Pages

Tuesday, December 19, 2017

വയോജന ജീവിതം സുരക്ഷിതമാകണം



വയോജന ജീവിതം 
 സുരക്ഷിതമാകണം

ലോകത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ; 60 വയസ്സിനു മുകളിലുള്ള പത്തര കോടിയോളം വയോജനങ്ങൾ രാജ്യത്തുണ്ട്. ചൈനക്കാണ് ഒന്നാം സ്ഥാനം . രാജ്യത്ത് വയോജനങ്ങള്‍ പൊതുവെ അവഗണിക്കപ്പെടുന്നെന്നും അവര്ക്ക്  അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിലും വയോജനങ്ങൾ സുരക്ഷിതരല്ല .പല കാരണങ്ങളാലും വീട്ടിൽ ഒറ്റയ്ക്കു താമസിക്കേണ്ടിവരുന്ന വയോജനങ്ങളുടെ കാര്യമാണ് ഏറ്റവും കഷ്ടം. ഉറക്കമില്ലാത്ത രാത്രികളിലൂടെയും അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള നൂറുനൂറ് ആധികളിലൂടെയുമാണ് അവരുടെ ജീവിതം. .ഏതാനം മാസം മുൻപ് തിരുവനന്തപുരത്തെ ഒരു വീട്ടിൽനിന്ന് ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപതുകാരന്റെ ജഡം കണ്ടെടുക്കുകയായിരുന്നു. അകത്തുനിന്നു പൂട്ടിയ വീട്ടിലെ രണ്ടര മാസം പഴക്കമുള്ള ആ ജഡം വയോജനസുരക്ഷയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്.  യുഎസിൽ നിന്നെത്തിയ മകൻ മുംബൈയിലെ ഫ്ലാറ്റിൽ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്തെത്തന്നെ ഞെട്ടിച്ചതാണ്. 2013ൽ, ബെംഗളൂരു നഗരമധ്യത്തിലെ മാളികയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയുടെ മരണം പുറംലോകമറിഞ്ഞത് ഏഴു മാസത്തിനു ശേഷമായിരുന്നു.

 കേരളത്തിലെ ജനസംഖ്യയിൽ 42 ലക്ഷത്തോളം പേർ വയോജനങ്ങളാണ്. 2050 ആകുമ്പോഴേക്കും അവരുടെ സംഖ്യ ഒരു കോടിയോളമാകുമെന്നാണു നിഗമനം. മുതിർന്ന പൗരന്മാരിൽ കൂടുതലും സ്ത്രീകളാണെന്നതു കേരളത്തിന്റെ പ്രത്യേകതയാണ്; അവരിൽ വലിയ പങ്കു ഭർത്താവു മരിച്ചുപോയവരുമാണ്.ചികിത്സ കിട്ടാതെയും അവഗണനയുടെയും ഫലമായി വയോജനങ്ങള്‍ കഷ്ടപ്പെടുന്നതും മരിക്കുന്നതും ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ് .വയോജനങ്ങളെയും മാതാപിതാക്കളെയും സംരക്ഷിക്കുന്നതിനുള്ള നിയമം 2007ല്‍ പാർലമെൻറ് പാസാക്കി. ആ നിയമം കേരളത്തില്‍ 2008 ആഗസ്തുമുതല്‍ നടപ്പാക്കി. വയോജനങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും സർക്കാർ  ക്രിയാത്മകമായി ഇടപെടണം .പാവപെട്ട വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായുള്ള നൂതന പദ്ധതികള്‍ അനിവാര്യമാണ് .കേരള സർക്കാരിന് വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഒട്ടേറെപദ്ധതികളുണ്ട് . വയോജനസംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന ട്രിബ്യൂണലുകൾ  കൂടുതല്‍ ഫലപ്രദമാകണം .ജീവിതസന്ധ്യയിലെത്തിയവർക്കു ശാന്തിയും സുരക്ഷയും നൽകാൻ സമൂഹത്തിനു കടമയുണ്ട് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: