന വെള്ളം ഇല്ലാതായിപ്പോയി. അതുകൊണ്ട് ഇപ്പോൾ തന്നെ ചെടികളും പുല്ലുകളും കരിഞ്ഞു. തെങ്ങുപോലുള്ള വൻ വൃക്ഷങ്ങളും കരിഞ്ഞുതുടങ്ങി. കാർഷിക ഉൽപാദനം നന്നായി കുറഞ്ഞു. പൊടിശല്യം വർധിച്ചു. ഭൂഗർഭജലത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞു.

മണ്ണ് മഴവെള്ളം കൊണ്ടു റിചാർജ് ചെയ്യണം, അതു സംഭവിക്കുന്നില്ല. മരങ്ങളും ലതകളും ചെറുചെടികളും അടിക്കാടുകളുമായി പല തട്ടുകളായി ഉണ്ടായിരുന്ന ആവാസവ്യവസ്ഥ ഇല്ലാതായി. അതോടെ പെയ്യുന്ന മഴവെള്ളം മുഴുവൻ കുത്തിയൊലിച്ചു പോകുന്നു.  ശക്തിയായി മഴപെയ്യുമ്പോൾ ആ മഴയുടെ ആഘാതം കുറച്ച്, മഴയെ പിടിച്ചുനിർത്തി പതുക്കെ മണ്ണിലേക്ക് ഇറക്കാൻ സഹായിച്ചിരുന്നതു വൃക്ഷങ്ങളുടെയും ചെടികളുടെയും പുതപ്പായിരുന്നു. അതാണു നഷ്ടമായത്. അതോടെ മണ്ണുകൂടി കുത്തിയൊലിച്ചു പോകുന്ന സ്ഥിതിയാണ്. പണ്ട് പറമ്പിൽ വീഴുന്ന ഇലകളൊക്കെ അവിടെത്തന്നെ മണ്ണോടു ചേരുമായിരുന്നു. ഇപ്പോൾ മരമില്ല, ഒരില വീണെങ്കിൽ അതു ശല്യമായി കണ്ടു കത്തിച്ചുകളയുന്നതായി ശീലം.പുതിയ വികസന കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ഇത്. കഴിയുന്നിടത്തെല്ലാം കോൺക്രീറ്റു ചെയ്യും, അല്ലെങ്കിൽ ടൈൽസ് ഇടും. വീട്ടുമുറ്റത്ത് ഒരില പോലും വീഴാൻ പാടില്ല. ഉറുമ്പ്, പ്രാണി, കീടം എല്ലാം വെറുക്കപ്പെടേണ്ടതായി. എയർകണ്ടീഷനറുകൾ ഉള്ളതിനാൽ ചൂടിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല, പൈപ്പു തുറക്കുമ്പോൾ വെള്ളം വരുന്നതിനാൽ അതും പേടിക്കേണ്ട!

ഒന്നരക്കോടി ജനത്തിനു ജീവിക്കാനുള്ള വിഭവങ്ങളേ കേരളത്തിനുള്ളൂ. കുറെ ആളുകൾ വിദേശത്തുപോയി ധനം സമ്പാദിക്കുന്നതിനാൽ നാം അത് അറിയുന്നില്ല. വേണ്ടതെല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുത്തും. വെള്ളം മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. അതിനാണു കുറവു വരുന്നത്.വെള്ളം ഉണ്ടെന്ന അഹങ്കാരവും വേണ്ട. 44 പുഴകളിലെയും ജലസമ്പത്തു ചേർത്തുവച്ചാൽ ഗോദാവരി നദിയിലെ ജലസമ്പത്തിന്റെ മൂന്നിലൊന്നേ വരൂ. പിന്നത്തെ തോന്നൽ പുഴയിലെ വെള്ളം അറബിക്കടലിലേക്കു വിടാതെ പിടിച്ചുവയ്ക്കാം എന്നാണ്. പുഴയ്ക്കു നാം കാണുന്ന ധർമങ്ങൾ മാത്രമല്ല ഉള്ളത് എന്നറിയണം. പുഴ കൊണ്ടു ചെല്ലുന്ന എക്കലുകൾ ഉള്ളതുകൊണ്ടാണു കടലിലെ പല മൽസ്യങ്ങളും ജീവികളും ഭക്ഷിക്കുന്നതും പ്രജനനം നടത്തുന്നതും.സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .പരിസ്ഥിതി സംരക്ഷണം എന്നു പറഞ്ഞു ചില കാട്ടിക്കൂട്ടലുകൾ മാത്രമേ നടക്കുന്നുള്ളൂ. എല്ലാം ഉൽസവമായി കൊണ്ടാടുന്നു; അതു കഴിഞ്ഞു മറക്കുന്നു. പരിസ്ഥിതി പഠനവും ഗവേഷണവും നടക്കുന്നുണ്ട്. എന്നാൽ, സാധാരണക്കാരായ ജനങ്ങളിലേക്ക് അതൊന്നും എത്തുന്നില്ല.

വെള്ളം പരമാവധി സംരക്ഷിക്കുക, മണ്ണിലെത്തിക്കുക, മണ്ണിന്റെ ജൈവിക സ്വഭാവം നഷ്ടമാകാതെ സൂക്ഷിക്കുക ഇതൊക്കെയും കൊച്ചുകുട്ടി മുതൽ ഏറ്റവും മുതിർന്നവർ വരെയും ചെയ്യേണ്ടതാണെന്ന ബോധം പടരണം. സർക്കാരും വെള്ളത്തിനും മണ്ണിനും ഏറ്റവും മുന്തിയ പരിഗണന നൽകണം. ഇല്ലെങ്കിൽ അതു ഭൂമിയോടും, എല്ലാ ജീവജാലങ്ങളുടെയും നാളത്തെ തലമുറയോടും ചെയ്യുന്ന മാപ്പില്ലാത്ത അപരാധമാകും. പ്രകൃതിയെ നശിപ്പിക്കാതെ അടുത്തതലമുറക്ക് കൈമാറാൻ നമുക്ക് കഴിയണം

(Ref: Dr. M Achuthan, Manorama editorial
                                   പ്രൊഫ്. ജോൺ കുരാക്കാർ

No comments: