Pages

Wednesday, December 27, 2017

ഓഖി ചുഴലിക്കാറ്റ്: പഠിക്കാനുണ്ട്, ഒരുപാട്



ഓഖി ചുഴലിക്കാറ്റ്: 
പഠിക്കാനുണ്ട്, ഒരുപാട്
മുരളി തുമ്മാരുകുടി,
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ  
ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകൻ)
ഒരു മാസമായി ഓഖി എന്നു പേരിട്ട ചുഴലിക്കാറ്റ് കേരളതീരത്തു വീശിയിട്ട്. തീരത്തു കാറ്റിന്റെ ശക്തികുറഞ്ഞ രൂപമാണ് എത്തിയത്. എന്നാൽ കടലിൽ അങ്ങനെയായിരുന്നില്ല, അതുകൊണ്ടു ഭൂരിഭാഗം മരണങ്ങളും സംഭവിച്ചതു കടലിലാണ്. ഇതുവരെ എൺപതോളം പേർമരിച്ചു. കുറെപ്പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വള്ളങ്ങൾ,‌ ബോട്ടുകൾ തുടങ്ങിയവയും നശിച്ചു. രാജ്യാന്തരതലത്തിലെ വൻദുരന്തങ്ങളുടെ വലുപ്പവും തീവ്രതയും നോക്കിയാൽ ഓഖി വലിയൊരു കാറ്റ് അല്ല. ഒറ്റ ദിവസം പതിനാറു രാജ്യങ്ങളിൽ രണ്ടുലക്ഷത്തി അറുപതിനായിരം പേരെ കൊന്നൊടുക്കിയ സൂനാമി നമുക്ക് ഓർമയുണ്ട്. 2010 ഹെയ്ത്തിയിലുണ്ടായ 36 സെക്കന്റ് നീണ്ട ഭൂകമ്പത്തിൽ 215000 ആളുകളാണു മരിച്ചത്. ഓഖിയുടെ വേഗവും കുറവായിരുന്നു. മണിക്കൂറിൽ ഇരുന്നൂറു കിലോമീറ്ററിലും അധികമുള്ള കാറ്റുകൾ കഴിഞ്ഞ പതിറ്റാണ്ടിൽ ഒട്ടേറെയുണ്ടായിട്ടുണ്ട്.
എന്നാൽ മരണസംഖ്യ കുറഞ്ഞതുകൊണ്ട് ഓഖി ദുരന്തമല്ലാതാകുന്നില്ല. ഐക്യരാഷ്ട്രസംഘടനയുടെ നിർവചനപ്രകാരം ചുറ്റുവട്ടത്തുള്ള സംവിധാനങ്ങൾക്കു കൈകാര്യം ചെയ്യാൻ പറ്റാത്തതെന്തോ, അതാണു ദുരന്തം. ദുരന്തം ചില വിലയിരുത്തലുകളിലേക്കു നമ്മെ നയിക്കും. അമേരിക്കയിൽ ഇരുന്നൂറു കിലോമീറ്ററിനു മുകളിൽ വേഗമുള്ള കാറ്റുകൾ തുടരെ സംഭവിച്ചിട്ടും കേരളത്തിലുണ്ടാകുന്ന ഒച്ചപ്പാടുകൾ അവിടെയില്ല. സർക്കാരും ജനങ്ങളും മാധ്യമങ്ങളും അതിനു തയാറെടുത്തതിലാലാണ് ഇത്. ഓഖി എന്ന സംഭവം ഭാവിദുരന്തങ്ങളെ തടുക്കാനുള്ള പാഠങ്ങൾ പഠിക്കാനുള്ള അവസരമാണ്.ദുരന്തസാക്ഷരതയുടെ ആവശ്യം ശക്തമാകുകയാണ്. ദുരന്തത്തെക്കുറിച്ചും അതിന്റെ ലഘൂകരണത്തെക്കുറിച്ചുമൊക്കെ ഞാൻ എഴുതിത്തുടങ്ങിയിട്ടു പത്തു വർഷമായി. എന്നിട്ടും ഓഖിക്കുശേഷമുണ്ടായ ചർച്ചകൾ ശാസ്ത്രത്തെ മുൻനിർത്താത്തതും മുൻവിധികൾ നിറഞ്ഞതും വികാരപരവുമായിരുന്നു. ഇത്തരം ചർച്ചകൾക്കു ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നതു പൊതുസമൂഹത്തിന്റെ ദുരന്തസാക്ഷരത കുറവായതിനാലാണ്. മനോരമ കഴിഞ്ഞ ആഴ്ചയിൽ പ്രസിദ്ധീകരിച്ച പരമ്പര മറ്റുള്ള മാധ്യമറിപ്പോർട്ടുകളിൽനിന്നു വ്യത്യസ്തമാകുന്നത് ഇതുകൊണ്ടാണ്. ഇതു തുടരണം. ദുരന്തകാലത്തു മാത്രമല്ല ദുരന്തം ഇല്ലാത്ത കാലത്തും മാധ്യമങ്ങൾ വിഷയത്തെപ്പറ്റി എഴുതണം, ജനങ്ങൾ ശ്രദ്ധിക്കുകയും വേണം.
മനോരമയുടെ പരമ്പരയിൽ പറയുന്ന ഒരു കാര്യം നാം സാധാരണ ശ്രദ്ധിക്കാറില്ല. വെള്ളപ്പൊക്കം മുതൽ കാട്ടുതീ വരെ പല ദുരന്തസാധ്യതകൾ ഉള്ള സ്ഥലം ആണ് കേരളം. അവിടെ നാം ഇന്നലെ സംഭവിച്ച ദുരന്തത്തെ മാത്രം കേന്ദ്രീകരിച്ചു നാളത്തെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ നടത്തരുത്. ഓഖിക്കുശേഷം കേരളത്തിൽ ചിലപ്പോൾ സംഭവിക്കുക ഒരു തീപിടിത്തമാകാം. കേരളത്തിൽ ഗ്രാമങ്ങളിലുൾപ്പെടെ ഫ്ലാറ്റുകൾ ഉയരുകയാണ്. തീപിടിത്തം തുടങ്ങിയകാര്യങ്ങളിൽ ഫ്ലാറ്റുകളിൽ സുരക്ഷ ഉറപ്പാക്കണം.
കടലിൽ പോകുന്നവർക്കു റജിസ്റ്റർ ചെയ്യാനായി ഒരു ആപ്പ് കേരളത്തിൽ ഉണ്ടെങ്കിലും ഇത് ഉപയോഗിക്കുന്നവർ കുറവാണെന്നു മനോരമയുടെ ലേഖനം പറയുന്നു. ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നുണ്ട്. കേരളത്തിൽ ആദ്യം മൊബൈൽഫോൺ ഉപയോഗിക്കാൻ തുടങ്ങിയവരിൽ മൽസ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. കടലിൽത്തന്നെവച്ചു കരയിലെ മീൻവില അറിയാൻ ഇപ്രകാരം അവർക്കു സാധിച്ചു. കൂടുതൽ വിലയുള്ള തീരത്തേക്കു വള്ളം തിരിച്ചുവിടാൻ അവർക്കുപറ്റി, കുറച്ചു സമയത്തിനകം ഫോണിനു മുടക്കിയ കാശ് മുതലാകുകയും ചെയ്തു. ഇത്തരത്തിൽ സാമ്പത്തികമായ ലാഭം ഉണ്ടെങ്കിൽ ഏതു പുതിയ സാങ്കേതിക വിദ്യയും ആളുകൾ ഏറ്റെടുക്കും.കടലിൽപോകുമ്പോൾ റജിസ്റ്റർ ചെയ്യുന്നതിന്റെ അനന്തരഫലങ്ങൾ പലതാണ്. കേരളത്തിനടുത്തുകൂടി ആയിരക്കണക്കിനു കപ്പലുകൾ പ്രതിവർഷം എണ്ണ കയറ്റി പോകുന്നുണ്ട്. കടൽക്കൊള്ളക്കാരുടെ ശല്യം കാരണം ഇവയിൽ പലതും തീരത്തോടു കുറഞ്ഞ അകലം പാലിച്ചാണു പോകുന്നത്. ഇത്തരം കപ്പലുകളിൽ അപകടം പറ്റി കടലിൽ എണ്ണ പരന്നാൽ അതു തീരത്തെ ബാധിക്കും, മാസങ്ങളോളം മീൻപിടിത്തം മുടങ്ങും. ഇങ്ങനെയുണ്ടാകുന്ന നഷ്ടം നികത്താൻ കപ്പൽ കമ്പനി ബാധ്യസ്ഥരാണ്. പക്ഷേ എത്ര ബോട്ടുകൾ പ്രതിദിനം കടലിൽപോകുന്നു, എത്ര വരുമാനം അവർക്കു ലഭിച്ചിരുന്നു തുടങ്ങിയ തെളിവുകൾ അവർക്കു കൊടുക്കാൻ നമുക്കു പറ്റണം. ഇപ്പോഴത്തെ സ്ഥിതിയിൽ ഇതു സാധ്യമല്ല, മൽസ്യത്തൊഴിലാളികൾക്കു കനത്തനഷ്ടം സംഭവിക്കുകയും ചെയ്യും.
ദുരന്തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ വരുന്നവർഷം കേരളത്തിൽ ഒരു ദുരന്തമുണ്ടാകുമോ എന്ന് എനിക്കിപ്പോൾ പറയാൻ സാധിക്കില്ല. പക്ഷേ ഒരുകാര്യം ഉറപ്പായി പറയാം, 2018 ജനുവരി ഒന്നിനു ജീവനോടെ ഇരിക്കുന്നവരിൽ എണ്ണായിരം പേർ ഉറപ്പായും 2019 ജനുവരി ഒന്നിനു ജീവിച്ചിരിപ്പുണ്ടാകില്ല. അവരിൽ ഒരാൾ ഞാനോ നിങ്ങളോ ആയിരിക്കാം. പലതരത്തിലുള്ള അപകടങ്ങളിൽപെട്ട് എണ്ണായിരത്തോളം മലയാളികളാണു പ്രതിവർഷം കാലമെത്താതെ മരിക്കുന്നത്. തട്ടിപ്പു പ്രചാരണങ്ങൾക്കു കൊടുക്കുന്നതിന്റെ പത്തിലൊന്നു ശ്രദ്ധ ഇക്കാര്യത്തിൽ ചെലുത്തിയാൽ എത്ര ജീവനുകൾ നമുക്കു രക്ഷിക്കാം.

Prof. John Kurakar

No comments: