Pages

Saturday, February 10, 2018

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല പിന്നോക്കം പോവുകയാണോ ?



കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല പിന്നോക്കം പോവുകയാണോ ?

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഏറെനാളായി ചർച്ച നടക്കുന്നുണ്ട്. പ്രഫഷണൽ വിദ്യാഭ്യാസരംഗത്തും കേരളം പിന്നോക്കം പോവുകയാണ്. വിദ്യാഭ്യാസമേഖലയിലെ മികവുകൊണ്ട് ആഗോളതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരു സംസ്ഥാനം ആ മേഖലയിൽ ഇത്രമേൽ പിന്നോക്കം പോകാൻ കാരണമെന്താണ്? അമിത രാഷ്ട്രീയവത്കരണമാണു കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല നേരിടുന്ന പ്രധാന പ്രശ്നം .കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഏറെ മാറ്റങ്ങൾക്കു വഴിതുറന്നതായിരുന്നു സ്വാശ്രയ എൻജിനിയറിംഗ് കോളജുകളുടെ ആവിർഭാവം. സംസ്ഥാനത്ത് എൻജിനിയറിംഗ് കോളജുകളുടെ എണ്ണം രണ്ടക്കത്തിലെത്താതിരുന്ന കാലത്ത് എൻജിനിയറിംഗ് പഠനത്തിനായി വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഭാരിച്ച പണച്ചെലവും മറ്റു വിഷമങ്ങളും ഉണ്ടാക്കുന്നതായിരുന്നു ആ അവസ്ഥ. ധാരാളം മലയാളിവിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിൽ റാഗിംഗിന് ഇരയാവുകയും ചെയ്തു. ഇങ്ങനെയെല്ലാം വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വിഷമങ്ങൾ നൽകിയ എൻജിനിയറിംഗ് പഠനം സ്വാശ്രയ എൻജിനിയറിംഗ് കോളജുകളുടെ വരവോടെ കേരളത്തിലേക്കു പറിച്ചുനടപ്പെട്ടു.
ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിൽ എൻജിനിയറിംഗ് കോളജുകളുടെ എണ്ണം മൂന്നക്കത്തിലെത്തി. ഇന്ന് ഇരുനൂറോളം എൻജിനിയറിംഗ് കോളജുകളിലായി അറുപതിനായിരത്തോളം സീറ്റുകൾ കേരളത്തിലുണ്ട്. എന്നാൽ, പ്രതിവർഷം ഇതിന്റെ പകുതി വിദ്യാർഥികളേ യഥാർഥത്തിൽ എൻജിനിയറിംഗ് പഠനത്തിനു യോഗ്യത നേടുന്നുള്ളൂ. ഇതുമൂലം പല എൻജിനിയറിംഗ് കോളജുകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. വിദ്യാർഥികളെ കിട്ടാൻ കോളജുകൾ തമ്മിൽ പരോക്ഷമായ മത്സരവും നടക്കുന്നുണ്ട്. അതേസമയം മികവുകൊണ്ട് അന്യസംസ്ഥാനങ്ങളിൽനിന്നോ വിദേശത്തുനിന്നോ വിദ്യാർഥികളെ ആകർഷിക്കാൻ നമ്മുടെ കോളജുകൾക്കു സാധിക്കുന്നുമില്ല. പുറമേനിന്നു വിദ്യാർഥികൾ കേരളത്തിലേക്കു വരണമെങ്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇവിടെ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതിനായുള്ള ശ്രമങ്ങൾക്കു സർക്കാരിന്റെയും സംസ്ഥാനത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. പക്ഷേ, എന്താണു കേരളത്തിൽ നടക്കുന്നത്?
രാഷ്ട്രീയ പാർട്ടികൾ സ്പോൺസർ ചെയ്യുന്ന വിദ്യാർഥിസംഘടനകളുടെയും അധ്യാപക സംഘടനകളുടെയും താളത്തിനൊത്തു സർക്കാരും ഭരണാധികാരികളും തുള്ളിയാൽ എങ്ങനെയാണു വിദ്യാഭ്യാസരംഗം പുഷ്ടി പ്രാപിക്കുക? സർവകലാശാല അക്കഡേമിക് മികവിന്റെ കേന്ദ്രമായി മാറണമെങ്കിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം. അല്ലെങ്കിൽ, ഒരു വിഷയത്തിലും അവഗാഹമില്ലാത്ത വെറും ബിരുദധാരികളുടെയോ, കോഴ്സ് പൂർത്തിയാക്കുക മാത്രം ചെയ്തവരുടെയോ യുവനിരയാകും കേരളത്തിലുണ്ടാവുക. അതുളവാക്കുന്ന പ്രശ്നങ്ങൾ ഏറെയായിരിക്കും.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: